‘വിഷപച്ചക്കറി’ വരവ് കുറഞ്ഞു; നാടന് വന്‍ ഡിമാന്‍ഡ്
text_fieldsകോട്ടയം: ‘വിഷപച്ചക്കറി’ ഉപയോഗം മലയാളികള്‍ വ്യാപകമായി കുറച്ചതോടെ വില്‍പനയില്ലാതെ തമിഴ്നാട്ടില്‍ വന്‍തോതില്‍ പച്ചക്കറി കെട്ടിക്കിടന്ന് നശിക്കുന്നു. വില കുറച്ചിട്ടും പച്ചക്കറിയെടുക്കാന്‍ കേരളത്തിലെ കച്ചവടക്കാര്‍ തയാറാകാത്തതോടെ തമിഴ്വ്യാപാരികള്‍ വന്‍പ്രതിഷേധത്തിലുമാണ്. കമ്പം, തേനി, മേട്ടുപ്പാളയം, ഊട്ടി, പൊള്ളാച്ചി മാര്‍ക്കറ്റുകളില്‍ ടണ്‍കണക്കിന് പച്ചക്കറി എടുക്കാനാളില്ലാതെ നശിക്കുകയാണെന്നും വിലകുറച്ചിട്ടും പച്ചക്കറി എടുക്കാതെ കേരളത്തിലെ വ്യാപാരികള്‍ പിന്മാറുകയാണെന്നുമാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്ചയായി കച്ചവടം കുറഞ്ഞതോടെ എല്ലായിനം പച്ചക്കറികള്‍ക്കും തമിഴ്നാട്ടില്‍ 60-80 ശതമാനം വരെ വില കുറഞ്ഞിട്ടുണ്ട്. വെള്ളരി, ബീന്‍സ്, കാബേജ്, കോവക്ക, പടവലങ്ങ, കോളിഫ്ളവര്‍, കത്രിക്ക, ബീറ്റ്റൂട്ട്, പച്ചപ്പയര്‍, വഴുതനങ്ങ എന്നിവക്ക് കിലോക്ക് 10-12 രൂപ വരെയാണ് വില. കാരറ്റിന് 20 രൂപയും മുരിങ്ങക്ക 15ഉം പച്ചമുളകിന് 22ഉം തക്കാളിക്ക് രണ്ടുമുതല്‍ അഞ്ചുരൂപയുമായി. തക്കാളി ഉല്‍പാദനം ഇക്കുറി വര്‍ധിച്ചതും വിലയിടിവിന് കാരണമായി. ഉള്ളിക്ക് കേരളത്തില്‍ വില കുതിച്ചുയരുമ്പോള്‍ തമിഴ്നാട്ടില്‍ 20 രൂപയാണ് വില. ഇവിടെ ശനിയാഴ്ച 55-60 രൂപയായിരുന്നു ഉള്ളിവില. വെളുത്തുള്ളിക്ക് തമിഴ്നാട്ടില്‍ 70 രൂപയുള്ളപ്പോള്‍ ഇവിടെ 100 രൂപക്ക് മേലെയാണ് വില. വലിയ ചുവന്നുള്ളിക്ക് തമിഴ്നാട്ടില്‍ 40 രൂപക്കാണ് വില്‍പന. മൊത്തക്കച്ചവടക്കാര്‍ക്ക് പലയിനം പച്ചക്കറികളും 10 രൂപക്കാണ് നല്‍കുന്നത്.
സവാളക്ക് 40 രൂപയാണ് മൊത്തവില. അതേസമയം, മലയാളികള്‍ തദ്ദേശീയ ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചു തുടങ്ങിയതോടെ കേരളത്തില്‍ പച്ചക്കറിക്ക് നേരിയ വിലവര്‍ധനയും അനുഭവപ്പെടുന്നുണ്ട്. പച്ചപ്പയറിന് 50 രൂപയും ബീന്‍സിന് 30 രൂപയുമാണ് വില. ജൈവപച്ചക്കറിക്ക് വില ഉയര്‍ന്നതോടെ വില്‍പനയില്‍ നേരിയ കുറവുണ്ടെന്നും വ്യാപാരികള്‍ അറിയിച്ചു. വിപണിയില്‍ നാടന്‍ പച്ചക്കറികള്‍ ഇപ്പോള്‍ സുലഭമാണ്. എന്നാല്‍, അവസരം മുതലെടുത്ത് കച്ചവടം വര്‍ധിപ്പിക്കാന്‍ ഹോര്‍ട്ടികോര്‍പ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ തയാറാകുന്നില്ളെന്ന പരാതിയും ഉണ്ട്.
വിപണിയില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ഇടപെടല്‍ കാര്യമായില്ലാത്തതിനാല്‍ ഓണത്തിന് വേണ്ടത്ര കച്ചവടം ലഭിക്കുന്നില്ളെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍ട്ടികോര്‍പ് വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ ആക്ഷേപം ശക്തമാണ്. ചീര, വാഴച്ചുണ്ട് എന്നിവക്കും നാടന്‍ വിപണിയില്‍ നല്ല കച്ചവടമാണ്. അതേസമയം, അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി വ്യാപകമായി വിഷപച്ചക്കറി ഇപ്പോഴും കേരളത്തിലേക്ക് കൊണ്ടുവരുന്നതായി കച്ചവടക്കാര്‍ സമ്മതിക്കുന്നു.
ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മിനിലോറികളിലും മറ്റുമായി വിഷപച്ചക്കറി കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ എത്തുന്നുണ്ടെന്നും അവര്‍ പറയുന്നു. ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ അറിവോടെയാണിത്. പരിശോധനയെ തുടര്‍ന്ന് കച്ചവടം ഇടിഞ്ഞതോടെ തമിഴ്വ്യാപാരികളും കര്‍ഷകരും അടുത്തിടെ അതിര്‍ത്തികളില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. കച്ചവടം വീണ്ടും കുറഞ്ഞതോടെ സമരത്തിനുള്ള തയാറെടുപ്പിലാണ് കച്ചവടക്കാര്‍. തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ കേരളത്തില്‍ നാടന്‍പച്ചക്കറികളുടെ വിലയില്‍ ഓണക്കാലത്ത് നേരിയ വര്‍ധനയുണ്ടാകുമെന്നും വ്യാപാരികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.