Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാനഹാനി, മരണവഴി

മാനഹാനി, മരണവഴി

text_fields
bookmark_border
മാനഹാനി, മരണവഴി
cancel

കൊള്ളപ്പലിശക്കാർക്കെതിരെ കേരളത്തിൽ ഓപറേഷൻ കുബേര പൊടിപൊടിക്കുമ്പോൾ അബൂദബിയിൽ ദിനേശ് (പേര് യഥാർഥമല്ല ) എന്ന ചെറുപ്പക്കാരൻ ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പം ആത്മഹത്യചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ചില ആവശ്യങ്ങൾക്കായി സഹപ്രവർത്തകനായ ബ്ലേഡുകാരനിൽനിന്ന് പല തവണയായി 28,000 ദിർഹമോളം വാങ്ങിയിരുന്നു ദിനേശ്. പലിശയും പിഴപ്പലിശയുമായി 75,000 ദിർഹം തിരിച്ചടക്കേണ്ടിവന്നെങ്കിലും ആ ഭാരം ഇറക്കിവെച്ചുവല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഈ കുടുംബം.  ദിവസം 18 മണിക്കൂർ വരെ പണിയെടുത്തും പട്ടിണി കിടന്നുമെല്ലാമാണ് ഇത്രയും തുക അടച്ചത്. ഒന്നര വർഷം കഴിഞ്ഞപ്പോഴതാ  പുതിയ കണക്കുമായി കൊള്ളപ്പലിശക്കാരൻ അവതരിക്കുന്നു. ആദ്യം അടച്ചത് മുഴുവൻ പലിശയാണെന്നും  മുതലും പലിശയുമായി 82,000 ദിർഹം കൂടി നൽകണമെന്നും പറഞ്ഞതോടെ ദിനേശ് തളർന്നുപോയി. പണമടക്കാൻ നിവൃത്തിയില്ലാതായതോടെ ഭീഷണിയായി. നാട്ടിൽ മാതാപിതാക്കളെയും ബന്ധുക്കളെയും ഭാര്യവീട്ടുകാരെയും ഭീഷണിപ്പെടുത്തലും അപമാനിക്കലുമാണ് പ്രവാസി ബ്ലേഡുകാരുടെ രീതി.

നാട്ടിൽനിന്ന് ക്വട്ടേഷൻ സംഘങ്ങളും ഫോണിലൂടെ വധഭീഷണി തുടങ്ങി. ഇതിനിടെ നാട്ടിൽ പോയിട്ട് അഞ്ചു കൊല്ലമായിരുന്നു. ‘അതോടെ വീട്ടുകാർ വെറുത്തു. അടുത്ത സുഹൃത്തുക്കൾ വരെ അകന്നു. ചെറിയ ശമ്പളത്തിെൻറ വലിയ ഭാഗം എല്ലാ മാസവും അടച്ച് തലയൂരാൻ ശ്രമിച്ചതോടെ വീട്ടിൽ പട്ടിണിയായി. ആത്മഹത്യയുടെ വക്കിൽനിന്ന് മക്കളെയോർത്ത് മാത്രമാണ് തിരിഞ്ഞുനടന്നത്’ –ദിനേശ് പറയുന്നു. വർഷങ്ങളായി വിദേശത്തുള്ള മകനെ അവസാനമായി കാണാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് പിതാവ് കണ്ണടച്ചത്. അച്ഛെൻറ ജഡം കാണാൻ നാട്ടിലെത്തിയ ദിനേശിന് ഏഴാം ദിവസം തിരിച്ചുപോരേണ്ടിവന്നു. അവസാനം യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരു സാമൂഹിക പ്രവർത്തകൻ ഇടപെട്ട് ബ്ലേഡുകാരനെ തിരിച്ച് ഭീഷണിപ്പെടുത്തി ഒത്തുതീർപ്പിലെത്തിക്കുകയായിരുന്നു. ഇതനുസരിച്ച് 30,000 ദിർഹം നൽകാൻ ധാരണയായി. ഇതിനു വേണ്ട  പകുതി തുക പലിശരഹിത സംവിധാനത്തിലൂടെ സാമൂഹിക പ്രവർത്തകർതന്നെ ശരിയാക്കി നൽകി.

