Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൃദ്ധിയുടെ നടുവിലെ...

സമൃദ്ധിയുടെ നടുവിലെ മരുപ്പറമ്പുകൾ

text_fields
bookmark_border
സമൃദ്ധിയുടെ നടുവിലെ മരുപ്പറമ്പുകൾ
cancel

ഗൾഫെന്ന മായികലോകത്തിൽ പണംകായ്ക്കുന്ന മരത്തിന് ചുവട്ടിലിരുന്ന് സുഖജീവിതം നയിക്കുന്നവരെന്നാണ് പ്രവാസികളെക്കുറിച്ച് നാട്ടിലുള്ള പൊതുധാരണ. എന്നാൽ, ഒരുനേരത്തെ ഭക്ഷണത്തിന് മറ്റുള്ളവരുടെ സഹായംതേടുന്നവരും പട്ടിണിക്കാരും ഈ മരുഭൂമിയിലുണ്ടെന്നും നാം അറിയേണ്ടതുണ്ട്. ജയിലിൽ കഴിയുന്നവർ, മക്കളുടെ വിദ്യാഭ്യാസം മുടങ്ങിയവർ, പുറത്തിറങ്ങാൻ പറ്റാത്തവർ, ഒളിച്ചുതാമസിക്കുന്നവർ... ഗൾഫിൽ വന്നിരുന്നില്ലെങ്കിൽ സ്വന്തംമണ്ണിൽ കഞ്ഞിയെങ്കിലും കുടിച്ച് സമാധാനത്തോടെ ജീവിക്കാമായിരുന്നു എന്ന് വിലപിക്കുകയാണിവർ. കൊള്ളയോ കൊലയോ മറ്റെന്തെങ്കിലും കുറ്റകൃത്യമോ അല്ല ഇവരെ ഇങ്ങനെയാക്കിയത്. സാമ്പത്തികകുരുക്കും കടക്കെണിയും പണം കൈകാര്യം ചെയ്യുന്നതിലെ പിടിപ്പുകേടുംമാത്രം. എന്തു മോഹിച്ച് ഗൾഫിലെത്തിയോ അതിെൻറതന്നെ കുരുക്കിൽപെട്ട് ശ്വാസംമുട്ടുന്നവർ.

നാലുതരത്തിൽ സാമ്പത്തിക കുരുക്കിൽപെട്ടവരെയാണ് ഗൾഫിൽ പൊതുവായി കാണാൻ സാധിക്കുക. ആവശ്യത്തിനും അനാവശ്യത്തിനും കഴുത്തറപ്പൻ പലിശക്കാരിൽനിന്നോ ബാങ്കിൽനിന്നോ ക്രെഡിറ്റ് കാർഡ് വഴിയോ പണം വായ്പയെടുത്ത് മുടിഞ്ഞവർ. കുറഞ്ഞ ശമ്പളക്കാർ മുതൽ വൻ ബിസിനസുകാർവരെ ഈ നിരയിലുണ്ട്. രണ്ടാമത്തെ വിഭാഗം ഗൾഫിൽനിന്ന് സമ്പാദിച്ച പണം കൂടുതൽ വരുമാനം മോഹിച്ച് ബിസിനസിലോ മറ്റോ നിക്ഷേപിച്ച് കൈപൊള്ളിയവരാണ്. മികച്ച ശമ്പളത്തിന് ജോലിചെയ്യുന്നവരാണ് ഈ പണിക്കുപോകുന്നത്.  തേൻറതല്ലാത്ത കാരണത്താൽ മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരാണ് മൂന്നാമത്തെ കൂട്ടർ. സുഹൃത്തുക്കളും ബന്ധുക്കളും ഇടപാടുകാരും സ്വന്തം സ്ഥാപനംതന്നെയും വഞ്ചിച്ചവർ ഇവരിലുണ്ട്. അടുത്തകൂട്ടം ആർഭാട ജീവിതം കടക്കെണിയിൽ കുടുക്കിയവരാണ്.


