താളം തെറ്റിയ കുടുംബത്തിനൊപ്പം നെഞ്ചുരുകി അബുക്ക
text_fieldsനിലമ്പൂർ: ഭാര്യയുടെയും മക്കളുടെയും മനസ്സിെൻറ താളം തെറ്റിയപ്പോൾ തകർന്നത് അബുക്കയുടെ ജീവിതതാളം. മാനസിക വൈകല്യമുള്ള രോഗങ്ങൾക്ക് അടിപ്പെട്ട ഉടയവർക്കൊപ്പം ദുരിതജീവിതം പേറുകയാണ് വഴിക്കടവ് മണിമൂളിയിലെ തച്ചംപറ്റ അബുക്ക എന്ന 64കാരൻ. ഭാര്യ നഫീസയും ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളും പേരക്കുട്ടിയും അടങ്ങുന്നതാണ് അബുക്കയുടെ കുടുംബം.
അസുഖബാധിതയായ മൂത്തമകൾ ഖമറുന്നീസ ഒന്നരമാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ജന്മനാ ഒരു പ്രശ്നവുമില്ലാതിരുന്ന ഇവർക്കെല്ലാം യൗവനഘട്ടത്തിലാണ് അസുഖം പിടികൂടിയത്. വിവാഹം കഴിച്ചയച്ച മൂത്തമകൾ ഖമറുന്നീസ അസുഖത്തെ തുടർന്ന് വിവാഹമോചിതയായി വീട്ടിലെത്തുകയായിരുന്നു. ഇവർക്ക് താഴെയുള്ള മറ്റൊരു മകളായ സൗദയെയും രോഗത്തെ തുടർന്ന് ഭർത്താവ് ഉപേക്ഷിച്ചതിനാൽ വീട്ടിലേക്ക് തിരികെ പോന്നു.
29കാരനായ മൂത്തമകൻ വഹാബുദ്ദീനും മറ്റൊരുമകളായ അസുറക്കും യൗവനാവസ്ഥയിലാണ് മാനസിക വൈകല്യം ബാധിച്ചത്. പഠിക്കാൻ മിടുക്കനായിരുന്നതിനാൽ ഖമറുന്നീസയുടെ മകനായ പ്ലസ് ടു വിദ്യാർഥി അബുസാക്കിറിലായിരുന്നു അബുക്കയുടെ പ്രതീക്ഷ മുഴുവൻ. എന്നാൽ, മാസങ്ങൾക്ക് മുമ്പ് അബുസാക്കിറിലും അസുഖം കണ്ടുതുടങ്ങിയതോടെ ഇനിയെന്ത് എന്ന ഉത്തരംകിട്ടാത്ത ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഈ വൃദ്ധപിതാവ്.
മണിമൂളിയിലെ പന്ത്രണ്ടര സെൻറിലെ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ഓടിട്ട വീട്ടിലാണ് ഇവർ കഴിയുന്നത്. മണിമൂളി സലഫി മസ്ജിദിലെ പരിപാലകനാണ് അബുക്ക. ഇവിടെനിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് രോഗികളായ കുടുംബാംഗങ്ങളുടെ ചികിത്സയും നിത്യവൃത്തിയും. പാലിയേറ്റിവ് കെയറിെൻറ ചികിത്സാസഹായം ലഭിക്കുന്നുണ്ട്. നിരാലംബരായ ഈ കുടുംബത്തെ സഹായിക്കാനായി നാട്ടുകാർ സഹായകമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്.
എടക്കര ഫെഡറൽ ബാങ്കിൽ 15570100107965 നമ്പറിൽ അക്കൗണ്ട് തുറന്നു. (IFSC NO FDRL–0001557). ഫോൺ: 9497208613.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