ഇങ്ങനെ എത്രയോ പേർ അബൂദബി മേഖലയിൽ മാത്രം കടക്കെണിയിൽ കുടുങ്ങിക്കഴിയുന്നുണ്ടെന്ന് ദിനേശ് പറയുന്നു. നാട്ടിലെ ബ്ലാങ്ക് ചെക്കും വെള്ളപേപ്പറിൽ ഒരു ഒപ്പും നൽകിയാൽ പണം റെഡി. മുതൽ തിരിച്ചടക്കണമെന്ന് ഇവർക്ക് ഒരു നിർബന്ധവുമില്ല. പക്ഷേ, മാസാമാസം പലിശ മുടങ്ങരുത്. ബ്ലേഡുകാരിൽ പലരും സമൂഹത്തിലെ മാന്യത ചമയുന്നവരുടെ ബിനാമികളാണെന്നും മുടക്കുമുതൽ അവരുടേതാണെന്നും ചതിക്കുഴിയിൽ വീണ മിക്കവരും പറയുന്നു.
ധനമോഹം എന്നകടക്കെണി
തനിക്കും കുടുംബത്തിനും മാന്യമായി ജീവിക്കാനുള്ള വരുമാനം കൊതിച്ചാണ് ഓരോ മലയാളിയും കടൽകടക്കുന്നത്. എന്നാൽ, മണലാരണ്യത്തിൽ കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന പണം എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നും ഭാവിയിലേക്കായി സമ്പാദ്യമാക്കാമെന്നും ഭൂരിഭാഗത്തിനും അറിയില്ലെന്നുറപ്പ്. പതിറ്റാണ്ടുകൾ വിയർപ്പൊഴുക്കിയുണ്ടാക്കിയ പണം മുഴുവൻ പൊങ്ങച്ച വീടുണ്ടാക്കിയും ആർഭാട വിവാഹങ്ങൾ നടത്തിയും തീർക്കുന്നതുമുതൽ വരവിലും കവിയുന്ന മോഹങ്ങളിലേറി ജീവിതം താറുമാറാക്കുന്നതുവരെയുള്ള അസംഖ്യം അനുഭവ കഥകൾതന്നെ ഇതിന് സാക്ഷ്യം. അവസാനം മാറാരോഗവുമായി നാട്ടിൽ തിരിച്ചെത്തി സംസ്ഥാന സർക്കാർ നൽകുന്ന 1000 രൂപ പെൻഷനുവേണ്ടി ക്യൂ നിൽക്കുന്നവരെ കേരളത്തിൽ മാത്രമേ കാണാനാകൂ. എളുപ്പത്തിൽ പണം കിട്ടുന്നിടത്ത് ഓടിക്കൂടി തലവെച്ചുകൊടുക്കുന്ന രീതിതന്നെയാണ് മലയാളിയുടെ പ്രധാന പ്രശ്നമെന്ന് ഈ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്നവർ പറയുന്നു.

ബാങ്ക് വായ്പയായാലും ക്രെഡിറ്റ് കാർഡായാലും ബ്ലേഡ് കമ്പനിയായാലും ഹുണ്ടികയായാലും പണം കിട്ടുമെങ്കിൽ അത് വരുത്തിവെക്കുന്ന ബാധ്യതകളൊന്നും ഓർക്കാതെ മലയാളി എത്തും. ഇങ്ങനെ കടംപെരുകി  സാധാരണ തൊഴിലാളികളുടേതു മുതൽ വൻകിട സ്ഥാപന ഉടമകളുടെവരെ  ജീവിതം താറുമാറായിട്ടുണ്ട്. 2008ലെ സാമ്പത്തിക മാന്ദ്യകാലത്തും തുടർ വർഷങ്ങളിലും യു.എ.ഇയിൽ ബിസിനസുകാരടക്കമുള്ള നിരവധി മലയാളികൾ ക്രിമിനൽ കേസിലും ചെക് കേസിലും പെട്ട്  കുടുങ്ങിക്കിടപ്പുണ്ടെന്ന് ഇത്തരം ധാരാളം കേസുകൾ കൈകാര്യംചെയ്യുന്ന ദുബൈയിലെ അൽകൽ കബ്ബാൻ ആൻഡ് അസോസിയേറ്റ്സിലെ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളി പറയുന്നു. വ്യാപാരനഗരമായതിനാൽ ദുബൈയിൽതന്നെയാണ് ഇത്തരം കഥകൾ കൂടുതലും. ഒട്ടനവധി കമ്പനികൾ പൂട്ടിപ്പോയി.  ബാങ്കുകളിൽനിന്ന് കമ്പനിയുടെ പേരിൽ അമിതമായി വായ്പയെടുത്തും വ്യക്തിപരമായ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും തീരാബാധ്യത വരുത്തിവെച്ചായിരുന്നു പലരും സ്വയം കുഴിതോണ്ടിയത്.

പണം തിരിച്ചുപിടിക്കാൻ ‘ബ്ലേഡുകാരെപ്പോലെ എല്ലാ മാർഗവും ബാങ്കുകളും അവലംബിക്കും. വായ്പാ തുകയടക്കാൻ മുടക്കംവരുന്നതോടെ ബാങ്കുകൾ നേരത്തേ വാങ്ങിവെച്ച ചെക്് ഹാജരാക്കി വണ്ടിച്ചെക്കിന് ക്രിമിനൽ കേസ് കൊടുക്കുന്നു. അതോടെ ജയിലിലും പൊലീസ് സ്റ്റേഷനിലുമാകും ജീവിതം. ബിസിനസ് തകരും. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നു. പുറത്തിറങ്ങാനാകാത്ത അവസ്ഥവരും. ദുബൈയിൽ ഭാര്യയെയും മകളെയും കൊന്ന് മലയാളി സിനിമാ നിർമാതാവ് ജീവനൊടുക്കിയിട്ട് അധികകാലമൊന്നുമായിട്ടില്ല. മാസങ്ങൾക്ക് മുമ്പാണ് കടക്കെണിയിൽ കുടുങ്ങിയ ഗോവൻ യുവാവ് ഷാർജയിൽ തൂങ്ങിമരിച്ചത്.

