സമുദായ സംഘടനകളുടെ പിന്നാലെ പോകരുതെന്ന് സി.പി.എം
text_fieldsന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നേട്ടത്തിനായി മത, സാമുദായിക സംഘടനകളുടെ പിന്നാലെ പോകരുതെന്ന് സി.പി.എം സംസ്ഥാനഘടകത്തിന് കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശം. ഞായറാഴ്ച സമാപിച്ച കേന്ദ്രകമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യം സംസ്ഥാനനേതൃത്വത്തെ അറിയിച്ചു. സമുദായനേതൃത്വത്തെ ആശ്രയിക്കുന്നതിന് പകരം അതത് വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നേരിട്ട് ജനങ്ങളിലേക്കിറങ്ങി പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശം.
പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ എ.പി സുന്നി വിഭാഗവുമായി സി.പി.എം നേതൃത്വം ചര്‍ച്ച നടത്തുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രനേതൃത്വത്തിന്‍െറ ഇടപെടല്‍. കേരളത്തില്‍ എസ്.എന്‍.ഡി.പി നേതൃത്വം ബി.ജെ.പിയുമായി അടുക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ക്കൂടിയാണ് കേന്ദ്ര നിര്‍ദേശം. കാന്തപുരവുമായി കൈകോര്‍ക്കുന്നതിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കണ്ട് പരാതിപ്പെട്ടിരുന്നു. കേന്ദ്രകമ്മിറ്റിക്ക് മുന്നോടിയായി യെച്ചൂരിയെ കണ്ട വി.എസ്, സാമുദായിക സംഘടനകളുമായി അടുക്കുന്നത് പാര്‍ട്ടിയുടെ മതേതരപ്രതിച്ഛായ തകര്‍ക്കുമെന്നും മുമ്പ് മഅ്ദനിയുമായി കൂട്ടുകൂടിയതിന്‍െറ തിരിച്ചടി ഓര്‍ക്കണമെന്നും വ്യക്തമാക്കിയിരുന്നു.
വി.എസിന്‍െറ പരാതിയെ തുടര്‍ന്നുള്ള കേന്ദ്രനേതൃത്വത്തിന്‍െറ നിര്‍ദേശം കാന്തപുരവുമായി സംസ്ഥാനനേതൃത്വം തുടങ്ങിവെച്ച ചര്‍ച്ചയുടെ തുടര്‍ച്ചയെ ബാധിക്കും. എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി.ടി.എ. റഹീം എന്നിവര്‍ മുഖേനെ തുടങ്ങിവെച്ച ചര്‍ച്ച കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും കാന്തപുരം തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയിലേക്ക് പുരോഗമിക്കവെയാണ് യെച്ചൂരിയുടെ ഇടപെടല്‍. ഭിന്നതകള്‍ മറന്ന് സംസ്ഥാനനേതൃത്വത്തോട് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് വി.എസിനും കേന്ദ്രകമ്മിറ്റി നിര്‍ദേശം നല്‍കി.
പാര്‍ട്ടിയുടെ സംഘടനാദൗര്‍ബല്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം തേടാനുമായി പാര്‍ട്ടി പ്ളീനം ഡിസംബര്‍ 27 മുതല്‍ 30വരെ കൊല്‍ക്കത്തയില്‍ നടത്താനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. 37 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് സി.പി.എം കേന്ദ്രനേതൃത്വം പാര്‍ട്ടി പ്ളീനം വിളിക്കുന്നത്. പ്ളീനത്തില്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ആഗോളീകരണനയങ്ങള്‍ കാര്‍ഷിക, തൊഴില്‍, നഗരജീവിതങ്ങളില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പഠന റിപ്പോര്‍ട്ട് പാര്‍ട്ടി തയാറാക്കിയിട്ടുണ്ട്. ഞായറാഴ്ച സമാപിച്ച കേന്ദ്ര കമ്മിറ്റി ഈ റിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു.
മാറിയ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളില്‍ മധ്യവര്‍ഗത്തോടുള്ള സമീപനത്തിലും മാറ്റം വേണമെന്ന് നിര്‍ദേശിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ കാലഹരണപ്പെട്ട മുദ്രാവാക്യങ്ങള്‍ പരിഷ്കരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമെ, പാര്‍ട്ടി പ്ളീനത്തില്‍ ചര്‍ച്ച ചെയ്യാനുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്രനേതൃത്വം സംസ്ഥാനഘടകങ്ങള്‍ക്ക് വിശദമായ ചോദ്യാവലി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
