നിയമന അംഗീകാരമില്ലാത്ത അധ്യാപകര്‍ വീണ്ടും പെരുവഴിയില്‍
text_fieldsതിരുവനന്തപുരം: അധ്യാപക പാക്കേജ് വീണ്ടും കോടതി സ്റ്റേ ചെയ്തതോടെ രണ്ടായിരത്തില്‍പരം അധ്യാപകരുടെ നിയമന അംഗീകാരം അവതാളത്തിലായി. അഞ്ച് വര്‍ഷത്തോളമായി സംസ്ഥാനത്തെ ഒട്ടേറെ അധ്യാപകര്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യുകയാണ്. പാക്കേജിന് അംഗീകാരമായി ഉത്തരവിറങ്ങിയതോടെ തസ്തികനിര്‍ണയനടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍, ഏതാനും എയ്ഡഡ് മാനേജ്മെന്‍റുകള്‍ പുതിയ ഉത്തരവിനെതിരെയും കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചതോടെ തസ്തികനിര്‍ണയവും നിയമന അംഗീകാരവും സ്തംഭനത്തിലാകും.
അധ്യാപക പാക്കേജ് അംഗീകരിച്ച് ഉത്തരവിറങ്ങിയതോടെ തസ്തികനിര്‍ണയവും നിയമന അംഗീകാരവും പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മുഴുവന്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും കഴിഞ്ഞദിവസം വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഡി.ഡി.ഇമാര്‍ക്ക് ഇതിന്‍െറ മേല്‍നോട്ടച്ചുമതലയും നല്‍കിയിരുന്നു.
2010-11 അധ്യയനവര്‍ഷത്തിനുശേഷം എയ്ഡഡ് സ്കൂളുകളില്‍ നിയമിക്കപ്പെട്ട അധ്യാപകരെല്ലാം നിയമന അംഗീകാരം കാത്തുനില്‍ക്കുന്നവരാണ്. ഇക്കാലയളവിന് ശേഷം അധിക തസ്തികകളില്‍ വന്നവരും രാജി, വിരമിക്കല്‍, ഉദ്യോഗക്കയറ്റം തുടങ്ങിയ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
ഇതില്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്കെല്ലാം നിയമന അംഗീകാരത്തിന് പാക്കേജ് ഉത്തരവ് പ്രകാരം 1:45 എന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതം ബാധകമാണ്. എന്നാല്‍ ഇക്കാലയളവില്‍ രാജി, വിരമിക്കല്‍, ഉദ്യോഗക്കയറ്റം തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് എല്‍.പിയില്‍ 1:30 എന്ന അനുപാതവും യു.പി, ഹൈസ്കൂളുകളില്‍ 1:35 എന്ന അനുപാതവുമാണ് ബാധകമാക്കിയത്. 2015-16 അധ്യയനവര്‍ഷം മുതലുള്ള നിയമനങ്ങള്‍ക്ക് 1:45 എന്ന അനുപാതവുമാണ് ബാധകം. എന്നാല്‍ മുഴുവന്‍ തസ്തികകളിലേക്കും 1:30, 1:35 അനുപാതങ്ങള്‍ വേണമെന്ന വാദമാണ് എയ്ഡഡ് മാനേജ്മെന്‍റുകള്‍ തുടക്കംമുതല്‍ ഉന്നയിച്ചിരുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിലേക്ക് മാനേജ്മെന്‍റുകളെ കൊണ്ടുവരാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളിലൂടെ സാധിച്ചിരുന്നു. ഇതിനുശേഷമാണ് പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയതും ഉത്തരവിറക്കിയതും. എന്നാല്‍, ചില എയ്ഡഡ് മാനേജ്മെന്‍റുകള്‍ കോടതിയെ സമീപിച്ചതോടെയാണ് സ്റ്റേ അനുവദിച്ചത്.
ഒട്ടേറെ സ്കൂളുകള്‍ സര്‍ക്കാര്‍ അനുവദിക്കാത്ത 1:30, 1:35 അനുപാതത്തില്‍ പുതിയ തസ്തികയിലേക്ക് നിയമനം നടത്തിയിട്ടുണ്ട്.
അംഗീകാരം ലഭിച്ച പാക്കേജ് പ്രകാരം ഇത്തരം നിയമനങ്ങള്‍ക്ക് സാധുത ലഭിക്കില്ല. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തില്‍ 1:30, 1:35 അനുപാതമാണ് വ്യവസ്ഥ ചെയ്യുന്നതെന്ന വാദമാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്.
സ്റ്റേ നീക്കിയില്ളെങ്കില്‍ അഞ്ചുവര്‍ഷത്തോളമായി നിയമന അംഗീകാരവും ശമ്പളവും കാത്തിരിക്കുന്ന അധ്യാപകരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരും. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം അപ്പീല്‍ പോകാനാണ് വിദ്യാഭ്യാസവകുപ്പിന്‍െറ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