കരക്കുകയറാനാകാത്ത വിധം കടക്കെണിയിലെ കുരുക്ക് മുറുകുന്നതോടെയാണ് മരണത്തിെൻറ വഴി പലരും തെരഞ്ഞെടുക്കുന്നത്. കേസായാൽ പിന്നാലെ യാത്രാനിരോധം വരും. നാട്ടിൽ പോകാനാവില്ല.  കേസ് കോടതിയിലെത്തും. കടമെടുത്ത തുകയുടെ വലിപ്പമനുസരിച്ച് ക്രിമിനൽ കോടതി ഒരു മാസം മുതൽ മൂന്നുവർഷം വരെ തടവുശിക്ഷ വിധിക്കും. ഇങ്ങനെ ശിക്ഷ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന മലയാളികൾ ഗൾഫ് രാജ്യങ്ങളിലുണ്ട്.  പക്ഷേ, പലരുടെയും വിചാരം ഈ ശിക്ഷ അനുഭവിച്ചുകഴിഞ്ഞാൽ പൊല്ലാപ്പ് കഴിഞ്ഞെന്നാണ്. എന്നാൽ, ക്രിമിനൽ കേസ് മാത്രമേ തീരുന്നുള്ളൂവെന്നതാണ് സത്യം.

പണം തിരിച്ചുകിട്ടാൻ സിവിൽ കേസ് കൊടുക്കാൻ ബാങ്കിന് അവകാശമുണ്ട്. പക്ഷേ, അതിന് വക്കീലും ഫീസും കോടതിയിൽ തുക കെട്ടിവെക്കലുമൊക്കെ വേണ്ടിവരുന്നതിനാൽ മിക്ക ബാങ്കുകളും  കടം തിരിച്ചുപിടിക്കൽ സ്ഥാപനങ്ങളെ (Debt collectors) സമീപിക്കുകയാണ് പതിവ്. പ്രത്യേക ലൈസൻസോടെ പ്രവർത്തിക്കുന്നവരാണിവർ. പണം തിരിച്ചുപിടിച്ചു നൽകിയാൽ ഒരുഭാഗം ഇവർക്ക് കമീഷനായി ബാങ്ക് നൽകും. മാനസിക പീഡനംതന്നെയാണ് ഇവരുടെ ‘തിരിച്ചുപിടിക്കൽ’ രീതി. ഈ സ്ഥാപനങ്ങളിൽനിന്ന് നിരന്തരം ഭീഷണിവിളി വരും. പിന്നെ കടക്കാരെൻറ വീട്ടിലും ജോലിചെയ്യുന്ന സ്ഥാപനത്തിലും വിളിയെത്തും. അതോടെ ജോലിവരെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. തൽക്കാലം കുറച്ചു പണമടക്ക്, ബാക്കി അടക്കാൻ സാവകാശം തരാമെന്ന് പറഞ്ഞാണ് ഇവർ എത്തുക. എന്നാൽ, ഈ പണമടച്ചാലും പിറ്റേന്ന് മുതൽ ബാക്കി തുകക്ക് സമ്മർദം ചെലുത്തിക്കൊണ്ടിരിക്കും.

വലിയ തുകയാണ് തിരിച്ചുകിട്ടാനുള്ളതെങ്കിൽ ബാങ്കുകൾ സിവിൽ കേസ് ഫയൽ ചെയ്യും. ഇതിലും യാത്രാനിരോധം വരാം. ഇനി ആരെങ്കിലും വായ്പയെടുത്ത് നാട്ടിലേക്ക് മുങ്ങിയാൽ ബാങ്കുകൾ അവിടത്തെ കടം തിരിച്ചുപിടിക്കൽ സ്ഥാപനങ്ങളെ സമീപിക്കും. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഇങ്ങനെയുള്ള തിരിച്ചുപിടിക്കൽ സ്ഥാപനങ്ങളുണ്ട്. വക്കീലുമാരും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുമൊക്കെയാണ് ഇതിലുണ്ടാവുക. ആവശ്യമെങ്കിൽ ഗുണ്ടകളുടെ സഹായവും ഇവർ തേടും. പിന്നെ ഇവരുടെ ഭീഷണിയാണ്. വീട്ടിൽ വിളിച്ച് സ്ത്രീകളെ ഭയപ്പെടുത്തുക, നാട്ടുകാരുടെ മുന്നിലിട്ട് അപമാനിക്കുക തുടങ്ങിയവയാണ് സാധാരണ രീതി.                                
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paravasamm sakeer husaain
Next Story