റേഷന്‍കാര്‍ഡ്: ഓണ്‍ലൈന്‍ തിരുത്തലിന് മൊബൈല്‍ഫോണ്‍ അലര്‍ട്ടും
text_fieldsതൃശൂര്‍: പുതിയ റേഷന്‍കാര്‍ഡിലെ വിവരങ്ങള്‍ തിരുത്തുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം കാര്‍ഡ് ഉടമകളിലേക്ക് എത്തിക്കാന്‍ ഭക്ഷ്യവകുപ്പ് വക മൊബൈല്‍ഫോണ്‍ അലര്‍ട്ടും. ഓണ്‍ലൈന്‍ തിരുത്തല്‍ സംവിധാനത്തോട് ജനങ്ങളുടെ പ്രതികരണം കുറഞ്ഞതാണ് മൊബൈല്‍ഫോണില്‍ സന്ദേശം നല്‍കാന്‍ കാരണം. ദൃശ -ശ്രാവ്യ -പത്ര മാധ്യമങ്ങളിലൂടെ നല്‍കിയ പരസ്യങ്ങള്‍ക്ക് പുറമെയാണ് മൊബൈല്‍ സന്ദേശം ഏര്‍പ്പെടുത്തിയത്. താലൂക്ക് സപൈ്ളസ് ഓഫിസര്‍ മുഖേന www. civilsupplieskerala.gov.in എന്ന സൈറ്റില്‍നിന്ന് ഉടമകളുടെ മൊബൈലിലേക്ക് സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്. ആശയക്കുഴപ്പം മൂലം തെറ്റുതിരുത്തല്‍ പ്രക്രിയയില്‍നിന്ന് ആളുകള്‍ വിട്ടുനിന്ന സാഹചര്യത്തിലാണിത്. ഒരു റേഷന്‍കടയില്‍ തന്നെ ചുരുങ്ങിയത് 500 കാര്‍ഡുകള്‍ ഉള്ളതിനാല്‍ മൊബൈല്‍സന്ദേശം നല്‍കാന്‍ ഏറെ സമയം വേണ്ടിവരും. ഈമാസം 28ന് തെറ്റുതിരുത്തല്‍ പ്രക്രിയ അവസാനിക്കുമെന്നതിനാല്‍ അതിന്മുമ്പ് മൊബൈല്‍സന്ദേശം നല്‍കാന്‍ ബുദ്ധിമുട്ടുകയാണ് തലൂക്ക് സപൈ്ളസ് ഓഫിസര്‍മാര്‍. റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ നേരത്തെ ഇല്ലാത്ത തെറ്റുതിരുത്തല്‍ പ്രവൃത്തി ഏറെ പ്രശ്നം സൃഷ്ടിച്ചിരിക്കുകയാണ്. റേഷന്‍കാര്‍ഡ് വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്ന പ്രവൃത്തി ഏറെ വൈകിയത് മൂലം ധിറുതിയില്‍ പൂര്‍ത്തിയാക്കിയത് തെറ്റുകള്‍ക്ക് ഇടയാക്കിയെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലാണ് ഉടമകള്‍ക്ക് വിവരങ്ങള്‍ പരിശോധിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത്.
സൈറ്റില്‍ ഒരുതവണ മാത്രമാണ് തിരുത്തല്‍ വരുത്താനവുക. അതുകൊണ്ടു തന്നെ എല്ലാ കോളവും കൃത്യമായി പരിശോധിച്ച ശേഷമാണ് തിരുത്തല്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാലിത് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. റേഷന്‍കാര്‍ഡ് ഉടമകളായ സ്ത്രീകളില്‍ കൂടുതല്‍പേരും കമ്പ്യൂട്ടര്‍ സാക്ഷരരല്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഇന്‍റര്‍നെറ്റ് കഫേകളിലും അക്ഷയ കേന്ദ്രങ്ങളിലും തിരക്കോട് തിരക്കാണ്. തിരുത്തല്‍ ആവശ്യമായ കാര്യങ്ങള്‍ അതിനായി നല്‍കിയ കോളത്തില്‍ രേഖപ്പെടുത്തുക മാത്രമാണ് വേണ്ടതെങ്കിലും പ്രിന്‍റ് എടുത്തു നല്‍കി ഉടമകളെ പിഴിയുന്ന സാഹചര്യവുമുണ്ട്. ഈ പ്രിന്‍റുമായി പ്രായമായ സ്ത്രീകള്‍ അടക്കം സപൈ്ളസ് ഓഫിസുകളില്‍ കയറി ഇറങ്ങുകയാണ്. തിരുത്തല്‍ കോളത്തില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ പത്ത് പ്രവൃത്തി ദിവസങ്ങള്‍ക്ക് ശേഷം താലൂക്ക് സപൈ്ളസ് ജീവനക്കാര്‍ പരിശോധിച്ച് ഉടമ നല്‍കിയ ഫോണ്‍ നമ്പറില്‍ ആശയവിനിമയം നടത്തിയാണ് തിരുത്തല്‍ പ്രക്രിയ നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.