തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് ഹൈകമാൻഡിന് കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കത്ത് അയച്ചെന്നത് വ്യാജ പ്രചരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കത്തിനെക്കുറിച്ച് തനിക്കറിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും പറഞ്ഞു. രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കത്തയിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സുധീരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതിച്ഛായ നഷ്ടമായെന്നും സംസ്ഥാനത്ത് അഴിമതി വ്യാപകമായെന്നും കാണിച്ച് രമേശ് ചെന്നിത്തല കോൺഗ്രസ് ഹൈകമാൻഡിന് അയച്ച കത്ത് എക്കണോമിക്സ് ടൈംസ് പത്രമാണ് പുറത്തുവിട്ടത്. കത്തിെൻറ പകര്‍പ്പ് പുറത്തുവന്നതോടെ നേതാക്കളെ കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവരെയാണ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹി ചര്‍ച്ച നേരത്തേ തീരുമാനിച്ചതാണെന്ന് സുധീരൻ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് ഉമമൻചാണ്ടി സർക്കാറിനെതിരെ രൂക്ഷ വിമർശമുള്ളത്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ യു.ഡി.എഫ് സര്‍ക്കാറിനു പങ്കുണ്ട്. അഴിമതി, പക്ഷപാതം തുടങ്ങിയ ആരോപണങ്ങള്‍ സര്‍ക്കാറിനെതിരെ വ്യാപകമാണ്. ഹിന്ദുക്കള്‍ വലിയ അളവില്‍ യു.ഡി.എഫിനെതിരെ വോട്ടു ചെയ്തു. നായര്‍ വിഭാഗം കേരളത്തില്‍ മുമ്പ് കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എല്‍.ഡി.എഫുമായും ബി.ജെ.പിയുമായും അടുത്തു കൊണ്ടിരിക്കുന്നു. ഈഴവര്‍ ബി.ജെ.പിയുമായി കൈ കോര്‍ക്കുകയാണെന്നും കത്തിൽ പറയുന്നു.
കേരളത്തില്‍ ബി.ജെ.പി ശക്തി ആര്‍ജ്ജിക്കുകയാണെന്നും ഇതു തടയാന്‍ തൊലിപ്പുറത്ത് ചികിത്സ പോരാ, ശസ്ത്രക്രിയ തന്നെ വേണ്ടിവരും. ബി.ജെ.പിയുടെ വളര്‍ച്ച വിശദമായി പഠിക്കണം. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം ഇത് ആശങ്കാജനകമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി രണ്ടാമത്തെ പാര്‍ട്ടിയായി. സംസ്ഥാനത്തുടനീളം മികച്ച വിജയം നേടി. പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അക്കൗണ്ട് തുറന്നു. സംസ്ഥാനത്ത് അവര്‍ വലിയ ശക്തിയായി വളരുകയാണ്. യു.ഡി.എഫ് ഭരണത്തിലെ ന്യൂനപക്ഷ മേല്‍ക്കോയ്മ ബി.ജെ.പി മുതലെടുക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസ് വേണ്ടപോലെ സംഘടനാ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.