മണിയറയിൽ നിന്ന് തടവറയിലായ ആദിവാസി യുവാക്കൾ മുപ്പതോളം
text_fieldsകൽപറ്റ: ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ തടയുന്ന നിയമം (പോക്സോ) പ്രത്യേക സാഹചര്യത്തിൽ ചുമത്തപ്പെട്ട് വയനാട്ടിലെ രണ്ട് ജയിലുകളിലും അകപ്പെട്ടത് മുപ്പതോളം ആദിവാസി യുവാക്കൾ. മാനന്തവാടി ജില്ലാ ജയിലിലെ പട്ടികവർഗക്കാരായ 22 തടവുകാരിൽ ഭൂരിഭാഗവും പോക്സോ ചുമത്തപ്പെട്ടവരാണ്. വൈത്തിരി സബ് ജയിലിൽ 25 പട്ടികവർഗക്കാരിൽ 15ഓളം പേരും ഇത്തരത്തിലുള്ളവർ. എല്ലാവരും 19–25 പ്രായപരിധിക്കുള്ളിലുള്ളവർ. ബാക്കിയുള്ള പ്രായം ചെന്നവരാകട്ടെ വിവിധ അബ്കാരി കേസുകളിൽ പെട്ടവരുമാണ്.
ആചാരപ്രകാരം വിവാഹം കഴിച്ചതിെൻറ പേരിൽ പണിയയുവാക്കൾക്കുമേൽ പോക്സോ നിയമം ചുമത്തപ്പെടുകയും ജാമ്യംപോലുമില്ലാതെ ജയിലിൽ കഴിയുന്നതും സംബന്ധിച്ച് ‘മാധ്യമം’ വ്യാഴാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പണിയ വിഭാഗത്തിൽ പെണ്ണും ചെറുക്കനും ഇഷ്ടപ്പെട്ടാൽ ഒന്നിച്ചു താമസിക്കുകയാണ് ചെയ്യുക. പെൺകുട്ടി വയസ്സറിയിച്ചാൽ ചെറുക്കനോടൊപ്പം താമസിക്കുകയാണ് രീതി. പെൺകുട്ടിക്ക് 18 വയസ്സ് തികയാത്തതിനാൽ പൊലീസ് പോക്സോ നിയമപ്രകാരം യുവാക്കൾക്കെതിരെ കേസെടുക്കുകയാണ് ചെയ്യുന്നത്. ഭാര്യ ഗർഭിണിയാകുമ്പോൾ ഭർത്താവിനൊപ്പം ഡോക്ടറുടെ അടുത്ത് ചികിത്സക്കെത്തും.
പെൺകുട്ടിക്ക് പ്രായം തികഞ്ഞിട്ടില്ല എന്നറിയുന്ന ഡോക്ടർ നിയമപ്രശ്നങ്ങൾ ഭയന്ന് വിവരം പൊലീസിനെ അറിയിക്കുന്ന സംഭവങ്ങളുമുണ്ട്. ഇതോടെ ഭർത്താവ് ജയിലിലാവുന്നു. ഇത്തരം കേസുകൾ ജില്ലാ ജഡ്ജിക്ക് മുമ്പിൽ നേരിട്ടാണ് എത്തുക. ജാമ്യത്തിന് ഈട് നൽകാൻ സ്വന്തം ആധാരം വേണം. ഇതില്ലാത്തതിനാൽ ജാമ്യം ലഭിക്കാതെ വിചാരണ തടവുകാരായി കഴിയുന്ന നിരവധി ആദിവാസി യുവാക്കളുമുണ്ട്. കാര്യമറിയാത്ത ആദിവാസികളെ നിയമം പിടികൂടുന്നത് വൈരുധ്യമാണെന്ന് ആദിവാസി ഗോത്രമഹാസഭ കോഓഡിനേറ്റർ എം. ഗീതാനന്ദൻ പ്രതികരിച്ചു.
സമുദായാചാര പ്രകാരം വിവാഹം കഴിച്ചവരാണെന്ന പെൺകുട്ടിയുടെ മൊഴി കണക്കിലെടുക്കണമെന്ന് ആദിവാസികളുടെ കേസുകളുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പ്രവർത്തിക്കുന്ന അഡ്വ. മരിയ പറഞ്ഞു. പോക്സോ കേസുകളിൽ ഇടപെടാൻ തങ്ങൾക്ക് കഴിയില്ലെന്ന് വയനാട് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി ഉത്തമൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
