ഡിസംബർ ഫെസ്റ്റ് നഗരി തുറന്നു; മേള ഉദ്ഘാടനം ഇന്ന്
text_fieldsപെരിന്തൽമണ്ണ: ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിെൻറ ഭാഗമായി പെരിന്തൽമണ്ണയിൽ മാധ്യമവും സഫാ ജ്വല്ലറിയും സംഘടിപ്പിക്കുന്ന ഡിസംബർ ഫെസ്റ്റ് നഗരി ജില്ലാ കലക്ടർ ടി. ഭാസ്കരൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഡിസംബർ 27 വരെ നീളുന്ന മേളയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് ടൂറിസം മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് അധ്യക്ഷത വഹിക്കും. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ എം. മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തും.
വെള്ളിയാഴ്ച വൈകീട്ട് നടന്ന നഗരി തുറക്കൽ ചടങ്ങിൽ പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ മുഹമ്മദ് സലീം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ, നഗരസഭ കൗൺസിലർമാരായ പി. വിജയൻ, കെ.ടി. ഹന്ന, കെ.പി. ആസ്യ, നിഷ സുബൈർ, മൈമൂന പട്ടാണി, അലീന മറിയം, മാധ്യമം ജനറൽ മാനേജർ എ.കെ. സിറാജ് അലി, സഫാ ജ്വല്ലറി മാനേജിങ് ഡയറക്ടർ കെ.ടി.എം.എ. സലാം, ഫെസ്റ്റ് ജനറൽ കൺവീനർ കെ. അബ്ദുറഹ്മാൻ, മാധ്യമം ന്യൂസ് എഡിറ്റർ എം. സുരേഷ്കുമാർ, റെസിഡൻറ് മാനേജർ കെ.വി. മൊയ്തീൻ കുട്ടി, പ്രൊഡക്ഷൻ മാനേജർ പി. സുരേന്ദ്രൻ, പി.ആർ അസി. മാനേജർ റഹ്മാൻ കുറ്റിക്കാട്ടൂർ, വ്യാപാരി പ്രതിനിധികളായ ഇമേജ് ഹുസൈൻ, കെ. സുബ്രഹ്മണ്യൻ, എൻ. മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.
വിജ്ഞാനത്തിെൻറയും വിനോദത്തിെൻറയും വ്യാപാരത്തിെൻറയും സാധ്യതകൾക്ക് വഴിയൊരുക്കുന്ന മേളയുടെ പവിലിയനുകളും ഷോപ്പിങ് സ്റ്റാളുകളും മാനത്തുമംഗലം ബൈപാസിലാണ് ഒരുക്കിയിട്ടുള്ളത്. വിവിധ വാണിജ്യ സ്ഥാപനങ്ങളുടെ ബ്രാൻഡഡ് ഷോറൂമുകളും നഗരിയിൽ തുറക്കുന്നുണ്ട്.
ശനിയാഴ്ച മുതൽ എല്ലാ ദിവസവും വൈകീട്ട് കലാ–സാംസ്കാരിക–വിനോദ പരിപാടികൾ ആറോടെ ആരംഭിക്കും. ശനിയാഴ്ച മീഡിയവൺ എം80 മൂസയിലെ താരങ്ങളെ അണിനിരത്തി കോമഡി ഷോയും ഞെരളത്ത് ഹരിഗോവിന്ദെൻറ ഇടയ്ക്ക വാദനവും അരങ്ങേറും. 20ന് ഹിന്ദി സിനിമയിലെ ജനപ്രിയഗാനങ്ങൾ കോർത്തിണക്കി നിഷാദ്, സൗരവ്, കിഷൻ, കീർത്തന, അരുൺ കുമാർ എന്നിവർ ആലപിക്കുന്ന ‘യാഥേൻ’ സംഗീത പരിപാടി അരങ്ങേറും. മേളക്കെത്തുന്നവരുടെ വാഹനങ്ങൾ പ്രധാന ഗേറ്റിന് എതിർവശത്തെ തറയിൽ ബസ്റ്റാൻഡിലും പരിസരത്തും പാർക്ക് ചെയ്യാമെന്ന് ജനറൽ കൺവീനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
