വെള്ളാപ്പള്ളിക്കെതിരെ കോടതിയിൽ എഫ്.ഐ.ആർ
text_fieldsആലുവ: വെള്ളാപ്പള്ളി നടേശെൻറ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) സമർപ്പിച്ചു.
പ്രിൻസിപ്പൽ എസ്.ഐ പി.എ. ഫൈസലാണ് ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ചൊവ്വാഴ്ച എഫ്.ഐ.ആർ സമർപ്പിച്ചത്. വെള്ളാപ്പള്ളിക്ക് എതിരെ തിങ്കളാഴ്ച രാത്രി ഐ.പി.സി 153 എ (എ) പ്രകാരം കേസെടുത്തിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവന സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ, ടി.എൻ. പ്രതാപൻ എം.എൽ.എ, കളമശ്ശേരി സ്വദേശി പുന്നക്കാടൻ ജി. ഗിരീഷ് ബാബു എന്നിവർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ വി.എം. സുധീരെൻറ പരാതി മുഖ്യമായി പരിഗണിച്ചാണ് കേസെടുത്തത്. ടി.എൻ. പ്രതാപൻ, ഗിരീഷ് ബാബു എന്നിവരുടെ പരാതികളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട്ട് മാൻഹോളിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ നൗഷാദിന് സർക്കാർ സാമ്പത്തികസഹായം പ്രഖ്യാപിച്ചത് നൗഷാദ് മുസ്ലിം ആയതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. പ്രത്യേക മതത്തിൽപ്പെട്ടവർ മരിക്കുമ്പോൾ മാത്രമാണ് ഇവിടെ ആനുകൂല്യം ലഭിക്കുന്നതെന്നും അതിനാൽ ആ മതവിഭാഗക്കാരനായി മരിക്കാൻ കൊതി തോന്നുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എറണാകുളത്തുനിന്ന് ഹാൻഡ്ബാൾ മത്സരത്തിന് പോയപ്പോൾ മരണമടഞ്ഞ മൂന്ന് ഹിന്ദുവിദ്യാർഥികളുടെ കുടുംബത്തിന് സർക്കാർ ഒരുപരിഗണനയും നൽകിയില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.
വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ പൊതുജനങ്ങളിൽ മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. വിവിധ മതവിഭാഗങ്ങൾ തമ്മിൽ വെറുപ്പ്, വിദ്വേഷം, ശത്രുതമനോഭാവം എന്നിവ ഉണ്ടാക്കുന്ന വിധത്തിലായിരുന്നു പ്രസ്താവന. ഇത് ഇന്ത്യൻ ശിക്ഷാനിയമം 153 എ (എ) പ്രകാരമുള്ള കുറ്റമാണെന്നും ഇതുപ്രകാരം വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്.
വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവനകൾ പ്രസിദ്ധീകരിച്ച പത്രങ്ങളും ദൃശ്യമാധ്യമങ്ങൾ സംപ്രേഷണം ചെയ്തതിെൻറ പകർപ്പുകളും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്. പരാതിയിന്മേൽ കേസന്വേഷണം ആരംഭിച്ചതായി ഡിവൈ.എസ്.പി പി.പി. ശംസ്, സി.ഐ ടി.ബി. വിജയൻ എന്നിവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പരാതിയോടൊപ്പം ലഭിച്ച തെളിവുകൾ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
