അനിശ്ചിതത്വം ഒഴിയുന്നു; മാർച്ച് മുതൽ നഴ്സുമാർ വീണ്ടും ഗൾഫിലേക്ക് പറക്കും
text_fieldsകോട്ടയം: സ്വകാര്യ എജൻസികളുടെ ചൂഷണം തടയാനുള്ള കേന്ദ്ര ഇടപെടലിൽ തട്ടി വിദേശ നഴ്സിങ് റിക്രൂട്ട്മെൻറിൽ ഉടലെടുത്ത അനിശ്ചിതത്വം ഒഴിയുന്നു. മാർച്ച് മുതൽ സംസ്ഥാനത്തുനിന്നുള്ള നഴ്സുമാർ വീണ്ടും ഗൾഫിലേക്ക് പറന്നുതുടങ്ങും. കുവൈത്തിലേക്കും സൗദിയിലേക്കുമാണ് ആദ്യഘട്ടത്തിൽ അവസരം.
ചർച്ചകൾക്കായി കുവൈത്ത് ആരോഗ്യമന്ത്രാലയ പ്രതിനിധികൾ ഡിസംബർ 17ന് കേരളത്തിലെത്തും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നോർക്കയുടെ ചുമതലയുള്ള മന്ത്രി കെ.സി. ജോസഫ്, തൊഴിൽമന്ത്രി ഷിബു ബേബി ജോൺ എന്നിവരെ സംഘം കാണും.
റിക്രൂട്ട്മെൻറ് ചുമതലയുള്ള നോർക്ക റൂട്ട്സ്, ഒഡെപെക്, തമിഴ്നാട്ടിലെ മാൻപവർ ഓവർസീസ് കോർപറേഷൻ എന്നിവയുടെ അധികൃതരുമായി ആരോഗ്യമന്ത്രാലയ ലീഗൽ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ. മഹമൂദ് അബ്ദുൽ ഹാദിയുടെ നേതൃത്വത്തിൽ സംഘം ചർച്ച നടത്തും. ഇതിൽ തെരഞ്ഞെടുപ്പ് രീതി, ഒഴിവുകൾ എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കും.
റിക്രൂട്ട്മെൻറിെൻറ മറവിൽ നടക്കുന്ന തട്ടിപ്പ് പുറത്തുവന്നതോടെയാണ് സംസ്ഥാന സർക്കാറിെൻറ ആവശ്യപ്രകാരം 17 ഇ.സി.ആർ. രാജ്യങ്ങളിലേക്കുള്ള നിയമനങ്ങൾ നോർക്ക, ഒഡേപെക്, തമിഴ്നാട്ടിലെ ഒ.എം.സി എന്നീ സർക്കാർ എജൻസികൾ വഴി മാത്രമാക്കി കേന്ദ്രം ഉത്തരവിറക്കിയത്. ഇതിെൻറ തുടർച്ചയായി ഏപ്രിലിൽ പ്രിൻസിപ്പൽ സെക്രട്ടറി ടോം ജോസിെൻറ നേതൃത്വത്തിൽ ഉന്നതതല നോർക്ക സംഘം കുവൈത്തിലെത്തി ചർച്ച നടത്തിയിരുന്നു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് മാത്രം 3,500ഓളം നഴ്സുമാരുടെ ഒഴിവുണ്ടെന്നാണ് കണക്ക്. അടുത്തിടെ സൗദി അറേബ്യയിലേക്കുള്ള നഴ്സുമാരുടെ റിക്രൂട്ട്മെൻറും സർക്കാർ ഏജൻസികൾ വഴിയാക്കാൻ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. നിലവിൽ സൗദി ആരോഗ്യമന്ത്രാലയത്തിെൻറ കീഴിലുള്ള സ്ഥാപനങ്ങളിലെ ചെറിയൊരു ശതമാനം ഒഴിവുകളിൽ ഒഡെപെക്ക് നിയമനം നടത്തുന്നുണ്ട്. ഇത് വിപുലമാക്കുകയും നോർക്ക, ഒ.എം.സി എന്നിവയെ കൂടി ഉൾപ്പെടുത്തുകയും ചെയ്യും.
മറ്റ് ഗൾഫ് രാജ്യങ്ങളുമായും എംബസികളുടെ നേതൃത്വത്തിൽ ചർച്ച പുരോഗമിക്കുകയാണെന്ന് നോർക്ക അധികൃതർപറഞ്ഞു. മേയ് 30 മുതൽ സംസ്ഥാനത്തുനിന്നുള്ള നഴ്സിങ് റിക്രൂട്ട്മെൻറ് നിലച്ചതോടെ ആയിരങ്ങളാണ് ദുരിതത്തിലായത്. സ്വകാര്യ എജൻസികൾ വഴി റിക്രൂട്ട്മെൻറ് നടത്തുമ്പോൾ ആശുപത്രി അധികൃതർക്കും ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥർക്കും എജൻറുമാർ നിരവധി ആനുകൂല്യങ്ങൾ നൽകിയിരുന്നു. ഇത്തരം ആനുകൂല്യങ്ങൾ നഷ്ടമാകുമെന്നതിനാൽ അവിടത്തെ ഉദ്യോഗസ്ഥർ പുതിയ സംവിധാനത്തോട് മുഖംതിരിഞ്ഞു നിൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
