അപേക്ഷ നല്‍കി 48 മണിക്കൂറിനുള്ളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് നല്‍കണം –ഹൈകോടതി
text_fieldsകൊച്ചി: ക്രിമിനല്‍ കേസിലെ പ്രതിക്ക് പൊലീസ് സ്റ്റേഷനില്‍ അപേക്ഷ നല്‍കി 48 മണിക്കൂറിനുള്ളില്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് നല്‍കണമെന്ന് ഹൈകോടതി. അപേക്ഷ സമര്‍പ്പിക്കുന്നത് മജിസ്ട്രേറ്റ് കോടതിയിലാണെങ്കില്‍ രണ്ട് പ്രവൃത്തി ദിനങ്ങള്‍ക്കുള്ളില്‍ നല്‍കണം. നിയമപ്രകാരം ഒഴിവാക്കേണ്ട സാഹചര്യമില്ളെന്നു ബോധ്യപ്പെട്ടാല്‍ വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷയിലും പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കണം. പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാറിനോട് ഉചിതമായ തീരുമാനം മൂന്ന് മാസത്തിനുള്ളില്‍ കൈക്കൊള്ളാനും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
സ്ത്രീധന പീഡനമാരോപിച്ച് ഭാര്യ സമര്‍പ്പിച്ച പരാതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് രണ്ടുമാസം വൈകി ലഭിച്ചതിനെ ചോദ്യംചെയ്ത് കോട്ടയം സ്വദേശി ജിജു ലൂക്കോസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. പൊലീസുമായി അടുത്ത ബന്ധമില്ലാത്തവര്‍ക്ക് എഫ്.ഐ.ആറിലെ വിവരങ്ങള്‍ അറിയാന്‍ കഴിയില്ളെന്നതാണ് അവസ്ഥ. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എഫ്.ഐ.ആറില്‍ മാറ്റം വരുത്താനും കേസ് അട്ടിമറിക്കാനുമുള്ള സാഹചര്യവുമുണ്ട്. ക്രിമിനല്‍ നടപടി ക്രമം ചൂണ്ടിക്കാട്ടി കോടതി നടപടികളുടെ ഘട്ടം എത്തിയശേഷം മാത്രമാണ് പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് കിട്ടുക. പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കുന്നത് ഒൗദ്യോഗികമാണെങ്കിലും അത് പിന്നീട് പൊതുരേഖയായി മാറുന്നതാണ്. വിവരാവകാശ നിയമ പ്രകാരം പൊതുരേഖകള്‍ അപേക്ഷകന് നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഓണ്‍ ലൈന്‍ വഴിയുള്ള അപേക്ഷ സ്വീകരിച്ച് എഫ്.ഐ.ആര്‍ പകര്‍പ്പ് അനുവദിക്കാനും പകര്‍പ്പ് പൊലീസ് സ്റ്റേഷനുകളുടെ വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യാനും ഉത്തരവിടണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
അതേസമയം, പല കാരണങ്ങളാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് വെബ്സൈറ്റിലിടുന്നത് അനുവദിക്കാവുന്നതല്ളെന്നും പ്രായോഗികമല്ളെന്നും സര്‍ക്കാറിന് വേണ്ടി സ്പെഷന്‍ ഗവ. പ്ളീഡര്‍ ഗിരിജാ ഗോപാല്‍ അറിയിച്ചു. ദേശീയ, അന്തര്‍ദേശീയ സുരക്ഷയും വികാരപരമായ സംഭവങ്ങളുടെ കാര്യത്തിലും പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് നല്‍കലും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യലും സാധ്യമാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തിട്ടില്ല. ഒട്ടേറെ കാര്യങ്ങള്‍ പരിശോധിച്ച് വേണം ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ദേശീയ, അന്തര്‍ദേശീയ സുരക്ഷ ഉള്‍പ്പെടെയുള്ള നിയമപരമായി ഒഴിവാക്കപ്പെടേണ്ട കാര്യങ്ങളിലൊഴികെ വിവരാവകാശ നിയമപ്രകാരം വിവരം നല്‍കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കി. പ്രതിക്ക് പ്രഥമ വിവര റിപ്പോര്‍ട്ട് ലഭ്യമാക്കുകയെന്നതും വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നതാണ്. പ്രഥമ വിവര റിപ്പോര്‍ട്ടും, ഇതിന്‍െറ സ്വഭാവവും വ്യക്തമാക്കുന്ന തരത്തില്‍ പോലീസിന്‍െറ ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിഷയങ്ങളും പരിഗണിച്ച് മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കേണ്ടതില്ല എന്നു തീരുമാനിക്കുന്നതിനു പൊലീസിനു അധികാരമുണ്ടോയെന്നു പരിശോധിക്കണം. വിവരാവകാശ നിയമത്തിലെ എട്ടാംവകുപ്പ് പ്രകാരം ചില രേഖകള്‍ നല്‍കേണ്ടതില്ളെന്നു തീരുമാനിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് അധികാരമുണ്ടെന്നു കോടതി പറഞ്ഞു. എന്നാല്‍ ഏതെല്ലാം തരത്തിലുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് വെബ് സൈറ്റില്‍ നല്‍കാമെന്ന് ഉന്നത പൊലീസ് അധികാരികള്‍ തീരുമാനമെടുക്കണം. ഏതെല്ലാം തരത്തിലുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കാമെന്നത് സംബന്ധിട്ട് ഇനം തിരിച്ച് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
