മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് നിയമലംഘനം നടത്തിയെന്നാരോപിച്ച് കേരളം വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. ജലനിരപ്പ് സുപ്രീംകോടതി നിര്‍ദേശിച്ച 142 അടിയാകുമ്പോള്‍ ഷട്ടറുകള്‍ തുറക്കണമെന്ന ജലകമീഷന്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ളെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും പരാതി നല്‍കുകയെന്ന് മന്ത്രി പി.ജെ. ജോസഫ് നിയമസഭയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നിയമപരമായും ഭരണപരമായും എല്ലാ പരിഹാരമാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.
ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ക്കുള്ള ആശങ്കകളെക്കുറിച്ച് ഇ.എസ്. ബിജിമോള്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അവര്‍.
പ്രമേയത്തിന് അവതരണാനുമതിനിഷേധിച്ചെങ്കിലും പ്രതിപക്ഷം ചൊവ്വാഴ്ച വാക്കൗട്ടിന് തയാറായില്ല. അതേസമയം, അടിയന്തരമായി ദേശീയ മനുഷ്യാവകാശകമീഷനെ സമീപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജലനിരപ്പ് ഉയര്‍ന്നതോടെ സുരക്ഷാ ആശങ്ക പരിഹരിക്കാന്‍ വെള്ളം കൊണ്ടുപോകണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറാകാത്തതാണ് പ്രശ്നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു നിര്‍ഭാഗ്യകരമാണ്. ഷട്ടര്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. തമിഴ്നാടിന് വെള്ളം നല്‍കുന്നതിന് എതിരല്ല. എന്നാല്‍, കേരളത്തിന്‍െറ മണ്ണിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് മൂലമുണ്ടാകുന്ന ഭവിഷ്യത്ത് നേരിടേണ്ടിവരുന്നത് നമ്മളാണ്. ജനങ്ങള്‍ക്ക് അപകടമുണ്ടായോ ഇല്ലയോ എന്നതല്ല, അവര്‍ക്കുണ്ടായ ഭയമാണ് പ്രധാനവിഷയം. അതു തമിഴ്നാട് മനസ്സിലാക്കണം. പ്രധാനമന്ത്രിയെയും കേന്ദ്ര ജലവിഭവ മന്ത്രിയെയും കണ്ട് കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തും. നിയമനടപടികളും സ്വീകരിക്കും.
അന്തര്‍ദേശീയ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘത്തെക്കൊണ്ട് അണക്കെട്ട് പരിശോധിപ്പിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കും.സുരക്ഷാ അണക്കെട്ട് നിര്‍മിക്കണമെന്ന ആശയത്തില്‍നിന്ന് പിന്നോട്ടില്ല. എന്നാല്‍, അതിനും തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ്.
പ്രദേശത്തുനിന്ന് ആരെയും നിര്‍ബന്ധമായി ഒഴിപ്പിക്കില്ളെങ്കിലും പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സഹായം നല്‍കും. കഴിഞ്ഞദിവസം ഷട്ടര്‍ തുറന്നപ്പോള്‍ എന്തെങ്കിലും പാളിച്ച ഉണ്ടായോയെന്ന് പരിശോധിക്കും.
സുപ്രീംകോടതി വിധിയോടെയാണ് ജലനിരപ്പ് 142 ആയി ഉയര്‍ത്തേണ്ടി വന്നതെന്ന് മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു. ഇത്രയും എത്തിക്കാനായി തമിഴ്നാട് വെള്ളം കൊണ്ടുപോകാതിരിക്കുകയായിരുന്നു. ഷട്ടര്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന് മേല്‍നോട്ട കമിറ്റിക്ക് കത്തുനല്‍കിയിട്ടും പാലിച്ചില്ല. മേല്‍നോട്ടസമിതി വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല. രണ്ടുദിവസം തുടര്‍ച്ചയായി 60 സെന്‍റീമീറ്റര്‍ മഴ പെയ്താല്‍ അണക്കെട്ട് നിറഞ്ഞു കവിയുമെന്നാണ് ഡല്‍ഹി ഐ.ഐ.ടിയിലെ പഠനം. ഇതിനെ തമിഴ്നാട് അംഗീകരിച്ചില്ല. ചെന്നൈയില്‍ 24 മണിക്കൂര്‍ കൊണ്ട് 30 സെന്‍റീമീറ്റര്‍ മഴപെയ്തതിനാല്‍ മുല്ലപ്പെരിയാറിലും അതു അസാധ്യമല്ല. കവിഞ്ഞൊഴുകിയാല്‍ ഒരുഅണക്കെട്ടും നിലനില്‍ക്കില്ല. ഇക്കാര്യം സുപ്രീംകോടതിയുടെയും തമിഴ്നാടിന്‍െറയും ശ്രദ്ധയില്‍കൊണ്ടുവരും. എത്രപണം ചെലവായാലും സുരക്ഷാഡാം നിര്‍മിക്കാന്‍ ഒരുക്കമാണ്. നിയമസഭയില്‍ നടന്ന ചര്‍ച്ചകളിലും സര്‍വകക്ഷിയോഗത്തിലും നല്‍കിയ ഉറപ്പുകളൊന്നും സര്‍ക്കാര്‍ പാലിച്ചില്ളെന്ന് ബിജിമോള്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ ആശങ്കയിലായിട്ടും സര്‍ക്കാര്‍ നിസ്സഹായമായി നില്‍ക്കുകയാണ്. കോടതിനിര്‍ദേശം പോലും തമിഴ്നാട് അനുസരിക്കുന്നില്ല. കേരളത്തിന്‍െറ ശബ്ദം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ളെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. ജലനിരപ്പ് ഉയര്‍ന്നിട്ടും സര്‍ക്കാര്‍ അലംഭാവം കാട്ടുകയായിരുന്നു. പ്രശ്നം ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
