കർണാടക വഴി 1812 മെഗാവാട്ട് വൈദ്യുതി വാങ്ങും
text_fieldsകോഴിക്കോട്: കർണാടക ഇടനാഴിയായി ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളം 1812 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യും. കഴിഞ്ഞ ഒക്ടോബറിൽ ഉദ്ഘാടനംചെയ്ത മൈസൂരു–അരീക്കോട് 400 കെ.വി, ഉഡുപ്പി–അരീക്കോട്–മാടക്കത്തറ 400 കെ.വി എന്നീ ലൈനുകളാണ് ഉപയോഗിക്കുകയെന്ന് വൈദ്യുതി ബോർഡ് വക്താവ് വെളിപ്പെടുത്തി. കേന്ദ്ര വിഹിതവും ഈ വഴിയാണ് സ്വീകരിക്കുക. മൂന്നു വർഷ ഹ്രസ്വകാല കരാർ പ്രകാരം 397 മെഗാവാട്ടും 25 വർഷ ദീർഘകാല കരാർ അടിസ്ഥാനത്തിൽ 1415 മെഗാവാട്ടുമാണ് വാങ്ങുന്നത്. മൈസൂരു–അരീക്കോട് ലൈനിലൂടെ ഛത്തിസ്ഗഢിൽനിന്നാണ് വൈദ്യുതി എത്തിക്കുക. പശ്ചിമ ബംഗാളിൽനിന്ന് പുതുവർഷാരംഭത്തോടെ ഈ വഴി വരും. മൈസൂരു–അരീക്കോട് ലൈനിെൻറ സംസ്ഥാന ഭാഗം നേരത്തേ പൂർത്തിയായിരുന്നു. കർണാടക ഭാഗത്തെ പ്രവൃത്തി എതിർപ്പുകൾ കാരണം നീണ്ടു. കർണാടക സർക്കാർ ഇടപെട്ടാണ് തടസ്സങ്ങൾ നീങ്ങിയത്.
ഉഡുപ്പി–അരീക്കോട്–മാടക്കത്തറ ലൈനിെൻറ കാസർകോട് മൈലാട്ടി വരെയുള്ള ഭാഗം പവർഗ്രിഡ് നിർമിക്കും. ശേഷിക്കുന്ന ഭാഗം കെ.എസ്.ഇ.ബിയും. മൈലാട്ടി 220 കെ.വി സബ്സ്റ്റേഷനിൽ വോൾട്ടേജ് മൈസൂരു–അരീക്കോട് ലൈൻ കമീഷൻ ചെയ്തതോടെ 200 കെ.വിയിൽനിന്ന് 216 കെ.വിയായി ഉയർന്നിരുന്നു. മലബാറിലെ പ്രസരണ നഷ്ടം കുറയുകയും ഇറക്കുമതിശേഷി വർധിക്കുകയും ചെയ്യുമെന്നതാണ് പുതിയ ലൈനുകളുടെ നേട്ടം. മൈസൂരു–അരീക്കോട് ലൈൻ വന്നതോടെ ഇറക്കുമതിശേഷി 500 മെഗാവാട്ട് വർധിച്ച് 2400 മെഗാവാട്ടായി ഉയർന്നു. പ്രസരണനഷ്ടത്തിൽ 25 മെഗാവാട്ടിലധികം കുറവും.
ശരാശരി 220 ദശലക്ഷം വൈദ്യുതി ലാഭിക്കാൻ കഴിയുന്നു. ഉഡുപ്പി ലൈൻ യാഥാർഥ്യമാവുന്നതോടെ ഇറക്കുമതിശേഷിയിൽ വൻവർധനയും പ്രസരണനഷ്ടത്തിൽ കുറവുമുണ്ടാവും. കാസർകോട്ട് 1000 ഏക്കർ തരിശുഭൂമിയിൽ സ്ഥാപിക്കുന്ന സൗരോർജ പാർക്കിൽ ഉൽപാദിപ്പിക്കുന്ന 200 മെഗാവാട്ട് വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡിൽ കടത്തിവിട്ടാണ് വിതരണം ചെയ്യുകയെന്ന് വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
