ഡി.എല്‍.എഫ് കൈയേറ്റം; കാണാതായ രേഖകളുടെ പകര്‍പ്പുകള്‍ പുറത്ത്
text_fieldsകൊച്ചി: ഡി.എല്‍.എഫിന്‍െറ കായല്‍ കൈയേറ്റം സംബന്ധിച്ച് തീരദേശ പരിപാലന അതോറിറ്റിയില്‍നിന്ന് കാണാതായ രേഖകളുടെ പകര്‍പ്പുകള്‍ പുറത്ത്. ഡി.എല്‍.എഫിന് അനുകൂലമായി മുന്‍ ചെയര്മാന് ഡോ. വി.എന്‍. രാജശേഖരന് പിള്ള കൊച്ചി നഗരസഭക്ക് നല്കിയ കത്ത് ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകളാണ് പുറത്തുവന്നത്.
കൈയേറ്റത്തിനെതിരെ കോടതിയെ സമീപിച്ച ചെലവന്നൂര്‍ സ്വദേശി എ.വി ആന്റണിക്ക് 2014 ഏപ്രിലില്‍ വിവരാവകാശ നിയമപ്രകാരം ഇവയുടെ പകര്‍പ്പുകള്‍ ലഭിച്ചിരുന്നു. രേഖാമൂലം ആവശ്യപ്പെട്ടാല്‍ പകര്‍പ്പ് കൈമാറാന്‍ തയാറാണെന്ന് കഴിഞ്ഞദിവസം കൊച്ചി സന്ദര്‍ശിച്ച ഡി.എല്‍.എഫിന്‍െറ കൈയേറ്റം പരിശോധിക്കുന്ന നിയമസഭാ സമിതിയെയും തീരദേശ പരിപാലന അതോറിറ്റി അധികൃതരെയും അറിയിച്ചിട്ടുണ്ടെന്ന് ആന്റണി ‘മാധ്യമ’ത്തോട് പറഞ്ഞു. ടി.എന്‍. പ്രതാപന് എം.എല്‍.എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയമസഭാ സമിതി കൊച്ചി സന്ദര്‍ശിച്ചത്.
ഫയല്‍ നമ്പര്‍ 1290 /എ2/2009 എന്ന ഫയലിന്‍െറ 661 പേജുകളടങ്ങിയ രേഖകളായിരുന്നു കാണാതാവും മുമ്പ് അതോറിറ്റി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഷൈന്‍ എ. ഹഖ്, ആന്റണിക്ക് കൈമാറിയിരുന്നത്. ഡി.എല്‍.എഫിന്‍െറ കായല്‍ കൈയേറ്റം ഹൈകോടതിക്ക് മുന്നിലത്തെിച്ച ആന്റണി ഈ രേഖകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. 2014 ഏപ്രില്‍ 29ന് കൊച്ചി നഗരസഭാ സെക്രട്ടറിക്ക് കൈമാറിയ കത്തിലാണ് മുന്‍ അതോറിറ്റി ചെയര്മാന് ഡോ. വി.എന്‍. രാജശേഖരന് പിള്ള ഡി.എല്‍.എഫിന്‍െറ അപേക്ഷ പരിഗണിച്ച് കായല്‍ കൈയേറ്റത്തിനെതിരെയുള്ള നടപടി പുന$പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. കായല്‍ കൈയേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ നഗരസഭക്ക് നല്‍കിയിരുന്ന നിര്‍ദേശം നടപടിക്രമം പാലിച്ചിട്ടില്ളെന്നാണ് രാജശേഖരന് പിള്ള വ്യക്തമാക്കുന്നത്.
ഇത് സംബന്ധിച്ച് 2014 ഫെബ്രുവരി 28ന് അതോറിറ്റി നല്കിയ 771/എ2/14/കെ.സി.ഇസഡ്.എം എ/എസ് ആന്‍ഡ് ടി.ഡി നമ്പര്‍ കത്ത് പിന്‍വലിക്കുന്നതായും സ്വന്തം ലെറ്റര്‍പാഡില്‍ തയാറാക്കിയ കത്തില്‍ മുന്‍ ചെയര്മാന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഫയല്‍ കാണാതായ വിവരം കഴിഞ്ഞ നവംബറിലാണ് ശ്രദ്ധയില്‍ പെട്ടതെന്നാണ് തീരദേശ പരിപാലന അതോറിറ്റിയുടെ വിശദീകരണം.
ഫയല്‍ കാണാതായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാരപാണ്ഡ്യന്‍ കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.