Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം.എം.എല്ലില്‍...

കെ.എം.എം.എല്ലില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം

text_fields
bookmark_border
കെ.എം.എം.എല്ലില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം
cancel



കൊല്ലം: പൊതുമേഖലാസ്ഥാപനമായ ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ കോടികളുടെ അഴിമതിക്ക് കളമൊരുക്കി മാനേജ്മെന്‍റും തൊഴിലാളി യൂനിയനും സഹകരിച്ച് പിന്‍വാതില്‍ നിയമനത്തിനൊരുങ്ങുന്നു. ജൂനിയര്‍ വര്‍ക്കര്‍മാരുടെ 167 ഒഴിവുകളിലേക്കുള്ള സ്ഥിരംനിയമനത്തിലാണ് തൊഴിലാളി യൂനിയനും മാനേജ്മെന്‍റും കൈകോര്‍ക്കുന്നത്.
സമാന്തര എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് പോലെ പ്രവര്‍ത്തിക്കുന്ന ലാപ്പയില്‍ (കമ്പനിയുടെ പ്രാരംഭഘട്ടത്തില്‍ വീടും വസ്തുവും നഷ്ടപ്പെട്ടവരുടെ തൊഴിലിനും പുനരധിവാസത്തിനും വേണ്ടി രൂപവത്കരിച്ച സംഘടന) വ്യാജമായി രജിസ്റ്റര്‍ ചെയ്ത 927 പേരില്‍ നിന്നാണ്  മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നത്. ഇവര്‍ നിലവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്രമവിരുദ്ധമായ റൊട്ടേഷനിലൂടെ നാലുവര്‍ഷമായി ജോലിചെയ്യുകയാണ്. ജൂണ്‍ 11ന് ചേര്‍ന്ന സംയുക്ത തൊഴിലാളി യൂനിയന്‍-മാനേജ്മെന്‍റ് യോഗത്തിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഈ തൊഴിലാളികളെ 12,000 രൂപ മാസശമ്പളത്തിന് നിയമിക്കാനാണ് നീക്കം നടക്കുന്നത്.
2011ല്‍ ഇതേ തസ്തികയില്‍ നിയമനം നടത്താന്‍ കമ്പനി വിജ്ഞാപനമിറക്കിയിരുന്നു. തൊഴിലാളി യൂനിയനുകളുടെ സമ്മര്‍ദം മൂലം  അന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ല.എന്നാല്‍ ഹൈകോടതി ഇടപെട്ടതോടെ 2014 നവംബര്‍ 30ന് എഴുത്തുപരീക്ഷ നടത്താന്‍ തീരുമാനിച്ചു. ഇതിനായി എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നിന്ന് നേരിട്ട്  13000ത്തില്‍ പരം ഉദ്യോഗാര്‍ഥികളുടെ പട്ടിക തയാറാക്കിയിരുന്നു. ഇവര്‍ക്ക് 2014 നവംമ്പര്‍ 30ന് ചവറ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പെടെ  കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുക്കാനുള്ള ഹാള്‍ടിക്കറ്റും വിതരണം ചെയ്തു. എന്നാല്‍, യൂനിയനുകള്‍ക്ക് വഴങ്ങി മാനേജ്മെന്‍റ് അകാരണമായി പരീക്ഷ മാറ്റിവെച്ചു.കമ്പനിക്ക്  ഭൂമി നല്‍കാത്തവരെയടക്കം കെ.എം.എം.എല്ലില്‍ ഇ.എസ്.ഐ, പി.എഫ് എന്നിവയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ജോലിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങുകയും ലാപ്പയില്‍ അംഗമാക്കുകയുമായിരുന്നു.ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവരുള്‍പ്പെടുന്നവരെയാണ് പിന്‍വാതിലിലൂടെ നിയമിക്കാന്‍ മാനേജ്മെന്‍റും തൊഴിലാളിനേതാക്കളും സംയുക്തമായി തീരുമാനിച്ചത്.
യൂനിയന്‍ നേതാക്കള്‍ 18,000 രൂപ ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും 12,000 രൂപ നല്‍കാമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കുകയായിരുന്നു. സ്ഥാപനത്തിലെ അഞ്ച് തൊഴിലാളി യൂനിയനുകളുടെ പന്ത്രണ്ട് നേതാക്കളും ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്തിരുന്നു.  കെ.എം.എം.എല്ലില്‍ സ്ഥിരം നിയമനങ്ങള്‍ ‘ലാപ്പ’ വഴിയാണ് നടത്തുന്നതെന്നാണ് തൊഴിലാളി നേതാക്കളുള്‍പ്പടെയുള്ളവര്‍ പ്രചരിപ്പിക്കുന്നത്. ഇതിനുവേണ്ട എല്ലാ ഒത്താശകളും കമ്പനി മാനേജ്മെന്‍റ് ഇവര്‍ക്ക് ചെയ്തുകൊടുക്കാറുമുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് തൊഴില്‍ അന്വേഷകര്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് മൂന്നുലക്ഷംരൂപ മുതല്‍ ആറുലക്ഷം കോഴകൊടുത്തവരെ സമാന്തരമായി നിയമിക്കുന്നതെന്നാണ് ആരോപണം.
നിയമിക്കുന്നവരുടെ ശാരീരികക്ഷമത പരീക്ഷിക്കണമെന്ന നിര്‍ദേശം അംഗീകരിക്കാനാവില്ളെന്ന നിലപാടും യൂനിയനുകള്‍ യോഗത്തില്‍ ഉയര്‍ത്തി. കംപല്‍സറി നോട്ടിഫിക്കേഷന്‍ ഓഫ് വേക്കന്‍സീസ് ആക്ട്-1959 പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍, 25ലധികം തൊഴിലാളികള്‍ ഉള്ള സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ മൂന്നുമാസത്തില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമായ തസ്തികകളില്‍ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരെ നിയമിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഈ പഴുതുപയോഗിച്ചാണ് ലാപ്പയില്‍ നിന്നുള്ളവരെ  മൂന്നുമാസം കൂടുമ്പോള്‍ കരാര്‍ പുതുക്കിനല്‍കണമെന്ന നിര്‍ദേശം യൂനിയന്‍െറ ഭാഗത്ത് നിന്നുണ്ടായത്. ഈ നിര്‍ദേശവും മാനേജ്മെന്‍റ് അംഗീകരിച്ചതായി  മിനുട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥാപിതമായും സുതാര്യമായും മാത്രമേ കെ.എം.എം.എല്ലിലെ നിയമനങ്ങള്‍ നടത്താവൂയെന്ന ഹൈകോടതി ഉത്തരവ് ലംഘിച്ചാണ് വീണ്ടും നിയമനത്തിന് പദ്ധതിയിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story