രണ്ടു പേരെ ഇനിയും കണ്ടെത്തിയില്ല; തിരച്ചില്‍ തുടരുന്നു
text_fields
കൊച്ചി: ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. നാവികസേന, കോസ്റ്റല്‍ പൊലീസ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും വ്യാഴാഴ്ച തിരച്ചിലിനിറങ്ങി. കുമ്പളങ്ങി സ്വദേശി ഫൗസിയ, ഫോര്‍ട്ട് കൊച്ചി സ്വദേശി ഷെല്‍റ്റണ്‍ എന്നിവരെ ഇനിയും കണ്ടത്തെിയിട്ടില്ല. അതിനിടെ യാത്രാ ബോട്ടില്‍ മത്സ്യബന്ധന വള്ളം വന്നിടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ഇരുമ്പുവള്ളം ഇടിച്ചതോടെ മരം കൊണ്ടു നിര്‍മിച്ച ബോട്ട് നെടുകെ പിളര്‍ന്നു മുങ്ങുകയായിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ, ബോട്ടിന്‍്റെ സ്രാങ്ക് ഫോര്‍ട്ട്കൊച്ചി കണ്ണമാലി സ്വദേശി ജോണിക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുത്തു. സംഭവ സമയത്ത് ബോട്ട് നിയന്ത്രിച്ച കണ്ണമാലി സ്വദേശി ഷൈജുവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ബോട്ടിന്‍്റെ മെക്കാനിക്കായിരുന്നു ഷൈജു. തനിക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലായിരുന്നെന്നും വള്ളത്തില്‍ സ്രാങ്കും ഉണ്ടായിരുന്നില്ളെന്നും ഷൈജു പൊലീസിനോട് പറഞ്ഞു.
വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 19 പേരില്‍ രണ്ടു കുട്ടികളടക്കം നാലുപേരുടെ നില ഗുരുതരമാണ്. അപകടത്തിനിരയായ യാത്രാബോട്ട് ദുര്‍ബലമായ അവസ്ഥയിലായിരുന്നുവെന്ന് അന്വേഷണ ചുമതലയുള്ള പോര്‍ട്ട് ട്രസ്റ്റ് ഡെപ്യൂട്ടി കമീഷണര്‍ ഗൗരിപ്രസാദ് ബിസ്വാള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറാണ് ഫിറ്റ്നസ് പരിശോധിക്കുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. 2016 വരെ രജിസ്ട്രേഷന് ഉള്ള ബോട്ടിന് 2017 വരെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നീട്ടി നല്‍കിയിട്ടുണ്ട്.ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ ബോട്ട് ഓടിക്കാനുള്ള ലൈസന്‍സ് മാത്രമാണ് പോര്‍ട്ട് ഡയറക്ടറേറ്റ് നല്‍കുന്നതെന്നും 15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി അറിയിച്ചു.
അപകടത്തിന് കാരണം ബോട്ടിന്‍െറ കാലപ്പഴക്കമെന്ന് പറയാനാകില്ല ^മന്ത്രി ബാബു
കൊച്ചി: ബോട്ടിന്‍െറ കാലപ്പഴക്കമാണ് ഫോര്‍ട്ട്കൊച്ചി അപകടത്തിന് കാരണമെന്ന് പറയാനാകില്ളെന്ന് മന്ത്രി കെ. ബാബു. കൂര്‍ത്ത അമരമുള്ള മത്സ്യബന്ധന വള്ളമാണ് യാത്രാബോട്ടില്‍ വന്നിടിച്ചതെന്നും എത്ര ശക്തിയുണ്ടെങ്കിലും ഇത്ര വേഗത്തില്‍ വന്നിടിച്ചാല്‍ ബോട്ട് തകരുമെന്നും മന്ത്രി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഫോര്‍ട്ട്കൊച്ചി ബോട്ട് അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ബോട്ടുകളില്‍ ഉപയോഗിക്കുന്ന തടിക്ക് ഫൈബര്‍ കോട്ടിങ്ങാണ് നല്‍കുന്നത്. അതിനാല്‍ തടി ദ്രവിക്കുന്നത് മനസ്സിലാക്കാന്‍ സാധിക്കില്ല. അലുമിനിയം കോട്ടിങ് ഉപയോഗിക്കുന്നതാണ് നല്ലത്. കേരളത്തില്‍ യാത്രാബോട്ട് സര്‍വിസുകളില്‍ കര്‍ശന പരിശോധന നടത്തുമെന്നും ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.
ബോട്ടിന്‍െറ കാലപ്പഴക്കം വ്യക്തമായി നിര്ണയിക്കാനാകില്ളെന്ന് യോഗത്തില്‍ തുറമുഖ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അറ്റകുറ്റപ്പണിക്കായി ബോട്ട് കരക്കുകയറ്റുമ്പോള് തടിഭാഗങ്ങള്‍ മാറ്റി പുതിയത് വെക്കാറുണ്ട്. കേരളത്തിലെ ബോട്ടുകള്‍ക്ക് എത്ര വര്‍ഷം വരെ സര്‍വിസ് നടത്താമെന്ന കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങളില്ല. ഇതിനായി ബോട്ടുടമകളടക്കമുള്ളവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്ന നിര്‍ദേശമുയര്‍ന്നു. തുറമുഖ വകുപ്പ് ഡയറക്ടര്‍ പി.ഐ. ഷെയ്ഖ് പരീത്, കൊച്ചി മേയര്‍ ടോണി ചമ്മണി, സ്ഥിരം സമിതി ചെയര്മാന് കെ.ജെ. സോഹന്‍, ഉദ്യോഗസ്ഥരായ കെ.ആര്. വിനോദ്, മുഹമ്മദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
