Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേന്ദ്രം യജമാനനും...

കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല; മോദിക്കെതിരെ പിണറായി

text_fields
bookmark_border
കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല; മോദിക്കെതിരെ പിണറായി
cancel

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശവുമായി സി.പി.എം പി.ബി അംഗം പിണറായി വിജയൻ. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോദിയെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ കാണണമെങ്കിൽ വിമാനത്താവളത്തിൻെറ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നത് അപമാനകരമാണെന്ന് പിണറായി പറഞ്ഞു. അവഹേളനത്തോട്‌ പ്രതികരിക്കാൻ ഉമ്മൻചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണെന്നും തൻെറ ഫേസ്ബുക്ക് പോസ്റ്റിൽ പിണറായി വിമർശിച്ചു.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോദിയെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ കാണണമെങ്കിൽ വിമാനത്താവളത്തിൻെറ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നത് അപമാനകരമാണ്.
14, 15 തീയതികളില്‍ കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് കൊച്ചിയില്‍ സ്വീകരണം ഏറ്റുവാങ്ങാന്‍ സമയമുണ്ട്. ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങാനും ഹെലികോപ്റ്ററില്‍ പറന്നുചെന്ന് ബി.ജെ.പി സമ്മേളനത്തില്‍ പ്രസംഗിക്കാനും സമയമുണ്ട്. നാല്‍പത്തെട്ടു മണിക്കൂര്‍ കേരളത്തില്‍ തങ്ങുമെങ്കിലും താമസ സ്ഥലത്തോ പരിപാടികൾക്കിടയിലോ കേരളത്തിൻെറ മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും സംസാരിക്കാൻ സമയം അനുവദിക്കാനാണ് പ്രയാസം. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച മന്ത്രിസഭയോട് താന്‍ മടങ്ങിപ്പോവുമ്പോള്‍ വിമാനത്താവളത്തിൻെറ ടെക്‌നിക്കല്‍ ഏരിയയില്‍ വന്ന് വേണമെങ്കില്‍ കാണാവുന്നതാണ് എന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞു എന്നാണ് വാർത്ത. ഈ അവഹേളനത്തോട്‌ പ്രതികരിക്കാൻ ഉമ്മൻചാണ്ടിക്ക് തോന്നാത്തത് അത്ഭുതകരമാണ്.

കേന്ദ്രം യജമാനനും സംസ്ഥാനങ്ങള്‍ ദാസ്യപ്രവിശ്യകളുമല്ല. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനു നിരക്കുന്ന രീതിയിലാണ് കേന്ദ്രമായാലും പ്രധാനമന്ത്രിയായാലും പെരുമാറേണ്ടത്. മോദിയുടെ അവഗണനയെ എതിര്‍ക്കാനുള്ള ആര്‍ജവം ഉമ്മൻ ചാണ്ടിക്കുണ്ടാകാത്തത് കേന്ദ്രത്തോടും ബി.ജെ.പിയോടുമുള്ള ദാസ്യമനോഭാവം മൂലമാണ്. പ്രധാനമന്ത്രിയെ ഡല്‍ഹിയില്‍വെച്ചോ കേരളത്തില്‍വെച്ചോ കാര്യങ്ങള്‍ ധരിപ്പിക്കാനാവില്ല എന്നതാണ് സ്ഥിതി. കേരളത്തിലെ മന്ത്രിമാര്‍ പലതവണ ഡല്‍ഹിക്ക് പറന്നു. പ്രധാനമന്ത്രിയെ കണ്ടു. കേരളക്കാര്യം പറയാൻ മാത്രം കഴിഞ്ഞില്ല.
പൊതുബജറ്റും റെയില്‍വെ ബജറ്റും വരാന്‍ പോവുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കകളുയരുന്നു. ഇറക്കുമതിനയം കൊണ്ട് റബ്ബര്‍, നാളികേര കര്‍ഷകര്‍ പൊറുതിമുട്ടുന്നു. ഗള്‍ഫ് പണം പ്രത്യുല്‍പാദനപരമായി ഉപയോഗിക്കാന്‍ പദ്ധതികളില്ല.

കേരളത്തിൻെറ  പൊതുകടം 1,59,523 കോടിയിലേക്ക് കുതിച്ചെത്തുകയും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സംസ്ഥാനം മൂക്കുകുത്തുകയും ചെയ്യുന്നു. ഇത്തരം പ്രശ്നങ്ങൾ പ്രധാനമന്ത്രിയോട് പറയാനും കേന്ദ്ര ഗവൺമെൻറിൻെറ ശ്രദ്ധയിൽ പെടുത്താനും അവസരം ലഭിക്കാത്തതിൽ ഒരു തരത്തിലുമുള്ള പ്രതിഷേധം ഉമ്മൻ ചാണ്ടിക്ക് ഇല്ല എന്നാണോ ജനങ്ങൾ മനസ്സിലാക്കേണ്ടത്? ആത്മാഭിമാനത്തോടെ ശിരസ്സുയര്‍ത്തി നിന്നു കേരളത്തിൻെറ ആവശ്യങ്ങള്‍ ചോദിച്ചുവാങ്ങിക്കാന്‍ ഉമ്മൻചാണ്ടി ഭയപ്പെടുന്നതെന്തിനാണ്?
വിമാനത്താവളത്തിൻെറ ടെക്‌നിക്കല്‍ ഏരിയയില്‍ വന്നു തന്നെ കണ്ടുകൊള്ളാന്‍ പറയുന്ന പ്രധാനമന്ത്രിയോട് അര്‍ഹിക്കുന്ന ഭാഷയില്‍ സംസ്ഥാന ഭാരണാധികാരികൾ മറുപടി പറഞ്ഞിരുന്നെങ്കില്‍ മനോഭാവം മാറ്റാന്‍ മോദി നിർബന്ധിക്കപ്പെടുമായിരുന്നു. ഉമ്മൻചാണ്ടിയുടെ നിസ്സംഗതയിലൂടെ സംസ്ഥാനത്തിൻെറ പൊതുതാല്‍പര്യമാണ് അപകടപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modi
Next Story