മലയാളി ഉദ്യോഗസ്ഥനെ തലക്കടിച്ച് കൊന്ന കേസ്: എട്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
text_fieldsകോയമ്പത്തൂര്‍: ശിക്ഷണനടപടിയെടുത്ത കാരണത്താല്‍ സ്വകാര്യ കമ്പനിയിലെ മലയാളി ഉദ്യോഗസ്ഥനെ ഒരുവിഭാഗം തൊഴിലാളികള്‍ ഇരുമ്പുവടികളുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോയമ്പത്തൂര്‍ പ്രത്യേക കോടതി ഉത്തരവിട്ടു. കോയമ്പത്തൂര്‍ പെരിയനായ്ക്കന്‍പാളയം പ്രിക്കോള്‍ കമ്പനി വൈസ് പ്രസിഡന്‍റ് (എച്ച്.ആര്‍ വിഭാഗം) എറണാകുളം മൂവാറ്റുപുഴ ആവോലി സ്വദേശി റോയ് ജെ. ജോര്‍ജ് കൊല്ലപ്പെട്ട കേസിലാണ് വിധി.
ഒന്ന് മുതല്‍ എട്ട് വരെ പ്രതികളായ കെ. മണിവണ്ണന്‍ (34), ഇ. രാമമൂര്‍ത്തി (34), എസ്. രാജേന്ദ്രന്‍ (41), പി. ശിവകുമാര്‍ (31), എ. വേല്‍മുരുകന്‍ (47), എം. സമ്പത്ത്കുമാര്‍ (37), എന്‍. ശരവണകുമാര്‍ (31), ഗുണപാലന്‍ (42) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. 2000 രൂപ വീതം പിഴയും അടക്കണം. ഇതിനുപുറമെ ഇവര്‍ക്ക് അഞ്ചുവര്‍ഷം വീതം തടവും വിധിച്ചിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജി ശ്രീനിവാസനാണ് വിധി പറഞ്ഞത്. മതിയായ തെളിവില്ലാത്തതിനാല്‍ മറ്റ് 19 പ്രതികളെ വെറുതെവിട്ടു.
പ്രിക്കോളിന് കീഴിലെ മലുമിച്ചംപട്ടി യൂനിറ്റിലെ 42 തൊഴിലാളികളെ പിരിച്ചുവിട്ടതിന് പിന്നില്‍ റോയ് ജെ. ജോര്‍ജാണെന്ന് ആരോപിച്ച് അക്രമിസംഘം മാരകായുധങ്ങളുമായി കാബിനില്‍ കയറി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി റോയ് ജെ. ജോര്‍ജ് മരിച്ചു. ഓഫിസിലുണ്ടായിരുന്ന ശക്തിവേല്‍, ശങ്കര്‍, തിരുമുരുകന്‍, സരസ്വതി എന്നീ ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. 2009 സെപ്റ്റംബര്‍ 21ന് നടന്ന സംഭവം ഏറെ വിവാദമായിരുന്നു. കമ്പനിയില്‍ സംഘടനാസ്വാതന്ത്ര്യം നിഷേധിച്ച മാനേജ്മെന്‍റ് നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
