എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണം: ഒന്നാം പ്രതി പിടിയില്‍
text_fieldsതിരുവനന്തപുരം: ശ്രീകാര്യം എന്‍ജിനീയറിങ് കോളജില്‍ (സി.ഇ.ടി) ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന വിദ്യാര്‍ഥി അറസ്റ്റില്‍. ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി കണ്ണൂര്‍ മണ്ണാട് കല്യാശ്ശേരി കൊള്ളിയില്‍ വീട്ടില്‍ ബൈജുവിനെയാണ്(21) അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ബൈജുവിന്‍െറ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തി. കണ്ണൂരിലെ രക്ഷാകര്‍ത്താക്കളെ പൊലീസ് വിളിച്ചുവരുത്തിയതായി സുഹൃത്തുക്കള്‍ മുഖേന അറിഞ്ഞതിനെ തുടര്‍ന്നാണ് കീഴടങ്ങിയത്.
അപകടമുണ്ടായതിനു പിന്നാലെ ബൈജു കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു. അവിടെനിന്ന് മധുരയിലേക്കും പിന്നീട് കൊല്ലത്തേക്കും പോയി. തുടര്‍ന്ന് കൊട്ടാരക്കരയിലേക്ക് പോകുംവഴിയാണ് രക്ഷാകര്‍ത്താക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച കാര്യം അറിയുന്നത്. ഇവരെ സ്റ്റേഷനില്‍ തടഞ്ഞുവെക്കുമോയെന്ന സംശയവും സുഹൃത്തുകള്‍ പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കീഴടങ്ങാന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചത്. സംഭവ സമയം ജീപ്പ് ഓടിച്ചത് താനാണെന്ന് ബൈജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അപകടം ബോധപൂര്‍വമല്ളെന്നും ബൈജു പറഞ്ഞു. ജീപ്പിന്‍െറ ബോണറ്റില്‍ കയറിനിന്ന് മറ്റു വിദ്യാര്‍ഥികള്‍ നൃത്തം ചവിട്ടിയപ്പോള്‍ വാഹനത്തിന്‍െറ നിയന്ത്രണം നഷ്ടപ്പെടുകയും വിദ്യാര്‍ഥിനി റോഡിന്‍െറ വശത്തൂടെ നടന്നുപോകുന്നതു കാണാന്‍ കഴിഞ്ഞില്ളെന്നുമാണ് ബൈജുവിന്‍െറ മൊഴി.
ഞായറാഴ്ച വൈകീട്ട് നാലിന് മെഡിക്കല്‍ കോളജ് സി.ഐ ഷീന്‍ തറയിലിന്‍െറ നേതൃത്വത്തിലെ അന്വേഷണസംഘം ബൈജുവിനെ തെളിവെടുപ്പിനായി കോളജില്‍ എത്തിച്ചു. തുടര്‍ന്ന് ഹോസ്റ്റലിലും ജീപ്പ് ഒളിപ്പിച്ച സ്ഥലത്തും തെളിവെടുത്തു. ബൈജുവിനെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോള്‍, കോളജ് പരിസരത്ത് സംഘര്‍ഷസാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ രഹസ്യമായാണ് തെളിവെടുപ്പ് നടത്തിയത്. പ്രത്യേകസുരക്ഷാസംവിധാനങ്ങളും ഒരുക്കിയിരുന്നു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
അതേസമയം, ബൈജുവിനൊപ്പം ജീപ്പിലുണ്ടായിരുന്ന മറ്റുവിദ്യാര്‍ഥികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബൈജുവിന്‍െറ അറസ്റ്റോടെ കൂടുതല്‍ പേര്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സംഭവസമയം ജീപ്പിലുണ്ടായിരുന്ന നാലു വിദ്യാര്‍ഥികളെക്കൂടി കഴിഞ്ഞ ദിവസം കോളജ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് ഇര്‍ഷാദ്, രോഹിത്, അഫ്നാന്‍ അലി, ബാദുഷ ബഷീര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ കോളജില്‍ കൊണ്ടുവന്ന ‘ചെകുത്താന്‍’ ലോറിയും പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
