ജ്വല്ലറികളില്‍ സി.സി.ടി.വി നിര്‍ബന്ധം
text_fieldsതൃശൂര്‍: ജ്വല്ലറികളില്‍ നിര്‍ബന്ധമായും സി.സി.ടി.വി സ്ഥാപിക്കണമെന്നും കാമറ ദൃശ്യങ്ങള്‍ പൊലീസ് ആവശ്യപ്പെട്ടാല്‍ ഉടമകള്‍ കൈമാറണമെന്നും നിര്‍ദേശം. രണ്ട് പവനില്‍ കൂടുതലുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ വില്‍ക്കുന്ന വ്യക്തിയുടെ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പും സ്വര്‍ണാഭരണത്തിന്‍െറ ഫോട്ടോയും ജ്വല്ലറിയുടമ എടുത്ത് സൂക്ഷിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നും ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണം കണ്ടെടുക്കാനായി സമ്മര്‍ദം ചെലുത്താന്‍ കടയുടമയെ കേസില്‍ പ്രതി ചേര്‍ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
മോഷ്ടിച്ച സ്വര്‍ണം കണ്ടെടുക്കുന്നതിന് സ്വര്‍ണ വ്യാപാരികളെ ശാരീരികവും മാനസികവുമായി പൊലീസ് പീഡിപ്പിക്കുന്നുവെന്ന സ്വര്‍ണവ്യാപാരികളുടെ നിരന്തര പരാതിയെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ ഉന്നതരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിലവില്‍ ആര് സ്വര്‍ണം കൊണ്ടുവന്നാലും അത് വാങ്ങിക്കുന്ന പൊതുസമീപനം സ്വര്‍ണവ്യാപാരികള്‍ കൈക്കൊള്ളുന്നുണ്ട്. അതിനാലാണ് പലപ്പോഴും മോഷണ സ്വര്‍ണം വാങ്ങി വ്യാപാരികള്‍ കുടുങ്ങുന്നത്. ആ സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടുപവന് മുകളില്‍ വില്‍ക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പ് കടയുടമക്ക് കൈമാറണമെന്ന വ്യവസ്ഥ കൊണ്ടുവരുന്നത്. മോഷ്ടിച്ച സ്വര്‍ണം വ്യാപാരികളില്‍ നിന്നും കണ്ടെടുക്കുമ്പോള്‍ ഒരു രജിസ്ട്രേഡ് സ്വര്‍ണ വ്യാപാരിയെ മഹസറില്‍ അധിക സാക്ഷിയായി ഉള്‍പ്പെടുത്തണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വര്‍ണം റിക്കവറി നടത്തുന്ന സമയത്ത് തന്നെ അത് സംബന്ധിച്ച മഹസര്‍ തയാറാക്കി അതിന്‍െറ പകര്‍പ്പ് ജ്വല്ലറി ഉടമക്ക് നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. അന്വേഷണം കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ മഹസറും തൊണ്ടിമുതലും കോടതിയില്‍ ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.