കര്‍ണാടകവും തമിഴ്നാടും കനിഞ്ഞു; ഓണാഘോഷത്തിന് 85 ലക്ഷം ലിറ്റര്‍ പാല്‍ വരും
text_fieldsകോട്ടയം: ഓണാഘോഷത്തിന് പായസമധുരം പകരാന്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് മില്‍മ എത്തിക്കുന്നത് 85ലക്ഷം ലിറ്റര്‍ പാല്‍. കര്‍ണാടകയിലെ അഞ്ചും തമിഴ്നാട്ടിലെ ഏഴും ഡയറികളില്‍നിന്നാണ് ഓണവിപണി ലക്ഷ്യമിട്ട് അധികമായി പാല്‍ കൊണ്ടുവരുന്നത്. ഇതിനായി കര്‍ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ മില്‍ക് ഫെഡറേഷനുകളുമായി മില്‍മ കരാറായി.
കഴിഞ്ഞ ഓണത്തിന് അധികം പാല്‍ ആവശ്യപ്പെട്ട് മില്‍മ സമീപിച്ചതോടെ അന്യസംസ്ഥാന ഡയറികള്‍ വില ഉയര്‍ത്തി ചോദിച്ചിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളെ സമീപിക്കേണ്ടിയും വന്നിരുന്നു. ഉത്സവ കാലങ്ങളില്‍ പാല്‍ നല്‍കാന്‍ വിസമ്മതിക്കുന്നതും വിലപേശുന്നതും ഇവരുടെ പതിവായിരുന്നു. ഇത്തവണ ഉല്‍പാദനം കൂടുതലായതിനാല്‍ കടുംപിടിത്തമൊന്നും കൂടാതെ പാല്‍ നല്‍കാന്‍ സമ്മതിക്കുകയായിരുന്നു.
തിരുവോണ ദിനത്തില്‍ 27 ലക്ഷം ലിറ്റര്‍ പാല്‍ വേണ്ടിവരുമെന്നാണ് മില്‍മയുടെ കണക്ക്. മറ്റ് ഓണദിവസങ്ങളില്‍ 18-20 ലക്ഷം ലിറ്ററാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞവര്‍ഷം തിരുവോണത്തിന് 25 ലക്ഷം ലിറ്ററാണ് മില്‍മ വിറ്റത്. ആഗസ്റ്റ് 15 മുതല്‍ 31 വരെയാണ് മില്‍മയുടെ പ്രത്യേക ഓണവില്‍പന. സംസ്ഥാനത്തെ ശരാശരി പ്രതിദിന ഉല്‍പാദനം 11ലക്ഷം ലിറ്റാണ്. ഓണസമയത്ത് കര്‍ഷകരില്‍നിന്ന് നേരിട്ട് വാങ്ങാന്‍ ആവശ്യക്കാര്‍ കൂടുമെന്നതിനാല്‍ മില്‍മക്ക് ലഭിക്കുന്ന പാലില്‍ അഞ്ചരലക്ഷം ലിറ്റര്‍ വരെ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇത് കണക്കിലെടുത്താണ് 85ലക്ഷം ലിറ്റര്‍ എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആവശ്യത്തിനനുസരിച്ചാവും പാല്‍ എത്തിക്കുക. ഉത്രാട ദിനത്തില്‍ 12ലക്ഷം ലിറ്റര്‍ കൊണ്ടുവരാനാണ് തീരുമാനം. 60 ശതമാനം കര്‍ണാടകയില്‍നിന്നും 40 ശതമാനം തമിഴ്നാട്ടില്‍ നിന്നുമാണ് കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം മുതല്‍ ടാങ്കറുകളില്‍ പാല്‍ എത്തിച്ചുതുടങ്ങിയിട്ടുമുണ്ട്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍െറ കീഴിലെ മൈസൂര്‍, മാന്‍ഡിയ, തുങ്കൂര്‍, ഹസന്‍, ബംഗളൂരു ഡയറികളില്‍നിന്ന് തമിഴ്നാട് മില്‍ക് ഫെഡറേഷന്‍െറ കീഴിലുള്ള കോയമ്പത്തൂര്‍, ഈറോഡ്, സേലം, ട്രിച്ചി, ദിണ്ഡിഗല്‍, തിരുനല്‍വേലി, മധുര എന്നിവിടങ്ങളിലെ ഡയറികളില്‍നിന്നുമാണ് പാല്‍ കൊണ്ടുവരുന്നത്. പരിശോധനകള്‍ക്ക് ശേഷം ഗുണനിലവാരം ഉറപ്പാക്കിയാവും പാല്‍ ശേഖരിക്കുകയെന്ന് മില്‍മ അധികൃതര്‍
പറഞ്ഞു. ശരാശരി 28 രൂപക്കാണ് പാല്‍ ലഭിക്കുന്നത്. ദൂരമനുസരിച്ച് മൂന്നു രൂപവരെയാണ് കടത്തുകൂലിയായി കണക്കാക്കുന്നത്.
ഓണക്കാലത്ത് സ്വകാര്യ കമ്പനികളുടെ രണ്ട്-മൂന്ന് ലക്ഷം ലിറ്റര്‍ പാലും സംസ്ഥാനത്ത് വിറ്റഴിയുന്നുണ്ട്. സാധാരണ ഉപയോഗത്തിന് പുറമേ, പായസത്തിനാണ് ഓണത്തിന് പാല്‍ ഏറെ ആവശ്യമായി വരുന്നത്. വീടുകള്‍ക്ക് പുറമേ ഹോട്ടലുകളിലും ഇരട്ടിയിലധികമായി പാലിന്‍െറ ഉപഭോഗം വര്‍ധിക്കും. മേഖല അടിസ്ഥാനത്തില്‍ മലബാര്‍ യൂനിയനിലാണ് ഏറ്റവും കൂടുതല്‍ പാല്‍ വിറ്റഴിയുക. ജില്ലാ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തായിരിക്കുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.