സൂപ്പര്‍ക്ളാസ് പെര്‍മിറ്റുകളില്‍ വീണ്ടും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകള്‍
text_fieldsകോട്ടയം: ഹൈകോടതി ഉത്തരവ് പ്രകാരം കെ.എസ്.ആര്.ടി.സി ഏറ്റെടുത്ത സ്വകാര്യ സൂപ്പര്‍ക്ളാസ് പെര്‍മിറ്റുകളില്‍ വീണ്ടും സ്വകാര്യ ബസുകള്‍ ലിമിറ്റഡ് സ്റ്റോപ് സര്‍വിസായി ഓടിത്തുടങ്ങിയതോടെ കെ.എസ്.ആര്.ടി.സി കിതക്കുന്നു. ഏറ്റെടുത്ത 153 പെര്‍മിറ്റുകളിലും കെ.എസ്.ആര്.ടി.സിക്കൊപ്പം സ്വകാര്യ ബസുകളും നിരത്തുകളില്‍ സജീവമായതോടെ കോര്പറേഷന് 25 ലക്ഷം രൂപ പ്രതിദിന നഷ്ടമായി. ലാഭകരമല്ലാത്ത ആയിരത്തോളം സര്‍വിസുകള്‍ നിര്‍ത്തിയും യാത്രക്കാരില്‍നിന്ന് സെസ് പിരിച്ചും സ്ഥാപനത്തെ കാര്യക്ഷമമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഹൈകോടതി ഉത്തരവ് പോലും മറികടന്ന് സൂപ്പര്‍ക്ളാസ് പെര്‍മിറ്റുകള്‍ക്ക് പകരം എല്‍.എസായി സര്‍വിസ് നടത്താന്‍ സ്വകാര്യബസുകളെ അനുവദിച്ച് എക്സിക്യൂട്ടിവ് ഉത്തരവ് ഇറക്കിയത്.
മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാതെ സ്വകാര്യബസുകള്‍ക്ക് വീണ്ടും പെര്‍മിറ്റ് നല്കാന് പാടില്ളെന്നിരിക്കെ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്‍െറ സാധുതയെ ചോദ്യംചെയ്ത് സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജുക്കേഷന്‍ ഹൈകോടതിയെ സമീപിച്ചത് സര്‍ക്കാറിനും സ്വകാര്യ ബസുടമകള്‍ക്കും തിരിച്ചടിയായിട്ടുണ്ട്. കേസില്‍ കക്ഷിചേരാന്‍ സ്വകാര്യ ബസുടമകള്‍ക്കും കോടതി തിങ്കളാഴ്ച അനുമതി നല്കി. അടുത്തയാഴ്ച കേസില്‍ വാദം കേള്‍ക്കും.
എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് മറയാക്കി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടില്‍ പല ആര്.ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് സ്വകാര്യ ബസുകള്‍ക്ക് നിര്‍ബാധം പെര്‍മിറ്റ് അനുവദിക്കുകയാണത്രെ. പെര്‍മിറ്റിന് സാധുത ഇല്ലാതിരുന്നിട്ടും മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വിസ് ആരംഭിച്ചുകഴിഞ്ഞു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ആര്.ടി ഓഫിസുകളിലാണ് പെര്‍മിറ്റ് വിതരണം തകൃതി.
മലബാര്‍ മേഖലയിലും പെര്‍മിറ്റ് നല്കല് തുടരുകയാണ്. കോഴിക്കോട്, കണ്ണൂര്‍ ആര്.ടി ഓഫിസുകളിലാണ് ദീര്‍ഘദൂര പെര്‍മിറ്റ് നല്‍കുന്നത്. കോട്ടയം-കുമളി, കോട്ടയം-കട്ടപ്പന-നെടുംങ്കണ്ടം, കൊട്ടാരക്കര-കുമളി, കൊട്ടാരക്കര-നെടുംങ്കണ്ടം, എരുമേലി-മാങ്കുളം, കൊട്ടാരക്കര-എറണാകുളം, പുനലൂര്‍-എറണാകുളം എന്നീ റൂട്ടുകളിലെല്ലാം സ്വകാര്യ സര്‍വിസുകള്‍ പിടിമുറുക്കി. പത്തനംതിട്ട-കാഞ്ഞങ്ങാട്, കാസര്‍കോട്, പാണത്തൂര്‍, പയ്യാവൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വിസ് നടത്തിയിരുന്ന സ്വകാര്യബസുകളും ഓടിത്തുടങ്ങി. അടുത്ത ദിവസങ്ങളില്‍ 60ല്‍പരം പെര്‍മിറ്റുകള്‍ കൂടി സ്വകാര്യബസുകള്‍ക്ക് നല്‍കാനുള്ള നീക്കവും ആര്.ടി ഓഫിസുകളില്‍ ആരംഭിച്ചിട്ടുണ്ട്.
അനധികൃത പെര്‍മിറ്റ് ഉപയോഗിച്ച് സര്‍വിസ് നടത്തുന്ന ഈ ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷപോലും ലഭിക്കില്ളെന്ന് ഗതാഗതവകുപ്പുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉത്തരവ് മറയാക്കി പെര്‍മിറ്റ് വില്പന വ്യാപകമാണ്. പുതിയ പെര്‍മിറ്റുകള്‍ക്കായി കെ.എസ്.ആര്.ടി.സി 250 ബസുകളാണ് വാങ്ങിയത്. എന്നാല്‍, സ്വകാര്യ ബസുകളും കൂട്ടത്തില്‍ ഓടിത്തുടങ്ങിയതോടെ ചാര്‍ജ് കുറവുള്ള എല്‍.എസ് ബസുകളോടാണ് യാത്രക്കാര്‍ക്ക് താല്പര്യം. ഇതും കെ.എസ്.ആര്.ടി.സിക്ക് തിരിച്ചടിയായി.
പെര്‍മിറ്റ് തീരുന്ന മുറക്ക് കൂടുതല്‍ പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ കോടതി ഉത്തരവ് പ്രകാരം കെ.എസ്.ആര്.ടി.സി നിര്‍ബന്ധിതമാകുമെന്നതിനാല്‍ ഇനി എന്തുചെയ്യണമെന്ന കാര്യത്തിലും കോര്പറേഷന് മാനേജ്മെന്റ് പ്രതിസന്ധിയിലാണ്. പെര്‍മിറ്റ് വിതരണം പൂര്‍ത്തിയാകുന്നതോടെ കെ.എസ്.ആര്.ടി.സിയുടെ നിലനില്‍പ്പ് പോലും അപകടത്തിലാകുമെന്ന് ജീവനക്കാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
