ആകാംക്ഷയുടെ മുള്‍മുനയില്‍ ‘സീഡി യാത്ര’
text_fieldsകൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന്‍െറ തെളിവായി ബിജു രാധാകൃഷ്ണന്‍െറ കൈയിലുണ്ടെന്ന് പറയുന്ന സീഡി സംസ്ഥാനത്തെ ഒരിക്കല്‍കൂടി മുള്‍മുനയില്‍ നിര്‍ത്തി. സീഡി ഹാജരാക്കാന്‍ കമീഷന്‍ നിര്‍ദേശിച്ച വ്യാഴാഴ്ച അപ്രതീക്ഷിതമായി ബിജു ഇതിന് 10 മണിക്കൂര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നെ കണ്ടത് പിരിമുറുക്കത്തിന്‍െറ മണിക്കൂറുകള്‍.
സീഡി കണ്ടെടുക്കാന്‍ ബിജുവും സംഘവും സഞ്ചരിച്ച വാഹനം ദൃശ്യമാധ്യമങ്ങള്‍ പിന്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ യാത്ര അത്യന്തം നാടകീയമായി.
ഉത്കണഠയും പിരിമുറുക്കവും നിറഞ്ഞതായിരുന്നു വ്യാഴാഴ്ചത്തെ സോളാര്‍ കമീഷന്‍ സിറ്റിങ്ങിന്‍െറ നാലുമണിക്കൂര്‍. സിറ്റിങ് ആരംഭിച്ചയുടന്‍ ‘കൊണ്ടുവന്നിട്ടുണ്ടോ’ എന്നാണ് കമീഷന്‍ ബിജുവിനോട് ചോദിച്ചത്. ഇല്ളെന്ന് ബിജു മറുപടി നല്‍കി. എവിടെയാണുള്ളതെന്നായി കമീഷന്‍. സ്ഥലം പറയേണ്ട, കേരളത്തിനകത്തോ പുറത്തോ എന്ന് മാത്രം വ്യക്തമാക്കിയാല്‍ മതിയെന്നായി കമീഷന്‍. കേരളത്തിന് പുറത്തെന്ന് ബിജു മറുപടി പറഞ്ഞു. കൊണ്ടുവരാന്‍ എത്ര മണിക്കൂര്‍ വേണം? ഏതു വാഹനം വേണം? കമീഷന്‍ ആരാഞ്ഞു. പൊലീസ് വാഹനത്തിലായാലും കൊണ്ടുവരാമെന്ന് ബിജു.
അതോടെ, സാക്ഷിയെ വിട്ട് സീഡി വരുത്തുന്നതിന് നിയമതടസ്സമുണ്ടോ എന്ന് കമീഷന്‍ അന്വേഷിച്ചു. കേന്ദ്ര നിയമപ്രകാരം രാജ്യത്ത് എവിടെനിന്നും തെളിവ് വരുത്തിക്കാമെന്ന് നിയമം ഉദ്ധരിച്ച് കമീഷന്‍ പറഞ്ഞു. ഇതിന് തടസ്സമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണമെന്ന് അഭിഭാഷകരോട് അദ്ദേഹം നിര്‍ദേശിച്ചു. കമീഷനും അഭിഭാഷകരും മണിക്കൂറുകള്‍ നീണ്ട വാഗ്വാദം നടന്നു. അതിനിടെ, ബിജുവുമായി ബന്ധപ്പെട്ട മറ്റു കേസുകളെക്കുറിച്ച് മുഖ്യമന്ത്രിയുടെ അഭിഭാഷകനടക്കം പരാമര്‍ശിക്കാന്‍ ശ്രമിച്ചത് കമീഷന്‍ തടഞ്ഞു. അനാവശ്യ പരാമര്‍ശം നടത്താന്‍ ശ്രമിച്ചവരോട് അദ്ദേഹം രോഷാകുലനാവുകയും ചെയ്തു.
ഒടുവില്‍, സാക്ഷിയെയും കൂട്ടി തെളിവ് ശേഖരിക്കാന്‍ കമീഷന് തടസ്സമില്ളെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടു. അതീവ രഹസ്യമായും ബിജുവിന് സുരക്ഷ ഉറപ്പുവരുത്തിയും സീഡി വരുത്തിക്കുമെന്ന് കമീഷന്‍ പറഞ്ഞു. സീഡി ഇരിക്കുന്നിടത്തുനിന്ന് അത് കൊണ്ടുവരാന്‍ ഉത്തരവിടുകയും ചെയ്തു.
തന്‍െറ അഭിഭാഷകനെ സീഡി കൊണ്ടുവരാന്‍ കൂടെ അയക്കണമെന്ന ബിജുവിന്‍െറ ആവശ്യം കമീഷന്‍ തള്ളി. സീഡി കൊണ്ടുവന്നില്ളെങ്കില്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാറിനോട് ഉത്തരവിടുമെന്നും കമീഷന്‍ ബിജുവിനെ ധരിപ്പിച്ചു. പിന്നീടുള്ള നിമിഷങ്ങള്‍ പിരിമുറുക്കം വര്‍ധിപ്പിക്കുന്നതായിരുന്നു. ഒടുവില്‍ കമീഷന്‍െറ അഭിഭാഷകനും പൊലീസുകാരുമുള്‍പ്പെടെ അഞ്ചംഗസംഘത്തെ സീഡി കസ്റ്റഡിയിലെടുക്കാന്‍ ചുമതലപ്പെടുത്തി. താന്‍ 24 മണിക്കൂറും ജാഗ്രതയോടെയിരിക്കുമെന്നും കമീഷന്‍ പറഞ്ഞു. മൂന്നരയോടെ കമീഷന്‍െറ വാഹനത്തില്‍ സംഘം പുറപ്പെട്ടു. കനത്ത പൊലീസ് ബന്തവസ്സിലാണ് ബിജുവിനെ കമീഷന്‍െറ മുന്നില്‍നിന്ന് പുറത്തുകൊണ്ടുവന്നത്. മാധ്യമപ്രവര്‍ത്തകരോട് ബിജു സംസാരിക്കുന്നത് തടയാന്‍ പൊലീസ് പരമാവധി ശ്രമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
