‘മാധ്യമം’ വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു
text_fieldsആലപ്പുഴ: പുന്നമടക്കായലിന്‍െറയും കുട്ടനാടിന്‍െറയും പ്രകൃതിസൗന്ദര്യത്തിലൂടെയുള്ള ഹൗസ്ബോട്ട് യാത്രയില്‍ നടന്ന ഹൃദ്യവും ലളിതവുമായ ചടങ്ങില്‍ ‘മാധ്യമം’ വാര്‍ഷികപ്പതിപ്പ് കൈരളിക്ക് സമര്‍പ്പിച്ചു. ആലപ്പുഴയുടെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-വൈജ്ഞാനിക മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഫാസിലാണ് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.എഫ്. മാത്യൂസിന് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചത്. വ്യത്യസ്തവും അതോടൊപ്പം സമഗ്രവും പ്രൗഢവും അര്‍ഥപൂര്‍ണവുമായ ചടങ്ങ് വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് ആരംഭിച്ചത്. പുന്നമടക്കായലിലെ ഫിനിഷിങ് പോയിന്‍റില്‍ നിന്ന് റോയല്‍ ഗ്രീന്‍ ഹൗസ്ബോട്ടിലൂടെ നടന്ന യാത്ര ‘മാധ്യമ’വും ആലപ്പുഴയും തമ്മിലുള്ള ഹൃദയബന്ധത്തിന്‍െറ പ്രതിഫലനം കൂടിയായി. യാദൃശ്ചികമായാണ് താന്‍ ‘മാധ്യമം’ വാര്‍ഷികപ്പതിപ്പില്‍ ആലപ്പുഴയുടെ നഷ്ടപ്രതാപങ്ങളെക്കുറിച്ച് ലേഖനം എഴുതിയതെന്ന് ഫാസില്‍ അനുസ്മരിച്ചു. ഒരു നാടിന്‍െറ വേദനയും വിഹ്വലതകളും പ്രതീക്ഷയും അതില്‍ സൂചിപ്പിച്ചിട്ടുണ്ട്. പ്രതാപം നഷ്ടപ്പെട്ട ആലപ്പുഴയെക്കുറിച്ച് കൂടുതല്‍ കേട്ടുവളര്‍ന്ന ബാല്യമായിരുന്നു എന്‍േറത്. അതില്‍ പരാമര്‍ശിക്കപ്പെടുന്ന പല അഭിപ്രായങ്ങളോടും അനുകൂലവും പ്രതികൂലവുമായ നിലപാടുകള്‍ ഉണ്ടാകാം. ആരെയും കുത്തിനോവിക്കാനല്ല, മറിച്ച് തന്‍െറ നാടിന്‍െറ വളര്‍ച്ച സ്വപ്നംകണ്ടുള്ള എഴുത്താണ് നടത്തിയത്. തെറ്റുകളുണ്ടെങ്കില്‍ ക്ഷമ. അത് ആലപ്പുഴയിലെ പൗരാവലിക്കാണ് സമര്‍പ്പിക്കുന്നതെന്നും ഫാസില്‍ പറഞ്ഞു.
