ഓണാഘോഷത്തിനിടെ അപകടം; എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ നില ഗുരുതരം
text_fieldsതിരുവനന്തപുരം: ശ്രീകാര്യത്തെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍(സി.ഇ.ടി) ഓണാഘോഷ പരിപാടികള്‍ക്കിടെ ജീപ്പിടിച്ച് പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ നില ഗുരുതരം. തലക്ക് സാരമായി പരിക്കേറ്റ മലപ്പുറം നിലമ്പൂര്‍ സ്വദേശിനിയും മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുമായ തന്‍സി ബഷീര്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ഥിനിയെ മൂന്ന് തവണ ശസ്ത്രക്രിയക്ക് വിധേയമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
ബുധനാഴ്ച വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. വൈകീട്ട് 3.30 ഓടെ ആയിരുന്നു സംഭവം.എന്നാല്‍, അപകടവിവരം കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചത് രാത്രി എട്ടോടെ ആണെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. എറണാകുളം കടവന്ത്ര സ്വദേശിയുടെ ഓപണ്‍ ജീപ്പാണ് വിദ്യാര്‍ഥനിയെ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു.
വൈകുന്നേരം അഞ്ച് മണിയോടെ വിദ്യാര്‍ഥിനിയുടെ സുഹൃത്താണ് അപകട വിവരം ബന്ധുക്കളെ അറിയിച്ചത്. കോളജ് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. മദ്യപിച്ച് വാഹനമോടിച്ചാണ് വിദ്യാര്‍ഥികള്‍ അപകടമുണ്ടാക്കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇടിച്ച ജീപ്പ് ഓടിച്ചിരുന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി ബൈജു അടക്കം 15 വിദ്യാര്‍ഥികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. സംഭവത്തില്‍ 12 വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. കോളജ് കാമ്പസിനു പിന്നില്‍ ഒളിപ്പിച്ചിരുന്ന ജീപ്പ് വ്യാഴാഴ്ച രാവിലെ പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
