ലൈറ്റ് മെട്രോ: കേന്ദ്രസഹായം തേടിയുള്ള സര്‍ക്കാറിന്‍െറ കത്ത് ദുര്‍ബലം
text_fields
പദ്ധതി അംഗീകരിച്ചെന്നോ കേന്ദ്രസഹായം എത്ര വേണമെന്നോ സംബന്ധിച്ച വിശദാംശങ്ങള്‍ കത്തിലില്ല
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോകള്‍ക്ക് കേന്ദ്രസഹായം തേടിയുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ കത്ത് തീര്‍ത്തും ദുര്‍ബലം.
പദ്ധതി അംഗീകരിച്ചെന്നോ കേന്ദ്രസഹായം എത്ര വേണമെന്നോ സംബന്ധിച്ച വിശദാംശങ്ങള്‍ കത്തിലില്ല.
അതേസമയം, വിജയവാഡ മെട്രോക്ക് ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ കത്തില്‍ പദ്ധതി അംഗീകരിച്ചെന്നും കേന്ദ്രം നല്‍കേണ്ട തുക എത്രയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 12നാണ് ലൈറ്റ് മെട്രോക്ക് കേന്ദ്രസഹായം തേടി കേരള പൊതുമരാമത്ത് സെക്രട്ടറി കത്തയച്ചത്. ഡി.എം.ആര്‍.സി എന്ന വാക്കുപോലും കത്തിലെങ്ങും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ആന്ധ്രപ്രദേശ് കഴിഞ്ഞ ജൂണില്‍ നല്‍കിയ കത്ത് പരിശോധിച്ചാല്‍ ഡി.എം.ആര്‍.സിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് വിലയിരുത്തിയ ശേഷമാണ് സംസ്ഥാനം അംഗീകരിച്ചതെന്ന് വ്യക്തമാകും.
കേരളം നല്‍കിയ കത്തില്‍ ലൈറ്റ് മെട്രോക്ക് കേന്ദ്രസഹായം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചെന്ന് മാത്രമേയുള്ളൂ. പദ്ധതി അംഗീകരിച്ചെന്നോ ഡി.എം.ആര്‍.സിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ചെന്നോ കത്തിലില്ല. പദ്ധതിയുടെ കേന്ദ്രവിഹിതം 20 ശതമാനമായിരിക്കുമെന്ന് മാത്രമാണ് കത്തില്‍ പറയുന്നത്. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ എത്ര രൂപ കേന്ദ്രം നല്‍കണമെന്ന് പറഞ്ഞിട്ടില്ല. 60 ശതമാനം തുക ആരില്‍നിന്ന് വായ്പയായി എടുക്കുമെന്നും പറയുന്നില്ല.
മെട്രോ വരുന്നതോടെ ഏര്‍പ്പെടുത്തുന്ന സമഗ്ര ഗതാഗത പദ്ധതിയെക്കുറിച്ച പരാമര്‍ശവുമില്ല. ആന്ധ്ര സര്‍ക്കാര്‍ നല്‍കിയ കത്തില്‍ ഡി.എം.ആര്‍.സിയെ കണ്‍സള്‍ട്ടന്‍റ് ആക്കിയെന്നും കേന്ദ്രത്തില്‍നിന്ന് 866 കോടി രൂപ വേണമെന്നും കൃത്യമായി ആവശ്യപ്പെടുന്നുണ്ട്.
പി.പി.പി ആക്കാന്‍ ഗൂഢനീക്കമെന്ന് വി.എസ്
തിരുവനന്തപുരം: ലൈറ്റ് മെട്രോ നടത്തിപ്പില്‍നിന്ന് ഡി.എം.ആര്‍.സിയെ ഒഴിവാക്കി പി.പി.പി പ്രോജക്ടാക്കി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ നടപ്പാക്കുമെന്ന് കൂടക്കൂടെ മുഖ്യമന്ത്രി പറയുന്നത് മറ്റൊരു ഇലക്ഷന്‍ സ്റ്റണ്ടാണ്. പദ്ധതി സംബന്ധിച്ച് ഡി.എം.ആര്‍.സി സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. കാബിനറ്റ് ഒരു തീരുമാനവും എടുത്തിട്ടുമില്ല. കേന്ദ്രസര്‍ക്കാറിന് അവ്യക്തമായ ഒരു കത്തയക്കുക മാത്രമാണ് സര്‍ക്കാര്‍ ആകെ ചെയ്തത്. കൊച്ചി മെട്രോയുടെ കാര്യത്തില്‍ ആദ്യം നടന്നതുപോലെ, ഡി.എം.ആര്‍.സിയെയും ഇ.ശ്രീധരനെയും ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഒഴിവാക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് സര്‍ക്കാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. വന്‍ കോഴ തരപ്പെടുത്താനുള്ള ഈ നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വി.എസ്. പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
