കഞ്ചിക്കോട് ദേശീയപാതയില്‍ ലോറിയിടിച്ച് നാലു മരണം
text_fieldsപാലക്കാട്: ദേശീയപാതയില്‍ കഞ്ചിക്കോട് കൊയ്യാമരക്കാട്ട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് അടക്കം നാലു പേര് മരിച്ചു. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വീണ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് യാത്രികന് ചിറ്റൂര്‍ മേനോന്‍പാറ താഴെ പോക്കാന്തോട് പരേതനായ സ്വാമിനാഥന്‍െറ മകന് പ്രഭാകരന് (46), മലപ്പുറം കാടാമ്പുഴ കാവുങ്ങല്‍ ശശിപ്രസാദ് (34), കോട്ടക്കല്‍ കാവതിക്കളം കാടങ്കോട്ടില്‍ ഗംഗാധരന്‍െറ മകന് കെ. രമേശ് (36), മഞ്ചേരി സ്വദേശി പി.സി. രാജേഷ് (38) എന്നിവരാണു മരിച്ചത്. അര്‍ധരാത്രി 1.15ന് കൊയ്യാമരക്കാട്ട് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

ജോലി കഴിഞ്ഞു ബൈക്കില്‍ മടങ്ങുകയായിരുന്ന പ്രഭാകരന് നായ കുറുകെ ചാടിയപ്പോള്‍ റോഡില്‍ തെറിച്ചുവീണു. ഈ സമയം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന ആര്യവൈദ്യശാല ജീവനക്കാര്‍ രക്ഷിക്കാന്‍ പ്രഭാകരന്‍െറ സമീപത്തെത്തി. ഇതിനിടെ പാലക്കാട് ഭാഗത്തു നിന്നു വാളയാറിലേക്ക് വന്ന ലോറി നാലു പേരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാലു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
അപകടമുണ്ടാക്കിയ ലോറി ഒരു കിലോമീറ്ററോളം അകലെ നിര്‍ത്തിയിട്ട ഡ്രൈവര്‍ കടന്നു കളഞ്ഞു. കഞ്ചിക്കോട് അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങള്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചത്.
ശശിപ്രസാദും രമേശും രാജേഷും കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട് ഫാക്ടറിയിലെ ജീവനക്കാരാണ്. പ്രഭാകരന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ കഞ്ചിക്കോട്ടെ ഫാക്ടറി ജീവനക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
