വര്‍ഗീയ പരാമര്‍ശം: കേസ് റദ്ദാക്കണമെന്ന് വെള്ളാപ്പള്ളി ഹൈകോടതിയില്‍
text_fields
കൊച്ചി: കോഴിക്കോട്ട് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച നൗഷാദിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹൈകോടതിയില്‍. ഐ.പി.സി 153 എ അനുസരിച്ച് ആലുവ പൊലീസെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറയും ടി.എന്‍. പ്രതാപന്‍െറയും നിയമവിദ്യാര്‍ഥി ജി. ഗിരീഷ്കുമാറിന്‍െറയും പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വ്യക്തികള്‍ക്കിടയില്‍ വര്‍ഗീയസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗത്തിനാണ് തനിക്കെതിരെ കേസെടുത്തതെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍, വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചിട്ടില്ല. പറഞ്ഞത് വളച്ചൊടിച്ച് വ്യാഖ്യാനിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനാവശ്യ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്. ഇത്തരമൊരു കേസ് നിലനില്‍ക്കില്ളെന്നും ഹരജിയില്‍ പറയുന്നു.