ഇതിൽ മൂന്നാമത്തെ വിഭാഗത്തിൽപെട്ടയാളാണ് തിരുവനന്തപുരം സ്വദേശി കൃഷ്ണൻ (പേര് യഥാർഥമല്ല). ഗുജറാത്ത് സ്വദേശികൾ അബൂദബിയിൽ നടത്തിയിരുന്ന കമ്പനിയിലെ ജനറൽ മാനേജറായിരുന്ന ഇദ്ദേഹത്തെ കമ്പനിതന്നെയാണ് കുടുക്കിയത്. 13 വർഷം കമ്പനിയോടൊപ്പം നല്ല രീതിയിൽ ജീവിച്ച, തലസ്ഥാനത്തെ വിദ്യാസമ്പന്ന കുടുംബത്തിൽനിന്നുള്ള ഇദ്ദേഹവും ഭാര്യയും  അഞ്ചു വർഷമായി പുറത്തിറങ്ങാൻപോലുമാകാതെ ഫ്ലാറ്റിൽ കഴിഞ്ഞുകൂടുകയാണ്. ഫ്ലാറ്റിെൻറ ഒരുഭാഗം വാടകക്ക് കൊടുത്തും ട്യൂഷനെടുത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലുമാണ് തട്ടിമുട്ടി മുന്നോട്ടുപോകുന്നത്. അച്ഛൻ മരിച്ചിട്ടുപോലും ഏകമകനായ കൃഷ്ണന് നാട്ടിൽപോകാനായില്ല. മകെൻറ എൻജിനീയറിങ് വിദ്യാഭ്യാസം മുടങ്ങി. കേസുകളും കട ബാധ്യതയുമെല്ലാമായി അക്ഷരാർഥത്തിൽ ദുരിതക്കടൽ താണ്ടുകയാണ് ഈ 64കാരൻ. വിസ കാലാവധി തീർന്നിട്ട് വർഷങ്ങൾ കഴിഞ്ഞു. പാസ്പോർട്ട് ഉൾപ്പെടെ പ്രവാസിയുടെ പക്കൽവേണ്ട ഒരു ഔദ്യോഗിക രേഖയും കൈവശമില്ല. ഒളിച്ചോടിയതായി കാണിച്ച് കമ്പനി പരാതി നൽകിയതിനാൽ പുറത്തിറങ്ങിയാൽ ഏതുസമയവും പിടിയിലാകാം.

വിദേശത്തുനിന്ന്  യന്ത്രം വാങ്ങാൻ വൻ വായ്പയെടുത്തതോടെയാണ് കമ്പനിയുടെയും കൃഷ്ണൻ ഉൾപ്പെടെ ജീവനക്കാരുടെയും കഷ്ടകാലം ആരംഭിക്കുന്നത്. ഉൽപാദനം വൈകിയതോടെ വായ്പാ തിരിച്ചടവ് വലിയ ബാധ്യതയായി. ജീവനക്കാരുടെ ശമ്പളം മുടങ്ങി. അതോടെ, കമ്പനി കൃഷ്ണനെക്കൊണ്ട് സ്വന്തംപേരിൽ വായ്പയെടുപ്പിച്ചു. മൂന്നു ബാങ്കുകളിൽനിന്നായി നാലു ലക്ഷം ദിർഹം (65 ലക്ഷത്തോളം രൂപ). ഇതിന് പുറമേ ക്രെഡിറ്റ് കാർഡ് വഴിയും കമ്പനിയുടെ ദൈനംദിന ചെലവിനായി പണമെടുത്തുകൊണ്ടിരുന്നു.

