ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സംവിധാനം ഉദ്ഘാടനം ചെയ്തു
text_fields
മാള: പൊലീസ് സേനയെ കാര്യക്ഷമമാക്കി പൊതുജനങ്ങള്‍ക്ക് വേഗത്തിലും കൃത്യമായും സേവനങ്ങള്‍ നല്കുന്ന സി.സി.ടി.എന്‍.എസ് (ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് സിസ്റ്റം) പദ്ധതിയുടെ സംസ്ഥാനതല ഓണ്‍ലൈന്‍ സംവിധാനം മാള പൊലീസ് സ്റ്റേഷനില്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 14,000 പൊലീസ് സ്റ്റേഷനുകള്‍, അനുബന്ധ പൊലീസ് ഓഫിസുകള്‍, ബന്ധപ്പെട്ട കോടതികള്‍, പാസ്പോര്‍ട്ട് ഓഫിസുകള്‍, എമിഗ്രേഷന്‍ ഓഫിസുകള്‍ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.
മലയാള ഭാഷ ഉള്‍പ്പെടുത്തല്‍, അനുബന്ധ നിയമഘടകങ്ങള്‍ എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കും. ഇതോടെ പരാതികള്‍ വീട്ടിലിരുന്നും ഫയല്‍ ചെയ്യാം. പൊലീസ് സ്റ്റേഷന് സന്ദര്‍ശനം ഒഴിവാക്കാം. പരാതിയുടെ പുരോഗതി അറിയാനും പരാതിക്കാരനാവും.
സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്കല്, പൊതുപരിപാടികള്‍ക്കുള്ള അനുമതി എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധ്യമാവും. പാസ്പോര്‍ട്ട് വെരിഫിക്കേഷനും ഇതുവഴി നടക്കും. എസ്.എം.എസ്, ഇ മെയില്‍ എന്നിവയിലൂടെ പൊലീസ് ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കും.
സി.സി.ടി.എന്‍.എസ് നോഡല്‍ ഓഫിസര്‍ നിതിന്‍ അഗര്‍വാള്‍ അധ്യക്ഷത വഹിച്ചു. ഐ.ജി എസ്. സുരേഷ്, ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.പി ജെ. ജയനാഥ്, പൊലീസ് കമ്പ്യൂട്ടര്‍ സെന്റര്‍ സൂപ്രണ്ട് രാഹുല്‍ ആര്. നായര്‍, മാള പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശിവരാമന് എന്നിവര്‍ സംസാരിച്ചു. ജില്ലാ റൂറല്‍ എസ്.പി എന്‍. വിജയകുമാര്‍ സ്വാഗതവും ഡിവൈ.എസ്.പി സി.ആര്. സേവ്യര്‍ നന്ദിയും പറഞ്ഞു.
അതേസമയം ചടങ്ങില്‍ പൊതുപൊതുജന പങ്കാളിത്തമില്ലാത്തതില്‍ ഡി.ജി.പി ക്ഷുഭിതനായി .മാള പൊലീസ് സ്റ്റേഷന് മുറ്റത്താണ് വേദി ഒരുക്കിയിരുന്നത്. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എത്തിയിരുന്നു. എം.എല്‍.എ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും ഡി.ജി.പി അന്വേഷിച്ചു. പഞ്ചായത്ത് പ്രസിഡന്റില്ലാതെ ചടങ്ങ് ആരംഭിക്കാനും അദ്ദേഹം തയാറായില്ല. പൊലീസ് പണിപ്പെട്ട് അരമണിക്കൂറിന് ശേഷം പഞ്ചായത്ത് പ്രസിഡന്റിനെ വേദിയിലത്തെിച്ചു. പരിപാടി എങ്ങനെ നടത്തണമെന്ന് നന്നായി അറിയാവുന്നവരാവണം പൊലീസ് ഉദ്യോഗസ്ഥരെന്ന് ഡി.ജി.പി പറഞ്ഞു. ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ചടങ്ങാണിത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജനാവലി സംബന്ധിക്കേണ്ടതാണ്. താന്‍ ജനങ്ങളോട് ക്ഷമാപണം നടത്തുന്നതായും ഡി.ജി.പി വിശദീകരിച്ചു. കുറ്റമറ്റ ശബ്ദ സംവിധാനം, ഫാന്‍ എന്നിവയും പരിപാടിക്ക് ക്ഷണക്കത്തും ഉണ്ടായില്ല. ചടങ്ങ് അവസാനിപ്പിച്ചപ്പോള്‍ ദേശീയഗാനം ഒഴിവാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.