കോഴിക്കോട്ട് പിഞ്ചുകുഞ്ഞടക്കം കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ
text_fieldsചേമഞ്ചേരി(കോഴിക്കോട്): ദമ്പതികളും ആറുമാസം പ്രായമായ ആണ്‍കുഞ്ഞും രണ്ടിടത്തായി മരിച്ചനിലയില്‍. കാട്ടില്‍പീടിക അറക്കല്‍ നടുവിലപ്പുരക്കല്‍ പുരുഷോത്തമന്‍െറ മകള്‍ അനുഷ (21), മകന്‍ അഹിന്ദ് കൃഷ്ണ (ആറുമാസം) എന്നിവരെ സ്വവസതിയില്‍ മരിച്ചനിലയിലും ഭര്‍ത്താവ് കോഴിക്കോട് കല്ലായി മാനാരി പ്രശാന്തിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്തെിയത്.
ശനിയാഴ്ച ഉച്ചയോടെ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കാട്ടില്‍പീടികയിലെ വീട്ടില്‍ വന്നതായിരുന്നു അനുഷ. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് അനുഷയും മകനും കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ശനിയാഴ്ച രാത്രി ഭാര്യവീട്ടില്‍ ഉറങ്ങിയ പ്രശാന്ത് അര്‍ധരാത്രി ഭാര്യയെയും മകനെയും അപായപ്പെടുത്തിയ ശേഷം പുലര്‍ച്ചെ മൂന്നുമണിയോടെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു.
മൂന്നുമണിക്ക് എഴുന്നേറ്റ പുരുഷോത്തമന്‍ പ്രശാന്തിന്‍െറ ബൈക്ക് കാണാതിരുന്നത് ശ്രദ്ധിച്ചിരുന്നു. ഇവിടെ വന്നാല്‍ ജോലിയാവശ്യാര്‍ഥം അതിരാവിലെ പോകുന്ന പതിവുണ്ടായിരുന്നതിനാല്‍ പുരുഷോത്തമന് അസ്വാഭാവികത തോന്നിയില്ല.
രാവിലെ പേരക്കുട്ടിയെ എടുക്കാന്‍ പാതിചാരിയ വാതില്‍ തുറന്നപ്പോഴാണ് അമ്മ മാളുക്കുട്ടി മൃതദേഹങ്ങള്‍ കണ്ടത്.
പ്രശാന്തിനെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അനുഷയുടെ ബന്ധുക്കള്‍ രാവിലെ എട്ടു മണിയോടെ പ്രശാന്തിന്‍െറ വീട്ടുകാരെ ദുരന്തത്തെക്കുറിച്ച് അറിയിച്ചു. വീട്ടുകാര്‍ പ്രശാന്തിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് മുറിയില്‍ കയറിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്തെിയത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രണ്ടു മണിക്കൂര്‍ മുമ്പ് മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ശ്വാസംമുട്ടിയാണ് അനുഷയും കുഞ്ഞും മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ലഭിച്ച സൂചന.
2014 ജൂലൈ 13നായിരുന്നു പ്രശാന്തിന്‍െറയും അനുഷയുടെയും വിവാഹം. ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മകനെ ഗര്‍ഭം ധരിച്ചപ്പോള്‍ അനുഷയെ പ്രശാന്ത് കാട്ടില്‍പീടികയിലെ വീട്ടിലാക്കി. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അനുഷയെ പ്രശാന്ത് കല്ലായിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മരണസമയത്ത് അനുഷ ഗര്‍ഭിണിയായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു.
പ്രശാന്ത് രണ്ടുവര്‍ഷമായി കല്ലായി മാനാരിയില്‍ വിനായക ഇന്‍ഡസ്ട്രിയല്‍ എന്ന സ്ഥാപനം നടത്തുകയാണ്. കട പൊളിച്ചുപോയെങ്കിലും സൈറ്റുകളില്‍ പോയി ജോലിചെയ്യാറുണ്ട്. ജയപ്രകാശനാണ് പ്രശാന്തിന്‍െറ പിതാവ്. മാതാവ്: ഉഷ. സഹോദരി: സുബിഷ. മാളുക്കുട്ടിയാണ് അനുഷയുടെ മാതാവ്. സഹോദരി: ദിവ്യ.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം പ്രശാന്തിന്‍െറ മൃതദേഹം മാനാരി പൊതുശ്മശാനത്തിലും അനുഷയുടെയും മകന്‍െറയും മൃതദേഹം വെസ്റ്റ്ഹില്‍ പൊതുശ്മശാനത്തിലും സംസ്കരിച്ചു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഡി. സാലി, കൊയിലാണ്ടി സി.ഐ ആര്‍. ഹരിദാസന്‍, എസ്.ഐ നിബുന്‍ ശങ്കര്‍, കൊയിലാണ്ടി തഹസില്‍ദാര്‍ സജീവ് ദാമോദര്‍ എന്നിവര്‍ ദുരന്തം നടന്ന കാട്ടില്‍പീടികയിലെ വീട് സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
