തൃശൂര്‍ കോര്‍പറേഷന്‍: വിമതര്‍ക്ക് പദവി നല്‍കാന്‍ ഡി.സി.സി തീരുമാനം
text_fieldsതൃശൂര്‍: കോര്‍പറേഷനില്‍ കോണ്‍ഗ്രസ് ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ച് വിജയിച്ചവര്‍ക്ക് കെ.പി.സി.സിയുടെ നിര്‍ദേശം അവഗണിച്ച് പദവി നല്‍കാന്‍ ഡി.സി.സി തീരുമാനം. ചിയ്യാരം നോര്‍ത്, സൗത് ഡിവിഷനുകളില്‍നിന്ന് ജയിച്ച ജേക്കബ് പുലിക്കോട്ടില്‍, കുട്ടി റാഫി എന്നിവര്‍ക്ക് പദവികള്‍ നല്‍കാന്‍ ശനിയാഴ്ച ചേര്‍ന്ന ഡി.സി.സി നേതൃയോഗം തീരുമാനിച്ചിരുന്നു.
കുട്ടി റാഫിയെ പാര്‍ലമെന്‍ററി പാര്‍ട്ടി ട്രഷററായും ജേക്കബ് പുലിക്കോട്ടിലിനെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായുമാണ് തീരുമാനിച്ചത്. വിമതര്‍ക്കെതിരായ നടപടി പുന$പരിശോധിക്കില്ളെന്ന നിലപാടില്‍ പിന്നീട് അയവ് വരുത്തിയ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ഡി.സി.സി സസ്പെന്‍ഡ് ചെയ്തവര്‍ക്കെതിരെ അതത് ഘടകങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, അവര്‍ക്ക് പദവി നല്‍കരുതെന്നും നിര്‍ദേശം നല്‍കി.
വിമതരെയും ബി.ജെ.പിയെയും കൂട്ടുപിടിച്ച് തൃശൂര്‍ കോര്‍പറേഷനില്‍ മകളെ മേയറാക്കാന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നീക്കം നടത്തുന്നതായി വിവാദം ഉയര്‍ന്നതോടെ അത് ഉപേക്ഷിച്ചു. മേയര്‍ തെരഞ്ഞെടുപ്പിന്‍െറ തലേന്ന് രാത്രിയാണ് ഇരു വിമതരുടെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചത്. വിമതര്‍ക്ക് പദവി നല്‍കരുതെന്ന കെ.പി.സി.സിയുടെ നിര്‍ദേശം അട്ടിമറിച്ച ഡി.സി.സി തീരുമാനത്തിനെതിരെ ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രതിഷേധമുണ്ട്.
കേവല ഭൂരിപക്ഷമില്ലാതെ കോര്‍പറേഷന്‍ ഭരിക്കുന്ന ഇടതുമുന്നണിക്ക് 26ഉം വിമതരുള്‍പ്പെടെ യു.ഡി.എഫിന് 23ഉം ബി.ജെ.പിക്ക് ആറും അംഗങ്ങളാണുള്ളത്. എട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഡെപ്യൂട്ടി മേയര്‍ ചെയര്‍മാനാകുന്ന ധനകാര്യം ഉള്‍പ്പെടെ ഇടതുമുന്നണിക്ക് അഞ്ചും യു.ഡി.എഫിന് മൂന്നും സ്റ്റാന്‍ഡിങ് കമ്മിറ്റികളിലാണ് ഭൂരിപക്ഷം. ഇതില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ജേക്കബ് പുലിക്കോട്ടിലിനെ മത്സരിപ്പിക്കാന്‍ ഡി.സി.സി തീരുമാനിച്ചത്. എ ഗ്രൂപ്പിലെ ജോണ്‍ ഡാനിയേലിനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്സനായി ഐ ഗ്രൂപ്പിലെ വല്‍സല ബാബുരാജും നഗരാസൂത്രണത്തില്‍ എ ഗ്രൂപ്പിലെ എം.ആര്‍. റോസിലിയുമാണ് പരിഗണനയിലുള്ളത്.
വിമതര്‍ക്ക് സ്ഥാനം നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനാണെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ആരോപിക്കുന്നുണ്ട്. ഒൗദ്യോഗിക സ്ഥാനാര്‍ഥികളെ തോല്‍പിച്ച വിമതരെ മന്ത്രി വിളിച്ചുവരുത്തി അഭിനന്ദിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തത് വിവാദമായിരുന്നു. തിങ്കളാഴ്ചയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. പ്രതിപക്ഷ നേതൃപദവി നല്‍കാത്തതില്‍ ഇടഞ്ഞ് നില്‍ക്കുന്ന മുന്‍മേയര്‍ രാജന്‍ പല്ലന്‍െറ സഭയെ കൂട്ടുപിടിച്ചുള്ള നീക്കത്തോടൊപ്പം, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിമതരെ പരിഗണിച്ചതിലുള്ള എതിര്‍പ്പ് പലരും കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
