മനസ്സമാധാനത്തിന് വേണ്ടിയെങ്കിലും സത്യം പറയണം, ഞങ്ങള്‍ ക്ഷമിച്ചോളാം –ധനുഷിന്‍െറ അമ്മ
text_fieldsകോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്സിലെ ഫയറിങ് റെയ്ഞ്ചില്‍ എന്‍.സി.സി കാഡറ്റ് ധനുഷ് കൃഷ്ണ (18) വെടിയേറ്റ് മരിച്ചതിന്‍െറ സത്യാവസ്ഥ പുറത്തുപറയാന്‍ മറ്റു കാഡറ്റുകളോ, എന്‍.സി.സി അധികൃതരോ തയാറാവണമെന്ന് ധനുഷിന്‍െറ അമ്മ രമാദേവി. ‘അവനൊരിക്കലും ആത്മഹത്യ ചെയ്യില്ല. ഒരു മനസസ്സമാധാനത്തിന് വേണ്ടിയെങ്കിലും അവര്‍ സത്യം പറയണം. ഞങ്ങള്‍ ക്ഷമിച്ചോളാം. ഒരമ്മയുടെ യാചനയാണിത്’ -രമാദേവി മാധ്യമത്തോടു പറഞ്ഞു.വീടിനേയും നാടിനേയും ഒരുപോലെ സ്നേഹിച്ചവനാണ് ധനുഷ്. അച്ഛന്‍െറയും അമ്മാവന്മാരുടേയും ആഗ്രഹപ്രകാരം പട്ടാള ഓഫിസറാകാന്‍ അക്ഷീണം പ്രയത്നിച്ചുപോന്ന അവന് ഞങ്ങളെയൊക്കെ വിട്ട് ആത്മഹത്യ ചെയ്യാന്‍ കഴിയില്ല. മറ്റേതെങ്കിലും കാഡറ്റിനൊ, ഫയറിങ് റെയ്ഞ്ചിലുണ്ടായിരുന്ന എന്‍.സി.സി ഉദ്യോഗസ്ഥനൊ കൈപ്പിഴ പറ്റിയതാവാം. അവരാരും കരുതിക്കൂട്ടി വെടിവെക്കില്ളെന്നറിയാം. അവര്‍ക്കെതിരെ ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല, അവര്‍ കേസില്‍നിന്ന് രക്ഷപ്പെട്ടോട്ടെ, ഞങ്ങള്‍ക്ക് സത്യമറിഞ്ഞാല്‍ മാത്രം മതി -രമാദേവി ചൂണ്ടിക്കാട്ടി.
മരിക്കുന്നതിന് തലേന്ന് അവന്‍ എന്നെയും സ്കൂളിലെ എന്‍.സി.സി ഓഫിസര്‍ കോശി സാറിനെയും വിളിച്ചിരുന്നു. 44 പേര്‍ മാത്രമേ ക്യാമ്പിലുള്ളൂവെന്നും സെലക്ഷന്‍ ലഭിക്കുന്ന 33 പേരില്‍ താനുണ്ടാവുമെന്നും സന്തോഷത്തോടെ അവന്‍ പറഞ്ഞു. ഡല്‍ഹിയിലെ ഒരു ക്യാമ്പുകൂടി കഴിഞ്ഞാല്‍ പട്ടാളത്തില്‍ ഓഫിസര്‍ ജോലി ഉറപ്പിച്ചതാണ്. ഫോണില്‍ വിളിച്ചതിന് പിറ്റേന്ന് സി.പി.എമ്മിന്‍െറ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ഒരു എന്‍.സി.സി ഓഫിസര്‍ വിളിക്കുന്നത്. ധനുഷിന്‍െറ അമ്മയല്ളേ എന്നു ചോദിച്ചു. അതെയെന്ന് പറഞ്ഞയുടന്‍, ഫയറിങ്ങിനിടെ ധനുഷ് നെഞ്ചില്‍ വെടിയേറ്റു മരിച്ചു എന്നുപറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. അപ്പോള്‍ ഫയറിങ്ങിനിടെയാണ് നെഞ്ചില്‍ വെടിയേറ്റതെന്ന് വ്യക്തം. മരിച്ച് രണ്ടു മണിക്കൂറിനുശേഷമാണ് അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുന്നത്്. ഈ രണ്ടു മണിക്കൂര്‍ കൊണ്ട് സത്യം മാറ്റിമറിച്ചതാകാം.
റൈഫിളുകള്‍ നന്നായി പരിചയമുള്ള അവനൊരിക്കലും കൈയബദ്ധം സംഭവിക്കില്ല. ഓരോ ക്യാമ്പിലും തിളങ്ങിയ അവന്‍ ക്യാമ്പ് കഴിഞ്ഞാലുടന്‍ ഓടിപ്പോകുന്ന സ്വഭാവക്കാരനല്ല. ടെന്‍റ് മടക്കാനും പരിസരം വൃത്തിയാക്കാനും ഉദ്യോഗസ്ഥരെ സഹായിക്കും. അന്ന് ഫയറിങ് റെയ്ഞ്ചിലെ ഉദ്യോഗസ്ഥനെ സഹായിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കെങ്കിലും കൈയബദ്ധം പറ്റിയതാവാം. കാലുകൊണ്ട് ട്രിഗര്‍ അമര്‍ത്തി എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. ബൂട്ടിട്ട കാലുകൊണ്ട് എങ്ങനെ ട്രിഗര്‍ അമര്‍ത്താനാകും -രമാദേവി ചോദിച്ചു. തൊട്ടുമുമ്പ് നടന്ന ക്യാമ്പിന്‍െറ സമാപനദിവസം കാഡറ്റുകള്‍ മിലിട്ടറി കാന്‍റീനില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. കൈയില്‍ പണമില്ലാതെ വിഷമിച്ചുനിന്ന തൊടുപുഴയിലെ ഒരു കുട്ടിക്ക് അവന്‍ 250 രൂപ കൊടുത്തു. ഇതൊരിക്കലും മറക്കില്ലായെന്ന് കുട്ടി ധനുഷിനോട് പറയുകയും ചെയ്തു. മറന്നിട്ടില്ളെങ്കില്‍ ആ കുട്ടിയെങ്കിലും സത്യം പറയുമെന്നാണ് പ്രതീക്ഷ. ധനുഷിന് വെടിയേല്‍ക്കുമ്പോള്‍ ആ കുട്ടിയും ക്യാമ്പിലുണ്ടായിരുന്നു. പേരും എനിക്കറിയാം, ഒരമ്മയുടെ നൊമ്പരമാണിത് രമാദേവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
