പെരിന്തല്‍മണ്ണയില്‍ 2.89 കോടിയുടെ കുഴല്‍പ്പണവും 13 കിലോ തങ്കക്കട്ടിയും പിടികൂടി
text_fieldsപെരിന്തല്‍മണ്ണ: തമിഴ്നാട്ടില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 2.89 കോടിയുടെ കുഴല്‍പ്പണവും 13 കിലോ വിദേശനിര്‍മിത തങ്കക്കട്ടിയും പെരിന്തല്‍മണ്ണ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്ന അഞ്ച് മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ പാതാക്കര മനപ്പടി മാലാപറമ്പില്‍ വീട്ടില്‍ വിനോദ്കുമാര്‍ എന്ന വിനു (41) പാതാക്കര തണ്ണീര്‍പന്തല്‍ കല്ലുവെട്ടുകുഴിയില്‍ മനോജ് എന്ന മനു (39) രാമപുരം സ്കൂള്‍പടി കുന്നത്തൊടി കെ.ടി. റഷീദ് (47) രാമപുരം സ്കൂള്‍പടി പയ്യാരക്കല്‍ മുഹമ്മദ് സലീം (32) മക്കരപറമ്പ് പോത്തുണ്ട് വേങ്ങശ്ശേരി മുഹമ്മദലി എന്ന കുട്ട്യാപ്പ (58) എന്നിവരാണ് അറസ്റ്റിലായത്. മാരുതി ‘എസ് എക്സ് ഫോര്‍’ കാറിന്‍െറ പിന്‍സീറ്റിനും ഡിക്കിക്കുമിടയില്‍ പ്രത്യേക അറ നിര്‍മിച്ച് അതിലാണ് നോട്ടുകെട്ടുകള്‍ ഒളിപ്പിച്ചിരുന്നത്. തങ്കക്കട്ടികള്‍ മനോജ്, മുഹമ്മദ് സലിം, മുഹമ്മദലി എന്ന കുട്ട്യാപ്പ എന്നിവര്‍ അരയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു.
ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സംഘങ്ങളായത്തെിയ ഇവര്‍ കൃഷ്ണഗിരിയില്‍ വെച്ചാണ് ഒന്നിച്ച് യാത്ര തുടര്‍ന്നത്. രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്ന് വാളയാറിനപ്പുറം തമിഴ്നാട്ടിലെ ടോള്‍ബൂത്ത് മുതല്‍ സംഘത്തെ പിന്തുടര്‍ന്നിരുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ അറിയിച്ചു. വാളയാര്‍ ചെക്പോസ്റ്റിലും നിര്‍ത്താതെ പോന്ന കാറിനെ പെരിന്തല്‍മണ്ണ സി.ഐ കെ.എം. ബിജുവിന്‍െറ നേതൃത്വത്തില്‍ പിന്തുടര്‍ന്ന് മലപ്പുറം ജില്ലാ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കാര്‍ നിര്‍ത്താന്‍ കൈകാണിച്ച സുകുമാരന്‍ എന്ന പോലീസുകാരനുനേരെ കാര്‍ ഓടിച്ചുകയറ്റാനും സംഘം ശ്രമിച്ചു. പിന്നീട് സി.ഐയും സംഘവും സഞ്ചരിച്ച സ്വകാര്യ വാഹനം റോഡില്‍ വിലങ്ങിട്ട് കാര്‍ തടയുകയായിരുന്നു.
1000, 500, 100 എന്നിവയുടെ കറന്‍സികള്‍ കെട്ടുകളാക്കിയ നിലയിലാണ്. ആകെ 2,89,70,000 രൂപയുടെ നോട്ടുകളാണുള്ളത്. ഇവയില്‍ വ്യാജ നോട്ടുകളുണ്ടോയെന്നറിയാന്‍ ബാങ്കിലത്തെിച്ച് പരിശോധിക്കും. 13 തങ്കക്കട്ടികളില്‍ അഞ്ചെണ്ണം റഷ്യന്‍ നിര്‍മിതവും രണ്ടെണ്ണം യു.എ.ഇ അടയാളമുള്ളതും ബാക്കി ക്രൗണ്‍ മാര്‍ക്കുള്ളതുമാണ്. ഒരു കിലോ തങ്കക്കട്ടിക്ക് സര്‍ക്കാര്‍ കണക്കുപ്രകാരം 25 ലക്ഷം രൂപ വിലവരും. ആകെ 3.25 കോടി രൂപയാണ് മതിപ്പുവില കണക്കാക്കുന്നത്. സ്വര്‍ണം വിമാനത്താവളം വഴി കൊണ്ടുവന്നതാണോ എന്നും പരിശോധിക്കും.
പിടിയിലായ അഞ്ചുപേരും കാരിയര്‍മാരാണ്. സ്വര്‍ണവും പണവും ഹവാല ഇടപാടുകാരുടേതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. കൊടുവള്ളിയിലെ സ്വര്‍ണറാക്കറ്റിന് വേണ്ടിയാണോയെന്നും അന്വേഷിക്കും. സി.ആര്‍.പി.സി 102, 151, കസ്റ്റംസ് നിയമം, കോഫെപോസ വകുപ്പുകള്‍ പ്രകാരം കേസെടുക്കും. അടുത്തകാലത്ത് കേരള പൊലീസ് പിടികൂടുന്ന ഏറ്റവും വലിയ കുഴല്‍പ്പണ-സ്വര്‍ണ വേട്ടയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
