വാഹന ഡീലര്‍മാരുടെ ഓഫിസുകളില്‍ മിന്നല്‍പരിശോധന; 71 പേർക്കെതിരെ കേസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വാഹനഡീലര്‍മാരുടെ ഓഫിസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്‍െറ മിന്നല്‍പരിശോധന. ഓപറേഷന്‍ ലൂട്ടിങ് എന്ന പേരില്‍ നടത്തിയ റെയ്ഡിനെതുടര്‍ന്ന് 71 ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ എല്ലാ ആര്‍.ടി. ഒമാരുടെയും നേതൃത്വത്തിലായിരുന്നു റെയ്ഡ്. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ കൈകാര്യ ചാര്‍ജുകള്‍ എന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് അനധികൃതമായി തുക ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. ക്രമക്കേട് കണ്ടത്തെിയ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് താല്‍ക്കാലികമായി റദ്ദാക്കാന്‍ ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞു.
പാലക്കാട് ആര്‍.ടി.ഒ പരിധിയില്‍ വരുന്ന13 ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. തിരുവനന്തപുരം-മൂന്ന്, ആറ്റിങ്ങല്‍- രണ്ട്, കൊല്ലം-ഒന്ന്, പത്തനംതിട്ട-രണ്ട്, ആലപ്പുഴ-രണ്ട്, ഇടുക്കി -ആറ്, എറണാകുളം-ഒമ്പത്, മൂവാറ്റുപുഴ-മൂന്ന്, തൃശൂര്‍-മൂന്ന്, മലപ്പുറം-നാല്, കോഴിക്കോട്-നാല്, വടകര-മൂന്ന്, വയനാട്-മൂന്ന്, കണ്ണൂര്‍-ആറ്, കാസര്‍കോട്-ഏഴ് എന്നിങ്ങനെയാണ് ഡീലര്‍മാര്‍ക്കെതിരെ നടപടി. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി എട്ടുലക്ഷം വാഹനങ്ങള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതായാണ് കണക്ക്. ഇതില്‍ ആറുലക്ഷവും ഇരുചക്രവാഹനങ്ങളാണ്. ഇരുചക്രവാഹനം വാങ്ങുന്നവരില്‍ നിന്ന് കൈകാര്യചെലവ് എന്നപേരില്‍ ശരാശരി 2000 രൂപ നിരക്കില്‍ വാങ്ങുമ്പോള്‍ പ്രതിവര്‍ഷം 120 കോടിയോളം രൂപയാണ് ഡീലര്‍മാര്‍ അനധികൃതമായി ഈടാക്കുന്നത്. നാലുചക്രവാഹനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് 6000 മുതല്‍ ഒന്നരലക്ഷം രൂപവരെ വാഹനത്തിന്‍െറ വിലയുടെ അടിസ്ഥാനത്തില്‍ ഹാന്‍ഡ്ലിങ് ചാര്‍ജായി ഈടാക്കുന്നുണ്ടെന്ന് പരാതികളുണ്ടായിരുന്നു. ഇത്തരത്തില്‍ ശരാശരി 10000 രൂപ നിരക്കില്‍ ഹാന്‍ഡ്ലിങ് ചാര്‍ജായി വാങ്ങുന്നുവെന്ന് കണക്കാക്കിയാല്‍ 200 കോടി രൂപ വാഹന ഡീലര്‍മാര്‍ പ്രതിവര്‍ഷം കൈക്കലാക്കുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ചൂണ്ടിക്കാട്ടി. വാഹന ഉടമകളില്‍ നിന്ന് അനധികൃതമായി തുക ഈടാക്കിയെന്നുകാട്ടി പൊലീസിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയവാഹനങ്ങള്‍ വാങ്ങുമ്പോള്‍ പ്രീ ഡെലിവറി ഇന്‍സ്പെക്ഷന്‍, പെട്രോള്‍ ഉള്‍പ്പടെയുള്ള ചെലവുകള്‍ വാഹന നിര്‍മാതാക്കള്‍ വില്‍പനക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം മറച്ചുവെച്ച് ഡീലര്‍മാര്‍ നിയമവിരുദ്ധമായി പണം ഈടാക്കുകയാണ്. ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കുന്നവരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് സ്ഥിരമായി റദ്ദാക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
