ആണ്ടവന്‍ യാചിച്ച് നേടിയത് മകന്‍െറ എന്‍ജിനീയറിങ് ബിരുദവും വീടും
text_fields
പെരുമ്പാവൂര്‍: കാലടി കവലയില്‍നിന്ന് പച്ചക്കറി മാര്‍ക്കറ്റിലേക്ക് എളുപ്പത്തില്‍ പോകുന്ന കുട്ടന്‍ പിള്ള റോഡില്‍ ഭിക്ഷ യാചിക്കുന്ന ആണ്ടവന്‍ എന്ന തമിഴ്നാട് സ്വദേശി യാത്രക്കാര്‍ക്ക് പരിചിതനാണ്. 30 വര്‍ഷമായി ഈ വഴിയില്‍ കിടന്ന് യാചിക്കുകയായിരുന്നു ഇയാള്‍. അതുവഴി ആണ്ടവന്‍ നേടിയത് മകന് എന്‍ജിനീറിങ് ബിരുദവും നാട്ടില്‍ വലിയൊരു വീടും.
തമിഴ്നാട്ടിലെ ആത്തൂറിലാണ് കുടുംബം. ഒരുപെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് മക്കളാണ് ആണ്ടവനുള്ളത്. മൂത്ത മകനാണ് എന്‍ജിനീറിങ് ബിരുദധാരി. മകനിപ്പോള്‍ നാട്ടിലെ തുണിമില്ലില്‍ മാനേജറായി ജോലി നോക്കുന്നു. രണ്ടാമത്തെ മകന് കൂലിപ്പണി. മകളെ നല്ലരീതിയില്‍ വിവാഹം കഴിച്ച് അയച്ചു. മകന്‍െറ വിദ്യാഭ്യാസത്തിന് ഒമ്പതുലക്ഷം ചെലവായി. വീടുപണി നടത്തിയതും മകനെ പഠിപ്പിച്ചതും മകളെ വിവാഹം ചെയ്തയച്ചതും ഈ വഴിയിലൂടെ നടന്നുപോയവര്‍ നല്‍കിയ നാണയത്തുട്ടുകള്‍ കൊണ്ടാണെന്ന് ആണ്ടവന്‍ പറയുന്നു.
ഒരു അപകടത്തില്‍ വലതുകാലിന്‍െറ മുട്ടിന് താഴെ മുറിഞ്ഞുപോയി. പകരം ജയ്പൂര്‍കാല്‍ വെച്ചു. ഇടക്ക് മൂന്നുതവണ കൃത്രിമകാല്‍ മാറ്റിവെച്ചതിനും നല്ളൊരു തുക വേണ്ടിവന്നു. കാല് നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയപ്പോള്‍ യഥാര്‍ഥ ‘ആണ്ടവനാണ്’ ഈ വഴി കാണിച്ചുതന്നതെന്ന് ആണ്ടവന്‍ പറയുന്നു. റോഡില്‍ ഇഷ്ടിക അടക്കിവെച്ച് പ്ളാസ്റ്റിക് ഷീറ്റ് വിരിച്ച് പകല്‍ മുഴുവന്‍ അതില്‍ ഇരുന്നും കിടന്നുമാണ് യാചന. ആണ്ടവന്‍െറ അഭാവത്തിലും തറ ഭദ്രം. ആണ്ടവന്‍ ഇരിക്കുന്ന സമയത്ത് കാനയിലേക്ക് ആരും മാലിന്യം ഇടാറില്ല. ദിവസത്തില്‍ ശരാശരി 500 രൂപയെങ്കിലും വരുമാനമുണ്ടെന്ന് സമ്മതിക്കാന്‍ ആണ്ടവന്‍ മടി കാണിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
