ബസുകളില്‍ ഇനി ജി.പി.എസ് നിര്‍ബന്ധം; മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്നു
text_fields
കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ-കെ.എസ്.ആര്.ടി.സി ബസുകളില്‍ ഗ്ളോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി കേരള മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാന്‍ ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. 1989ലെ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുമ്പോള്‍ സ്വകാര്യ-കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് പുറമേ അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കും പെട്രോളിയം ഉല്പന്നങ്ങള് കയറ്റുന്നവക്കും ജി.പി.എസ് നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തുടക്കത്തില്‍ കെ.എസ്.ആര്.ടി.സി 200 ബസുകളില്‍ ജി.പി.എസ് ഏര്‍പ്പെടുത്തും.
ഇതിന് നടപടി അന്തിമഘട്ടത്തിലാണെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു. അതേസമയം, നിലവില്‍ നിരവധി അന്തര്‍സംസ്ഥാന വാഹനങ്ങളില്‍ ജി.പി.എസ് ഉണ്ട്. ഈ വാഹനങ്ങള്‍ക്ക് പുതിയ നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ജി.പി.എസ് അംഗീകാരം നല്‍കും.
വാഹനങ്ങളുടെ ലൊക്കേഷന്‍, വേഗത, ദിശ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുന്നതാണ് ജി.പി.എസ്. സെപ്റ്റംബര്‍ അവസാന വാരത്തില്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും.
അതിന് മുമ്പ് പുതിയ സംവിധാനത്തെക്കുറിച്ച് നിര്‍ദേശങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാന്‍ അവസരം നല്‍കും.
ജി.പി.എസ് നിലവില്‍വരുന്നതോടെ വാഹനങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങളും സഞ്ചാരപഥവും അറിയാനാകും. സ്പീഡ് നിയന്ത്രിക്കാനും കഴിയും. സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നീ ഭാഗങ്ങളില്‍ സ്പീഡ് നിയന്ത്രിക്കാനുള്ള പ്രത്യേക സംവിധാനം ഇതിന്‍െറ പ്രത്യേകതയാണ്.
സിഡാക്കും മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുമാണ് പുതിയ സംവിധാനത്തിന്‍െറ ചുമതലക്കാര്‍.
തിരുവനന്തപുരത്ത് പ്രധാന കണ്ട്രോള് റൂമും 14 ജില്ലകളില്‍ മിനി കണ്ട്രോള് റൂമുകളും പുതിയ സംവിധാനത്തെ നിയന്ത്രിക്കും. സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്ന ഘട്ടത്തില്‍ ആവിഷ്കരിച്ച സംവിധാനം ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
