ധനുമാസക്കുളിര്‍പോലെ ആ സംഗീതം
text_fieldsക്രിസ്മസ് ആഘോഷം ഉള്ളിടത്തോളംകാലം ‘യഹൂദിയായിലെ...’ എന്ന ഗാനത്തിലൂടെ സംഗീതസംവിധായകന്‍ എ.ജെ. ജോസഫ് മലയാളികളുടെ ഓര്‍മയിലുണ്ടാകും. മികച്ചൊരു കലാകാരനെയാണ് എ.ജെ. ജോസഫിന്‍െറ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. 1985ല്‍ ഞാന്‍ നിര്‍മിച്ച ‘എന്‍െറ കാണാക്കുയില്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് സംഗീത സംവിധായകനായുള്ള ജോസഫിന്‍െറ അരങ്ങേറ്റം. പിന്നീട് ‘കുഞ്ഞാറ്റക്കിളി’, ‘ഈ കൈകളില്‍’ തുടങ്ങിയ സിനിമകളിലും അദ്ദേഹം പങ്കാളിയായി. കോട്ടയം ലൂര്‍ദ് പള്ളിയില്‍ ക്വയര്‍ മാസ്റ്ററായി ജോസഫ് എത്തുന്നതോടെയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് തുടക്കമാകുന്നത്. ട്രൂപ്പിലെ പ്രധാന ഗായകന്‍ ഞാനായിരുന്നു. ഈ ബന്ധം മരണംവരെ തുടര്‍ന്നു. ഞങ്ങളുടെ ട്രൂപ്പിനുവേണ്ടിയായിരുന്നു ‘യഹൂദിയായിലെ...’ ‘രാത്രി രാത്രി...’ തുടങ്ങിയ ക്രിസ്മസ് ഗാനങ്ങള്‍ അദ്ദേഹം രചിച്ചത്. അദ്ദേഹംതന്നെ സംഗീതം നല്‍കിയ ഈ ഗാനം പിന്നീട് യേശുദാസ് ആലപിക്കുകയായിരുന്നു. മലയാളികളുടെ ക്രിസ്മസ് ആഘോഷത്തില്‍ ഏറ്റവും അധികം മുഴങ്ങിയ ഗാനമായി ‘യഹൂദിയായിലെ...’ വിശേഷിപ്പിച്ചാലും തെറ്റില്ല.
ഇതിനുശേഷമാണ് ഞാന്‍ നിര്‍മിച്ച സിനിമയില്‍ സംഗീത സംവിധായകനായി അദ്ദേഹത്തിന് അവസരം നല്‍കുന്നത്. ‘കാണാക്കുയിലി’ലെ അദ്ദേഹം ചിട്ടപ്പെടുത്തിയ ‘ഒരേ സ്വരം...’ എന്ന ഗാനം ആലപിച്ച കെ.എസ്. ചിത്രക്ക് ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡും ലഭിച്ചു. ‘ഈ കൈകളില്‍’ എന്ന സിനിമയിലെ ‘കാരുണ്യ കതിര്‍വീശി റമദാന്‍ തിര വന്നപ്പോള്‍...’ എന്ന ഗാനവും ജോസഫിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ക്രിസ്തീയ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനത്തിനൊപ്പം രചനയും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരുന്നത്. മലയാളത്തിലെ ക്രിസ്ത്രീയ ഗാനശാഖക്ക് മികച്ച സംഭാവനകളാണ് അദ്ദേഹം നല്‍കിയത്.
അദ്ദേഹത്തിന് ചില നിബന്ധനകള്‍ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അതാവാം സിനിമയില്‍നിന്ന് അദ്ദേഹം പിന്തള്ളപ്പെടാന്‍ കാരണം. ആരുടെയും അടുത്ത് ചാന്‍സ് ചോദിക്കാന്‍ അദ്ദേഹം പോകുമായിരുന്നില്ല. മൂന്നു സിനിമകള്‍ക്കുശേഷം മറ്റു നിര്‍മാതാക്കളുമായി ചേരാന്‍ കഴിയാതെ അദ്ദേഹം സിനിമയോടേ വിടപറഞ്ഞു. പിന്നീട് അദ്ദേഹം മടങ്ങിവരവിന് ശ്രമിച്ചിട്ടുമില്ല. മികച്ചൊരു ഉപകരണവാദ്യ വിദഗ്ധന്‍ കൂടിയായിരുന്നു ജോസഫ്. ഗിത്താറും കീബോര്‍ഡും അദ്ദേഹം മനോഹരമായി കൈകാര്യം ചെയ്തിരുന്നു. ഗിത്താറിലാണ് അദ്ദേഹം ഏറെ തിളങ്ങിയത്. ആദ്യകാലത്ത് കോട്ടയത്ത് സാംസ്കാരിക മേഖലയില്‍ സജീവമായിരുന്നെങ്കിലും പിന്നീട് പതുക്കെ വീട്ടിലൊതുങ്ങി. അദ്ദേഹത്തിന്‍െറ കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കലാലോകത്തിന് കഴിഞ്ഞിട്ടില്ല. ജോസഫ് സ്വന്തംനിലക്ക് വലിയ ശ്രമവും നടത്തിയുമില്ളെന്നതാണ് യാഥാര്‍ഥ്യം. അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ളെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചിലര്‍ ബോധപൂര്‍വം ഒതുക്കിയെന്ന പരിഭവവും അദ്ദേഹത്തിനുണ്ടായിരുന്നു. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്ക് മാത്രമാണ് സംഗീതസംവിധാനം നിര്‍വഹിച്ചതെങ്കിലും ആ ഗാനങ്ങള്‍ മലയാളം ഒരിക്കലും മറക്കില്ല. വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങിയിരുന്നെങ്കില്‍ മലയാളം നമിക്കുന്നൊരു വലിയ പ്രതിഭയായി അദ്ദേഹം മാറുമായിരുന്നു. ഒന്നിനും പിറകെ സഞ്ചരിക്കാന്‍ ആഗ്രഹിക്കാത്ത നല്ല മനുഷ്യനായിരുന്നു ജോസഫ്. മികച്ചൊരു സുഹൃത്തും. ഈ വേര്‍പാട് എനിക്ക് വ്യക്തിപരമായി വലിയൊരു നഷ്ടമാണ്.
ചലച്ചിത്ര നിര്‍മാതാവും നടനുമാണ് ലേഖകന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
