വീട് ജപ്തിഭീഷണിയിൽ; ബുദ്ധിമാന്ദ്യമുള്ള കുട്ടികളുമായി മോളി പെരുവഴിയിൽ
text_fieldsകോഴിക്കോട്: നിസ്സഹായതയുടെ വഴിയിൽ ഈ മക്കളുടെ കൈകൾ പിടിച്ച് എങ്ങോട്ട് നടക്കണമെന്ന് മോളിക്കറിയില്ല. ദൈവം തന്ന രണ്ട് പെൺമക്കളും ബുദ്ധിമാന്ദ്യത്തിെൻറ പിടിയിലായപ്പോഴും ഭർത്താവ് ബൈക്കപകടത്തിൽ മരിച്ചപ്പോഴും വെല്ലുവിളികളെ നേരിട്ടു. എന്നാലിപ്പോൾ വീടിന് ജപ്തിഭീഷണിയിലായതോടെ തെരുവിലിറക്കപ്പെടുമെന്ന ആധിയിലാണ് മോളി. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ മാത്രമല്ല പക്ഷാഘാതം വന്ന് കിടപ്പായ അമ്മയുടെ അനുജത്തിയെയും സംരക്ഷിക്കേണ്ട ബാധ്യതയുമുണ്ടിവർക്ക്. കാരണം, അവർ നൽകിയ മൂന്നര സെൻറ് ഭൂമിയിലാണ് മോളിയും കുട്ടികളും വീടുവെച്ച് താമസിക്കുന്നത്.
മക്കളായ ഐശ്വര്യ മുരളി (22) അരുന്ധതി മുരളി (17) എന്നിവർ ജന്മനാ ബുദ്ധിവൈകല്യമുള്ളവരാണ്. ദേവഗിരിയിലെ ആശാകിരൺ സ്കൂളിലെ വിദ്യാർഥികളാണിവർ. കുന്ദമംഗലം എസ്.ബി.ടിയിൽ നിന്ന് 4,15,000 രൂപ വായപയെടുത്ത വകയിലാണ് ഇവർക്ക് നാല് ലക്ഷം രൂപ ബാധ്യത. 2,62,000 രൂപ ഇതിനകം അടച്ചെങ്കിലും പലിശയും പിഴപ്പലിശയുമായി കടം 4,97,000 രൂപയായി. കഴിഞ്ഞ ദിവസം നടന്ന അദാലത്തിലാണ് നാല് ലക്ഷം രൂപ നിശ്ചിത തീയതിക്കകം അടക്കാൻ ഉത്തരവായത്. അല്ലെങ്കിൽ വീടും പറമ്പും ബാങ്ക് ജപ്തി ചെയ്യും.
ചാത്തമംഗലം കപ്രംതൊടികയിലാണ് മോളിയുടെ വീട്. 2011 ജൂലൈ 16ന് കളൻതോടുണ്ടായ ബൈക്കപകടത്തെ തുടർന്നാണ് നാടക പ്രവർത്തകനായിരുന്ന ഭർത്താവ് മുരളി മരിച്ചത്. ഇതോടെ ബുദ്ധിമാന്ദ്യമുള്ള രണ്ട് മക്കളുടെയും മോളിയുടെയും ജീവിതം ദുരിതത്തിലായി. പ്രണയവിവാഹമായിരുന്നതിനാൽ ബന്ധുക്കൾ ഇവരെ നേരത്തെ കൈയൊഴിഞ്ഞതായിരുന്നു. വിധവയായതോടെ സഹായിക്കാനും സംരക്ഷിക്കാനും ആരുമില്ലാതായി. മെഡി.കോളജ് ആശുപത്രിയിൽ അറ്റൻഡർ ജോലിയുള്ളതിനാൽ മക്കളെ പട്ടിണി കൂടാതെ പോറ്റാൻ കഴിഞ്ഞു. സൊസൈറ്റിയിൽ നിന്നും എസ്.ബി.ടി യിൽ നിന്നും വായ്പ വാങ്ങിയാണ് വീട് വെച്ചത്. ഇതിനിടയിലാണ് ജപ്തിഭീഷണിയും.
ഭർത്താവിെൻറ അപകട ഇൻഷുറൻസ് തുകയും തുച്ഛശമ്പളത്തിെൻറ മുക്കാൽപങ്കും കടത്തിലേക്ക് വകമാറ്റിയിട്ടും രക്ഷപ്പെടാനായില്ല എന്ന് ഇവർ പറയുന്നു.അപകട ഇൻഷുറൻസ് ഇനത്തിൽ മക്കൾക്ക് ലഭിക്കേണ്ട തുക നിയമതടസ്സമുള്ളതിനാൽ കടംവീട്ടാൻ ഉപയോഗിക്കാനാവില്ല. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർക്ക് പരാതി സമർപ്പിച്ചെങ്കിലും പക്വത വരാത്ത കുട്ടികളുടെ പണം എടുത്തുപയോഗിക്കുന്നതിന് കോടതി നിയന്ത്രണം വെച്ചതിനാൽ അത് ലംഘിക്കാനാവില്ലെന്നാണ് മറുപടി ലഭിച്ചത്.
കിട്ടാവുന്നിടത്ത് നിന്നെല്ലാം ആനുകൂല്യങ്ങളും കടവും വാങ്ങിയാണ് വീടുപണി പൂർത്തിയാക്കിയത്. ഇനിയെന്ത് ചെയ്യുമെന്നറിയാതെ ശൂന്യതയുടെ വഴിയിലാണ് മോളിയും മക്കളും. എസ്.ബി.ഐയുടെ കോഴിക്കോട് മെഡി.കോളജ് ശാഖയിൽ 32194599682 നമ്പറിൽ മോളിയുടെ പേരിൽ എസ്.ബി അക്കൗണ്ട് (IFSCsbin no 002206) ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
