ജാമ്യ ഇളവിനായുള്ള കാരായിമാരുടെ ഹരജി ഹൈകോടതി 18ന് പരിഗണിക്കും
text_fieldsതലശ്ശേരി: ഫസല്‍ വധക്കേസിലെ പ്രതികളായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാരായി രാജനും തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥകളില്‍ ഇളവുതേടി നല്‍കിയ ഹരജി ഹൈകോടതി ഡിസംബര്‍ 18ന് പരിഗണിക്കും. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ സ്ഥിര സാന്നിധ്യം അനിവാര്യമാണെന്നും ജില്ലയില്‍ തങ്ങളുടെ സാന്നിധ്യം ഇല്ലാതിരിക്കുന്നത് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലും തലശ്ശേരി നഗരസഭയിലും ഭരണസ്തംഭനത്തിന് ഇടയാക്കുമെന്നും അതിനാല്‍ എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥ റദ്ദ് ചെയ്യണമെന്നുമാണ് ഇരുവരും അഡ്വ. എം.കെ. ദാമോദരന്‍ മുഖാന്തിരം നല്‍കിയിട്ടുള്ള ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും ഭീഷണിപ്പെടുത്തുമെന്നുമുള്ള സി.ബി.ഐ വാദം അടിസ്ഥാനരഹിതമാണ്. കൃത്യത്തില്‍ പങ്കെടുത്തുവെന്ന് പറയുന്നവര്‍ ജില്ലയില്‍ കഴിയുന്നുണ്ട്. അവര്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ അത്തരത്തില്‍ ചെയ്യുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും ഇരുവരും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജാമ്യവ്യവസ്ഥയില്‍ മൂന്ന് മാസത്തേക്ക് ഇളവ് തേടി ഇരുവരും കൊച്ചി സി.ബി.ഐ കോടതിയില്‍ നല്‍കിയ ഹരജി കഴിഞ്ഞ ദിവസം പിന്‍വലിച്ചു.
ജാമ്യ ഇളവിനായി ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് സി.ബി.ഐ കോടതിയില്‍ മൂന്നുമാസത്തെ ഇളവ് തേടിക്കൊണ്ട് നല്‍കിയ ഹരജി പിന്‍വലിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്‍ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന തലശ്ശേരി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് അനുമതി തേടിക്കൊണ്ട് കാരായി ചന്ദ്രശേഖരന്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
