ആർ.എസ്.പി യു.ഡി.എഫിൽ തുടരും
text_fieldsന്യൂഡൽഹി: കേരളത്തിൽ യു.ഡി.എഫിൽ തുടരാൻ ആർ.എസ്.പി ദേശീയസമ്മേളനത്തിൽ തീരുമാനം. യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് പോകണമെന്ന ഒരു വിഭാഗം അംഗങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. തൽസ്ഥിതി തുടരാനും ഒരു വർഷത്തിനുള്ളിൽ പാർട്ടി പ്ളീനം ചേർന്ന് വ്യക്തത വരുത്താനും ദേശീയ സമ്മേളനം തീരുമാനിച്ചു. കോൺഗ്രസ് ഉൾപ്പെട്ട ജനാധിപത്യ മതേതര സഖ്യത്തിന്‍റെ ഭാഗമായി ആർ.എസ്.പി നിലകൊള്ളണമെന്ന ദേശീയ നേതൃത്വത്തിന്‍റെ അഭിപ്രായത്തിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്.
ഇടതുപക്ഷവും കോൺഗ്രസും ഒരുപോലെ ദുർബലമായിരിക്കുകയാണെന്നും ദേശീയതലത്തിൽ ശക്തിപ്പെട്ട ബി.ജെ.പിയെ തടയാൻ കോൺഗ്രസിനൊപ്പം നിൽക്കുകയാണ് വേണ്ടതെന്നും മറ്റ് ഇടതുപാർട്ടികൾ ഈ ചേരിയിൽ അണിനിരക്കണമെന്നുമാണ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ചന്ദ്രചൂഡനും പ്രേമചന്ദ്രൻ എം.പിയും അടക്കമുള്ളവർ നിലപാടെടുത്തത്. എന്നാൽ ബംഗാളിലെ മുതിർന്ന നേതാവ് പ്രദീപ് ചൗധരിയും മറ്റും ഒരു പാർലമെന്‍റ് സീറ്റിന്‍റെ പേരിൽ കോൺഗ്രസിന്‍റെ പിന്നാലെ പോകുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി.
കേരളത്തിൽ തെറ്റുതിരുത്തി യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിലേക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. കേരളത്തിൽ നിന്നുള്ള ചില നേതാക്കൾ യു.ഡി.എഫ് വിടണമെന്ന അഭിപ്രായം പ്രകടിപ്പിച്ചു. സി.പി.എമ്മിന്‍റെ അഹന്ത തുടരുകയാണെന്നും ആർ.എസ്.പിക്ക് അവരോടൊപ്പം നിൽക്കാൻ കഴിയില്ലെന്നുമുള്ള കടുത്ത നിലപാടാണ് ചന്ദ്രചൂഡൻ സ്വീകരിച്ചത്. സി.പി.എമ്മിനെ കടന്നാക്രമിക്കുന്ന റിപ്പോർട്ടാണ് ത്രിദിന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ചത്. കേരളത്തിൽ സി.പി.എം ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
