ഓണത്തിരക്ക് കൊയ്ത് സ്വകാര്യ ബസ് ലോബി
text_fieldsചെന്നൈ: ഓണസീസണിലെ തിരക്ക് മുതലെടുത്ത് സ്വകാര്യ ബസ് ലോബി വന്‍ നിരക്ക് ഈടാക്കുന്നു. ചെന്നൈയില്‍നിന്ന് കേരളത്തിലെ നഗരങ്ങളിലേക്ക് 2000 മുതല്‍ 4000 രൂപയുടെ വര്‍ധനയാണ് ഒറ്റയടിക്ക് വരുത്തിയത്. ട്രെയിനില്‍ സീറ്റ് കിട്ടാത്തവരെയും അവസാനം യാത്ര തീരുമാനിച്ചവരെയുമാണ് ബസ്ലോബി പിഴിയുന്നത്. തിങ്കളാഴ്ചയാണ് നിരക്ക് വര്‍ധിപ്പിച്ചത്. ബസ് ഓപറേറ്റിങ് ഓഫിസുകളില്‍ സീറ്റിന് വിലപേശലാണ്.
കൂടുതല്‍ നിരക്ക് ഈടാക്കാന്‍ ബുക്കിങ് അവസാന നിമിഷംവരെ താമസിപ്പിക്കുന്നുണ്ട്. ചെന്നൈ-തിരുവനന്തപുരം റൂട്ടില്‍ എ.സി ബസുകള്‍ക്ക് 1500 രൂപവരെ ഈടാക്കിയ സ്ഥാനത്ത് ഇരട്ടിയാണ് വാങ്ങുന്നത്. ഇതിന് ദിനംപ്രതി നടത്തുന്ന സര്‍വിസ് പ്രത്യേക സര്‍വിസ് ആക്കി മാറ്റിയിരിക്കുകയാണ്. തമിഴ്നാട് സര്‍ക്കാര്‍ കൂടുതല്‍ സര്‍വിസുകള്‍ക്ക് അനുമതി നല്‍കിയിട്ടുമില്ല. പെര്‍മിറ്റില്ലാതെയും ധാരാളം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്.
അന്തര്‍സംസ്ഥാന ബസുകള്‍ക്ക് റോഡ്നികുതി വര്‍ധിപ്പിച്ചത് ബസ് വ്യവസായത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് തമിഴ്നാട് ഒമ്നി ബസ് ഓണേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ആറുമാസം കൂടുമ്പോള്‍ സീറ്റിന് 3000 രൂപ മുതല്‍ 7200 രൂപവരെ വര്‍ധിച്ചിരിക്കുകയാണ്. ഇതിന് ആനുപാതികമായാണ് നിരക്കുവര്ധനയെന്നാന്ന് ഇവരുടെ വാദം. എ.സി, ടൂ ടയര്‍ ട്രെയിന്‍ നിരക്കിനെക്കാളും ഇരട്ടിവര്‍ധന വന്നതോടെ പലരും നാട്ടിലേക്കുള്ള യാത്ര നീട്ടിവെച്ചു. ചെന്നൈയിലും സമീപങ്ങളിലുമായി 10 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
കേരളത്തിലേക്ക് 150 സര്‍ക്കാര്‍ ബസുകള്‍ സര്‍വിസ് നടത്തും
ഓണ സീസണില്‍ തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളില്‍നിന്ന് ഇന്നുമുതല്‍ 150 പ്രത്യേക ബസുകള്‍ കേരളത്തിലേക്ക് സര്‍വിസ് നടത്തും. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് സര്‍വിസ് നടത്തുക. ചെന്നൈ, ഈറോഡ്, സേലം, തിരുപ്പൂര്‍, കോയമ്പത്തൂര്‍, മധുരൈ, തിരുനെല്‍വേലി, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍നിന്ന് തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വിസ്. ചെന്നൈ, സേലം, മധുര എന്നിവിടങ്ങളില്‍നിന്ന് 50 ബസും കോയമ്പത്തൂര്‍, മധുര, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്ന് 100 ബസും സര്‍വിസിന് സജ്ജമായി. തിരക്ക് പരിഗണിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വിസ് നടത്തും. ടിക്കറ്റ് ബുക്കിങ്ങിന് www.tnstc.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