എന്നാൽ,  2010 സെപ്റ്റംബർ ഒമ്പതിന് ഓഫിസിലേക്ക് വിളിപ്പിച്ച ഉടമകൾ തന്നിൽനിന്ന് ഒരു ലക്ഷം ദിർഹം വീതമെഴുതിയ 20 ചെക്കുകൾ മർദിച്ചും ഭീഷണിപ്പെടുത്തിയും പിടിച്ചുവാങ്ങിയതായി ഇദ്ദേഹം പറയുന്നു. കാറും പിടിച്ചെടുത്തു. വെള്ളക്കടലാസിൽ ഒപ്പിടീച്ചു. തുടർന്ന് ഇന്ത്യൻ എംബസിയിലും തൊഴിൽവകുപ്പിലും പരാതി നൽകി. അതിനുമുമ്പ് കമ്പനി ഇദ്ദേഹം ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്തിരുന്നു. പിടിച്ചുവാങ്ങിയ ചെക്കുകളിൽ മൂന്നെണ്ണം ബാങ്കിൽ ഹാജരാക്കി വണ്ടിചെക്ക് നൽകിയതിന് കേസെടുപ്പിക്കുകയും ചെയ്തു. കാര്യങ്ങളെല്ലാം വിശദമാക്കി  മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും എം.പിമാർക്കും നോർക്കക്കും പരാതി നൽകിയെങ്കിലും ആരും ഒന്നും ചെയ്തില്ലെന്ന് ഇദ്ദേഹം പറയുന്നു. നാട്ടിൽ സ്വത്ത് വിറ്റ് 53 ലക്ഷം രൂപ കൊണ്ടുവന്ന് ചില ബാധ്യതകൾ തീർത്തു. ചില കേസുകൾ പിൻവലിപ്പിച്ചു. രണ്ടു ലക്ഷം ദിർഹംകൂടി വേണം അവശേഷിക്കുന്ന ബാധ്യതകൾ തീർക്കാൻ.
അഴിയെണ്ണി അഭിഭാഷകനും
ജയിലിൽ പോകേണ്ടിവന്നില്ല എന്നെങ്കിലും കൃഷ്ണന് ആശ്വസിക്കാം. എന്നാൽ, ചെക്കുകേസിൽപെട്ട് യു.എ.ഇയിലെ ജയിലിൽ കഴിയുന്ന മലയാളികൾ നിരവധിയാണ്. ദുബൈ ജയിലിൽ കഴിയുന്ന 400ഓളം ഇന്ത്യക്കാരിൽ നൂറോളം പേർ സാമ്പത്തിക കേസുകളിൽ കുടുങ്ങിയവരാണ്. വമ്പൻ ബിസിനസുകാർവരെ തടവറയിൽ ജീവിതം തള്ളിനീക്കുന്നുണ്ട്. ആലപ്പുഴ ജില്ലക്കാരനായ ജോസ് (പേര് യഥാർഥമല്ല) ഇവരിലൊരാളാണ്. ജോസ് ചില്ലറക്കാരനായിരുന്നില്ല. അഭിഭാഷകൻകൂടിയായ വമ്പൻ ബിസിനസുകാരൻ. കേരളത്തിലെ ഉന്നത രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം. അവരിൽ പലരും ദുബൈയിൽ വരുമ്പോൾ താമസിക്കാറ് ഇദ്ദേഹത്തിെൻറ വീട്ടിലായിരുന്നു. കെട്ടിട ഉടമക്ക് വാടകയായി നൽകിയ ചെക്കാണ് ഇദ്ദേഹത്തിന് പാരയായത്. ചെക് തിരിച്ചുവന്നു, കേസായി. ആ കേസിൽനിന്ന് പുറത്തുവരാൻ ഉണ്ടാക്കിയ കരാർപ്രകാരം ഉടമ ആവശ്യപ്പെട്ട തുകക്കുള്ള തവണ ചെക്കുകൾ നൽകി. കൂടെ ഒരു നിബന്ധനയും വെച്ചു. ചെക് ഏതെങ്കിലും പണമില്ലാതെ മടങ്ങിയാൽ ഓരോദിവസത്തിനും വൻതുക പിഴയടക്കണം. ഈ ചെക്കുകളും മടങ്ങാൻ തുടങ്ങിയതോടെ പിഴ കുമിഞ്ഞുകൂടി. ചുരുക്കത്തിൽ മൂന്നു വർഷമായി ഇദ്ദേഹം ജയിലിൽ കഴിയുന്നു. കേരളത്തിലെ രാഷ്ട്രീയനേതാക്കളും യു.എ.ഇയിലെ വ്യവസായ പ്രമുഖനുംവരെ ഇടപെട്ടെങ്കിലും കേസുകളുടെ എണ്ണം കൂടിയതിനാൽ ശ്രമങ്ങളെല്ലാം വിഫലമായി. സിവിൽ കേസിലാണ് ശിക്ഷ അനുഭവിക്കുന്നത്.  ജയിൽമോചിതനായാലും ബാധ്യതകൾ തീർക്കുകയും കെട്ടിട ഉടമ കനിയുകയും ചെയ്തില്ലെങ്കിൽ നാട്ടിൽ പോകാൻ കഴിയില്ല.

30 വർഷത്തിലേറെ യു.എ.ഇയിൽ മികച്ചരീതിയിൽ ബിസിനസ് നടത്തിയ തെക്കൻജില്ലക്കാരായ രണ്ടു പേരുടെ തകർച്ച ഇതിലും അവിശ്വസനീയമാണ്. അയ്യായിരത്തോളം തൊഴിലാളികളുള്ള എൻജിനീയറിങ് കമ്പനി നടത്തിയവരായിരുന്നു ഇവർ. നാട്ടിൽ കൊട്ടാരംപോലുള്ള വീടുള്ളവർ. വിദ്യാസമ്പന്നർ. മക്കളെ പഠിപ്പിച്ചത് ലണ്ടനിൽ. തികച്ചും രാജകീയ ജീവിതം നയിച്ചവർ. നഗരത്തിലെ വമ്പൻ വിരുന്നുകളിലെ സ്ഥിരസാന്നിധ്യം. പക്ഷേ,  സാമ്പത്തികമാന്ദ്യം വന്നതോടെ കിട്ടാനുള്ള പണമെല്ലാം മുടങ്ങി. ഇതിനെ നേരിടാൻ വായ്പയെടുത്തു. ഇപ്പോർ ദശലക്ഷക്കണക്കിന് ദിർഹത്തിെൻറ ബാധ്യതയിൽ കുരുങ്ങി ശ്വാസംമുട്ടി കഴിയുകയാണിവർ. ശമ്പളം കിട്ടാത്ത തൊഴിലാളികൾ നൽകിയ ലേബർ കേസുകൾ വേറെ. നാട്ടിലെ സ്വത്തെല്ലാം വിറ്റ് കടംവീട്ടിക്കൊണ്ടിരിക്കുകയാണ് ഇരുവരും.  
 (തുടരും)
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasam
Next Story