വിയോജിപ്പുകളോടെ മത-സാമൂഹിക സംഘടനകളുമായി സഹകരിക്കും –സി.പി.എം
text_fieldsതിരുവനന്തപുരം: മത-ജാതി സംഘടനകള്‍ക്കും സി.പി.എമ്മിനും കാഴ്ചപ്പാടുകളിലും നിലപാടുകളിലുമുള്ള വ്യത്യസ്തത നിലനിര്‍ത്തിക്കൊണ്ടുതന്നെ സഹകരിക്കാനും യോജിക്കാനുമുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തുമെന്ന് പാര്‍ട്ടി നേതൃത്വം. മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള മുഖപത്രമായ ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ച ‘മത-സാമൂഹിക സംഘടനകളും സി.പി.എമ്മും’ എന്ന ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജാതി-മത സംഘടനകളുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി ചില മാധ്യമങ്ങളില്‍ വന്ന നുണക്കഥ മത-ജാതി വിശ്വാസികളില്‍നിന്ന് പാര്‍ട്ടിയെ ഒറ്റപ്പെടുത്തി ദുര്‍ബലപ്പെടുത്താനാണെന്ന് പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. ‘പാര്‍ട്ടി അനുഭാവികളിലും അഭ്യുദയകാംക്ഷികളിലും മത- ജാതി വിശ്വാസികളും അവയിലൊന്നും വിശ്വാസമില്ലാത്തവരും ഉള്‍പ്പെടും. മത-ജാതി വിശ്വാസികളുമായും അവരുടെ സംഘടനകളുമായും ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്തില്ളെന്ന സമീപനം പാര്‍ട്ടി ഒരിക്കലും സ്വീകരിച്ചിട്ടില്ല’.
വ്യത്യസ്ത മത- ജാതികളില്‍ വിശ്വാസമുള്ളവരെയും വിശ്വാസമില്ലാത്തവരെയും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും എതിരായ സമരത്തില്‍ യോജിപ്പിച്ച് അണിനിരത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. തൊഴിലാളികള്‍, മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ അടക്കമുള്ള ബഹുജനങ്ങളുടെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാന്‍ മത- ജാതി വിശ്വാസങ്ങളുള്ള ബഹുജനങ്ങളുമായും അവരുടെ സാമൂഹിക സംഘടനകളുമായും അവയുടെ നേതാക്കളുമായും പാര്‍ട്ടിക്ക് ബന്ധപ്പെടേണ്ടിവരും. പാര്‍ട്ടിക്കും മത- ജാതി സംഘടനകള്‍ക്കും തങ്ങളുടെ കാഴ്ചപ്പാടുകളിലും നിലപാടുകളിലും പലതരത്തിലുള്ള വ്യത്യസ്തതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പല മേഖലകളിലും സഹകരിച്ചും യോജിച്ചും പ്രവര്‍ത്തിക്കാന്‍ കഴിയും. അത്തരം സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.
ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ത്തുകൊണ്ടുമാത്രമേ ന്യൂനപക്ഷ വര്‍ഗീയതയുടെ വളര്‍ച്ചയെ തടയാനാവൂ. ന്യൂനപക്ഷ മതവിശ്വാസികളുടെ വിശ്വാസവും വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന സി.പി.എം പ്രവര്‍ത്തനത്തെ ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കുന്ന ആര്‍.എസ്.എസ്-ബി.ജെ.പി പ്രചാരവേലകളെ തള്ളിക്കളയുന്നുവെന്നും രാമചന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
