റേഷന്‍ വിതരണം: ലോറികളില്‍ ജി.പി.എസ് സംവിധാനം
text_fieldsതിരുവനന്തപുരം: പൊതുവിതരണത്തിന് ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്ന ലോറികളില്‍ ഐ-ടാക് എന്ന ജി.പി.എസ് ഉപകരണം ഘടിപ്പിച്ച് വണ്ടികളുടെ സഞ്ചാരം പൂര്‍ണമായും നിരീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. എഫ്.സി.ഐ. ഡിപ്പോകളില്‍ നിന്ന് മൊത്തവിതരണ കേന്ദ്രത്തിലേക്കും അവിടെ നിന്ന് റേഷന്‍ ചില്ലറ വിതരണ കേന്ദ്രത്തിലേക്കുമുള്ള യാത്രകളാണ് നിരീക്ഷിക്കുക.
ഇതുവഴി ഈ വാഹനങ്ങളുടെ ചരക്കുനീക്കം തത്സമയം നിരീക്ഷിക്കാം. കെല്‍ട്രോണാണ് ഐ-ടാക് വികസിപ്പിച്ചെടുത്തത്. ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം വലിയതുറ തിരുവനന്തപുരം എഫ്.സി.ഐ. ഡിപ്പോയില്‍നിന്ന് ചാല സബ് ഡിപ്പോയിലേക്കും (സപൈ്ളകോ) അവിടെനിന്ന് മോഡല്‍ പൈലറ്റില്‍ ഉള്‍പ്പെടുന്ന റേഷന്‍കടകളിലേക്കും ഓടുന്ന ലോറികളില്‍ ഘടിപ്പിക്കും. ക്രമേണ ഈ സംവിധാനം വഴി മുഴുവന്‍ റേഷന്‍ചരക്കുനീക്കവും നിരീക്ഷിക്കപ്പെടും.
റേഷന്‍കടകളിലെ ഭക്ഷ്യവിതരണം കുറ്റമറ്റതാക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനം ഇ-പോസ് ഏര്‍പ്പെടുത്തും. വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ എ.ആര്‍.ഡി. 32 നമ്പര്‍ റേഷന്‍ കടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തി. ഇതിന്‍െറ തുടര്‍ച്ചയായി തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി 22 കടകളില്‍ ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കും. ഒരു ഗുണഭോക്താവിനും റേഷന്‍ നിഷേധിക്കാത്ത വിധത്തിലായിരിക്കും ഇ-പോസ് മെഷീനുകളുടെ പ്രവര്‍ത്തനം. ഓണ്‍ലൈന്‍ രീതിയിലും ഓഫ്ലൈന്‍ രീതിയിലും റേഷന്‍ വിതരണം സാധ്യമായിരിക്കും. ഓണ്‍ലൈന്‍ ആണെങ്കില്‍ ഗുണഭോക്താവിന്‍െറ വിവരങ്ങളും നേരിട്ട് സെര്‍വറില്‍നിന്ന് ലഭ്യമായിരിക്കും. ബില്‍ ചെയ്യുന്ന വിവരങ്ങള്‍ തത്സമയം സെര്‍വറില്‍ അപ്ഡേറ്റ് ആകും. ഓഫ്ലൈന്‍ ആണെങ്കില്‍ ഇ-പോസ് മെഷീനില്‍ സൂക്ഷിച്ച വിവരങ്ങളുപയോഗിച്ച് ബില്‍ തയാറാക്കി നല്‍കും. തുടര്‍ന്ന് കണക്ടിവിറ്റി ലഭ്യമാക്കുന്ന മുറക്ക് സെര്‍വറിലേക്ക് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും സെര്‍വറില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ഉപഭോക്താവിന് ബില്ലടക്കം എല്ലാ വിവരങ്ങളും സുതാര്യമായി നല്‍കുന്നതാവും പദ്ധതി. റേഷന്‍ ഇടപാട് വിവരം എസ്.എം.എസ് ആയി നല്‍കാനും സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്‍െറ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഡയറക്ടര്‍ ഡോ. ഹമീദ് നൂറു, ഡെപ്യൂട്ടി കണ്‍ട്രി ഓഫിസര്‍ ഇയാങ്ങ് ഡെലിബെയ്ന്ദു, ഫുഡ് സെക്യൂരിറ്റി റിഫോംസ് തലവന്‍ അങ്കിത് സൂദ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.