സാങ്കേതിക സർവകലാശാലക്ക് നൽകാൻ ഭൂമിയില്ലെന്ന് കേരള വി.സി
text_fieldsതിരുവനന്തപുരം: സാങ്കേതികസർവകലാശാലക്ക് നൽകാൻ കേരള സർവകലാശാലയുടെ പക്കൽ ഭൂമി ഇല്ലെന്ന് വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്ണൻ. ഭൂമി നൽകാൻ സർക്കാറിൽനിന്ന് കത്ത് ലഭിച്ചു. സിൻഡിക്കേറ്റ് യോഗം ഇക്കാര്യം സെനറ്റിെൻറ പരിഗണനക്ക് വിട്ടിരിക്കുകയാണ്. സർവകലാശാലയുടെ ഭാവിവികസനത്തിന് ഭൂമി ആവശ്യമാണ്. നിലവിലുള്ളത് നൽകിയാൽ വികസനത്തിന് വേറെ ഭൂമി കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചോദ്യപേപ്പർ ഓൺലൈനായി പരീക്ഷാകേന്ദ്രങ്ങളിലേക്ക് കൈമാറുന്ന രീതി സർവകലാശാലയിൽ നടപ്പാക്കും. പരീക്ഷണാർഥം സർവകലാശാല പഠനവകുപ്പിൽ ഈ രീതി നടപ്പാക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ (നിഷ്) കോഴ്സുകളുടെ പരീക്ഷക്കും ഈ രീതി നടപ്പാക്കി. ഉത്തരപേപ്പറുകളുടെ മൂല്യനിർണയവും ഓൺലൈനായി നടപ്പാക്കുന്നത് പരിഗണനയിലാണ്. ഇക്കാര്യത്തിൽ ഒട്ടേറെ ഏജൻസികൾ സമീപിച്ചിട്ടുണ്ടെങ്കിലും സ്വകാര്യപങ്കാളിത്തം ഉണ്ടാകില്ല. സ്വന്തമായി സോഫ്റ്റ്വെയർ വികസിപ്പിക്കാനാകുമോ എന്ന് പരിശോധിക്കും. അധ്യാപകർക്ക് യൂസർ ഐ.ഡിയും പാസ്വേഡും നൽകി ഓൺലൈനായി പേപ്പർ ലഭ്യമാക്കുന്ന രീതിയുടെ സാധ്യതയാണ് പരിശോധിക്കുന്നത്. ഗവേഷകർക്ക് ഏറ്റവും പുതിയ ഉപകരണങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സോഫിസ്റ്റികേറ്റഡ് ഇൻസ്ട്രുമെേൻറഷൻ സെൻറർ തുടങ്ങും. ഇതിന് യു.ജി.സി, റുസ ഫണ്ടുകൾ ഉപയോഗിക്കും. രണ്ടര കോടി ചെലവിൽ ന്യൂക്ലിയർ മാഗ്നറ്റിക് റസൻസ് (എൻ.എം.ആർ) എന്ന ഗവേഷണ ഉപകരണം വാങ്ങാൻ തീരുമാനിച്ചു.
നാക് നിർദേശപ്രകാരം സർവകലാശാലയിൽ ഇേൻറണൽ ക്വാളിറ്റി അഷ്വറൻസ് സെൽ രൂപവത്കരിക്കും. ഇ–ഗവേണൻസ് നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ 80 ശതമാനം പൂർത്തിയായി. വിദൂരവിദ്യാഭ്യാസവിഭാഗത്തിെൻറ അംഗീകാരം വീണ്ടെടുക്കാൻ നടപടി പൂർത്തിയാക്കി. യു.ജി.സിയിൽനിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. തുടർപഠനം മറ്റ് സർവകലാശാലകളിൽ സാധ്യമാക്കുന്ന രൂപത്തിൽ ഒമ്പത് യൂറോപ്യൻ സർവകലാശാലകളുമായി ക്രെഡിറ്റ് ട്രാൻസ്ഫർ രീതിക്ക് കരാർ ഒപ്പിട്ടു. ചാൻസലേഴ്സ് ട്രോഫി വിതരണം ബുധനാഴ്ച വൈകീട്ട് അഞ്ചിന് സെനറ്റ് ഹാളിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർവഹിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി പി.കെ. അബ്ദുറബ്ബ് എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രോ–വൈസ് ചാൻസലർ ഡോ. എൻ. വീരമണികണ്ഠൻ, ഡോ. അച്യുത് ശങ്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.