പലരുടെയും ഓര്‍മകളിലൂടെയാണ് താന്‍ കൊച്ചിയുടെ കഥ മെനഞ്ഞെടുത്തതെന്ന് പി.എഫ്. മാത്യൂസ് പറഞ്ഞു. ചടങ്ങില്‍ മുന്‍ മന്ത്രി ജി. സുധാകരന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. പത്രലോകത്ത് മാധ്യമത്തിന്‍െറ സവിശേഷമായ സാന്നിധ്യത്തിന്‍െറ മറ്റൊരു രൂപമാണ് വാര്‍ഷികപ്പതിപ്പെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാല്‍നൂറ്റാണ്ടിനുള്ളില്‍ കേരളത്തിലെ ഏറെ പഴക്കമുള്ള പത്രങ്ങള്‍ക്കൊപ്പം സ്ഥാനം നേടാന്‍ കഴിഞ്ഞത് ധാര്‍മികവും താത്വികവുമായ ഉറച്ച നിലപാടുകൊണ്ടാണ്. എല്ലാ വാര്‍ത്തകളുടെയും അന്തര്‍ധാരയായി വര്‍ത്തിക്കുന്നതും ഇതാണ്. അതോടൊപ്പം സാമ്രാജ്യത്വ വിരുദ്ധ നിലപാടും പരസ്യങ്ങളിലെ നിയന്ത്രണവും മാധ്യമത്തെ വ്യത്യസ്തമാക്കുന്നു. ഫാസില്‍ ആലപ്പുഴയെക്കുറിച്ച് എഴുതിയ ലേഖനത്തില്‍ പല അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നുണ്ട്. അതില്‍ ചിലത് വ്യക്തിപരമായി കണക്കാക്കാം. മനോഹരമായ ഭാഷയാണ് ഫാസിലിന്‍േറത്. വായനക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന തരത്തിലുള്ള വിഭവങ്ങളാണ് ദേശം, ദേശീയത, പൗരത്വം എന്നിവയുള്‍പ്പെടെ കാണാന്‍ കഴിയുക. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ നാടിന്‍െറ ശക്തി. ചെറുതിനെ നശിപ്പിക്കുക എന്നതല്ല, മറിച്ച് ചെറുതുണ്ടെങ്കിലെ വലുതിന്‍െറ ഭംഗി ആസ്വദിക്കാന്‍ കഴിയു എന്ന തോന്നലാണ് വേണ്ടത്. രണ്ടിനെയും തുല്യമായി കാണാനുള്ള മനസ്സ് വേണം. ശക്തമായ അടിത്തറയുള്ള ചിന്താഗതികള്‍ക്ക് മാത്രമെ കാലത്തെ അതിജീവിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മാധ്യമം ജനറല്‍ മാനേജര്‍ എ.കെ. സിറാജലി അധ്യക്ഷത വഹിച്ചു. മുന്‍കാലത്തെപ്പോലെ തന്നെ ഇത്തവണയും ജനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന തരത്തിലാണ് മാധ്യമം വാര്‍ഷികപ്പതിപ്പ് ഇറക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീര്‍ച്ചയായും അതിന് വായനാസമൂഹത്തിന്‍െറ സ്വീകാര്യതയുണ്ടാകും.
മാധ്യമത്തിന്‍െറ വിഭവങ്ങള്‍ പൊതുവെയും പ്രത്യേകിച്ച് ആലപ്പുഴയുടെയും പ്രശ്നങ്ങളിലൂന്നിയ ചര്‍ച്ചക്ക് തുടക്കമിടട്ടെയെന്ന് ആലപ്പുഴ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാഹരി ആശംസിച്ചു. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ, പബ്ളിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയി എന്നിവരും സംസാരിച്ചു. ചടങ്ങിന് മാധ്യമം പീരിയോഡിക്കല്‍സ് എഡിറ്റര്‍ പി.കെ. പാറക്കടവ് സ്വാഗതവും കൊച്ചി റസിഡന്‍റ് മാനേജര്‍ എം.എ. സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു. കൊച്ചി ന്യൂസ് എഡിറ്റര്‍ ഇന്‍ചാര്‍ജ് പി.സി. സെബാസ്റ്റ്യന്‍, മാധ്യമം ആഴ്ചപതിപ്പ് സബ്എഡിറ്റര്‍മാരായ കെ.പി. ജയകുമാര്‍, പി. സക്കീര്‍ ഹുസൈന്‍, പി.ആര്‍ മാനേജര്‍ കെ.ടി. ഷൗക്കത്ത്, പരസ്യവിഭാഗം ആലപ്പുഴ മാനേജര്‍ വൈ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ സി.എം.സി (ന്യുയോര്‍ക്ക്) ഗാനം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
