‘ഇനി ഞങ്ങള്‍ പറയാം’; കഞ്ഞിക്കുഴി ‘കോടി’ക്കടുത്ത്
text_fields
ചെറുതോണി: സംസ്ഥാന കുടുംബശ്രീ മിഷനും ദൂരദര്‍ശനും ചേര്‍ന്ന് നടത്തിയ ‘ഇനി ഞങ്ങള്‍ പറയാം’ റിയാലിറ്റി ഷോയില്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപ ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിന് കിട്ടാനുള്ള സാധ്യതയേറി. ഒൗദ്യോഗിക പ്രഖ്യാപനം സെപ്റ്റംബര്‍ മൂന്നിന് മലപ്പുറത്ത് നടക്കുന്ന കുടുംബശ്രീ മിഷന്‍െറ സംസ്ഥാന വാര്‍ഷികത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ലോക വനിതാദിനമായ മാര്‍ച്ച് എട്ടിന് വൈകീട്ട് ഏഴിന് ദൂരദര്‍ശന്‍ സംപ്രേഷപണം ചെയ്ത റിയാലിറ്റിഷോ വഴിയാണ് കുടുംബശ്രീ വഴി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പഞ്ചായത്തിനെ തെരഞ്ഞെടുത്തത്. സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ കെ.പി. കണ്ണന്‍െറ നേതൃത്വത്തിലുള്ള ടീമായിരുന്നു വിധി കര്‍ത്താക്കള്‍. ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ സ്ത്രീപഠന കേന്ദ്രം ഡയറക്ടര്‍ മിനി സുകുമാര്‍ എന്നിവരും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും വിധി കര്‍ത്താക്കളായിരുന്നു. സ്ഥിരം ജൂറി അംഗങ്ങള്‍ക്ക് 25 മാര്‍ക്കും അതിഥിയായി വരുന്ന ജൂറിക്ക് 15 മാര്‍ക്കും സെലിബ്രിറ്റി ജൂറിക്ക് 10 മാര്‍ക്കുമാണ് നല്‍കാന്‍ കഴിയുക. അവസാന റൗണ്ടിലത്തെിയ പൂതക്കുളം, പള്ളിക്കല്‍, വാത്തിക്കുടി, കരിമ്പന്‍, അളകപ്പനഗര്‍, ഉണ്ണിക്കുളം, ചാത്തമംഗലം, തെന്നല, കോട്ടുകാല്‍, അന്നമനട, മലപ്പുറം മുനിസിപ്പാലിറ്റി, തെങ്ങളായി, പുതുപ്പാടി, ആലത്തൂര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി എന്നീ സംഘങ്ങളെ പുറന്തള്ളിയാണ് കഞ്ഞിക്കുഴി മുന്‍നിരയിലത്തെിയത്.
പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങള്‍, പങ്കാളിത്തം എന്നിവയായിരുന്നു സാമൂഹിക പ്രതിബദ്ധതയുടെ അളവുകോല്‍. പദ്ധതി നടപ്പാക്കിയ പഞ്ചായത്തില്‍ അത് സാമൂഹിക മാറ്റത്തിന് സഹായകമായോ എന്നും ജൂറി വിലയിരുത്തി. ഹൃദ്യമായ ആവിഷ്കാരം കൊണ്ടും സാധാരണക്കാരുടെ ഭീമമായ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ റിയാലിറ്റി ഷോക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സാജനും കുടുംബശ്രീ ഡയറക്ടര്‍ കെ.ബി. വത്സലകുമാരിയുമാണ്.
ഓരോ ജില്ലയില്‍നിന്ന് അഞ്ചു ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി ആകെ 70 ഗ്രൂപ്പുകളുടെ പ്രവര്‍ത്തനമാണ് വിലയിരുത്തിയത്. പിന്നീട് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തിയ ദൗത്യവും നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും വിജയം കൈവരിച്ച വഴികളും വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. പലരുടെയും സാമ്പത്തിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും ഈ കൂട്ടായ്മയിലൂടെ പരിഹരിക്കപ്പെട്ടു. കൃഷി, മൈക്രോ എന്‍റര്‍പ്രൈസസ്, കുട്ടികള്‍ക്കായുള്ള സ്കൂള്‍ ബസ്, നിരാലംബര്‍ക്കായുള്ള ആശ്രയ, ആദിവാസികള്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍, സ്ത്രീ ശാക്തീകരണം, ബാലസഭ തുടങ്ങി എല്ലാ പ്രവര്‍ത്തന മേഖലയിലും മുന്‍പന്തിയിലത്തെി. ഒൗദ്യോഗിക പ്രഖ്യാപനമുണ്ടായാല്‍ ഉടന്‍ അത് ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് കഞ്ഞിക്കുഴിയിലെ വനിതകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
