Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരുമുന്നണികളും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നിച്ചു; പാലക്കാട്ട് ബി.ജെ.പിക്ക് സ്ഥിരംസമിതി നഷ്ടമായി

text_fields
bookmark_border
ഇരുമുന്നണികളും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നിച്ചു; പാലക്കാട്ട് ബി.ജെ.പിക്ക് സ്ഥിരംസമിതി നഷ്ടമായി
cancel


പാലക്കാട്: യു.ഡി.എഫും എല്‍.ഡി.എഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നിച്ചതോടെ പാലക്കാട് നഗരസഭയിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തായി. സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണിത്. 52 അംഗ കൗണ്‍സിലില്‍ 24 സീറ്റ് കരസ്ഥമാക്കിയ ബി.ജെ.പിയാണ് വലിയ ഒറ്റകക്ഷി. യു.ഡി.എഫിന് 17ഉം എല്‍.ഡി.എഫിന് ഒമ്പതും പേരുണ്ട്. ഒരു സീറ്റില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയും ഒന്നില്‍ ലീഗ് വിമതനുമാണ്. ഇടത്-വലത് മുന്നണികള്‍ വേറിട്ട് മത്സരിച്ചതിനാല്‍ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചത് ബി.ജെ.പിയാണ്. ചൊവ്വാഴ്ച സ്ഥിരം സമിതികളിലേക്ക് ആകെ 44 അംഗങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ ബി.ജെ.പിക്ക് 16 അംഗങ്ങളെ മാത്രമാണ് ലഭിച്ചത്. ബി.ജെ.പിക്കെതിരെ  മറ്റംഗങ്ങള്‍ ഒരുമിച്ചതാണ് കാരണം. വികസനം, പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം സ്റ്റാന്‍ഡിങ് കമ്മിറ്റികളിലെല്ലാം പ്രതിപക്ഷത്തിനാണ് ആധിപത്യം. വികസനകാര്യ കമ്മിറ്റിയില്‍ യു.ഡി.എഫിനും ബി.ജെ.പിക്കും നാലുവീതവും ഇടതുപക്ഷത്തിന് ഒരംഗവും ലഭിച്ചു. ക്ഷേമകാര്യ വിഭാഗത്തില്‍ യു.ഡി.എഫിന് മൂന്നും ബി.ജെ.പിക്ക് നാലും എല്‍.ഡി.എഫിന് രണ്ടും അംഗങ്ങളെ വിജയിപ്പിക്കാനായി. ആരോഗ്യ കമ്മിറ്റിയില്‍ യു.ഡി.എഫിനും ബി.ജെ.പിക്ക് മൂന്ന് വീതവും ഇടതുമുന്നണിക്ക് രണ്ടും ലഭിച്ചു. ധനകാര്യ വിഭാഗത്തില്‍ സ്വതന്ത്രനും വെല്‍ഫെയര്‍ പാര്‍ട്ടിയും അംഗമായപ്പോള്‍ ബി.ജെ.പിക്ക് രണ്ടു പേരെ വിജയിപ്പിക്കാനായി. സി.പി.എമ്മിന് ഒരംഗമുണ്ട്.
വിദ്യാഭ്യാസ കമ്മിറ്റിയില്‍ യു.ഡി.എഫിന് നാലും എല്‍.ഡി.എഫിന് ഒന്നും പൊതുമരാമത്തില്‍ യു.ഡി.എഫിന് മൂന്നും സി.പി.എമ്മിന് രണ്ടും  ബി.ജെ.പിക്ക് മൂന്നുംഅംഗങ്ങളുണ്ട്.
ക്ഷേമകാര്യ കമ്മിറ്റിയിലേക്ക് നടന്ന വോട്ടെടുപ്പില്‍ ബി.ജെ.പിയുടെ നാലംഗങ്ങള്‍ക്ക് ആറുവീതം വോട്ടുകള്‍ ലഭിച്ചപ്പോള്‍ നറുക്കെടുപ്പില്‍ ബി.ജെ.പിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ എന്‍. ശിവരാജന് പുറത്തായി. ധനകാര്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്ക് ഇനി മൂന്നുവീതം അംഗങ്ങളെ തെരഞ്ഞെടുക്കണം.
ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബി.ജെ.പിക്ക് ലഭിക്കും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ തെരഞ്ഞെടുപ്പ് ഏഴിന് നടക്കും.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story