ടി.ഒ. സൂരജ് നിര്‍ബന്ധമായും നേരില്‍ ഹാജരാവണം -ലോകായുക്ത
text_fieldsതൃശൂര്‍: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് നിര്‍ബന്ധമായും നേരില്‍ ഹാജരാകണമെന്ന് ലോകായുക്ത വീണ്ടും ഉത്തരവിട്ടു. ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്‍െറ തൃശൂരില്‍ നടന്ന സിറ്റിങ്ങിലാണ് നിര്‍ദേശം. അടുത്ത സിറ്റിങ് നടക്കുന്ന ഒക്ടോബര്‍ 28ന് സൂരജ് ഹാജരാകാനാണ് നിര്‍ദേശം. സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കുകയോ അല്ളെങ്കില്‍ സൂരജ് നേരിട്ട് വന്നേ മതിയാവൂ.
വിജിലന്‍സ് കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ സാവകാശം വേണമെന്നും വിജിലന്‍സ് കോടതി വ്യവഹാരങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും സൂരജിന്‍െറ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ലോകായുക്ത എതിര്‍ക്കുകയായിരുന്നു. മലയാളവേദി സംസ്ഥാന പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളത്തിന്‍െറ ഹരജിയിലാണ് ഉത്തരവ്. കേസ് സംബന്ധിച്ച് വിജിലന്‍സിന് മുമ്പാകെയുള്ള രേഖകള്‍ ഡയറക്ടര്‍ ലോകായുക്തക്ക് മുമ്പാകെ നേരത്തെ ഹാജരാക്കിയിരുന്നു.
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കായികതാരത്തില്‍നിന്ന് പണം തട്ടിയെന്ന പരാതിയില്‍ എം.പി. വിന്‍സന്‍റ് എം.എല്‍.എ, മുന്‍ എം.പി പീതാംബരക്കുറുപ്പ് എന്നിവരുടെ പങ്ക് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. എം.എല്‍.എക്ക് എതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി തേടാനും ഉത്തരവിട്ടു. ഇടനിലക്കാരുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നു. ജനപ്രതിനിധികളുടെ അഴിമതി സംബന്ധിച്ചുള്ള ആരോപണം തെളിയിക്കാന്‍ വിശദമായ അന്വേഷണം വേണമെന്നും ലോകായുക്തക്കു വേണ്ടി പ്രാഥമികാന്വേഷണം നടത്തിയ പാലക്കാട് മുന്‍ എസ്.പി എം. മഞ്ജുനാഥ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇടനിലക്കാരായ ഷിബു ടി. ബാലന്‍, ജയ്മല്‍കുമാര്‍ എന്നിവരും നേരിട്ട് ഹാജരാകണം. ബോഡി ബില്‍ഡറായ സനീഷ് സാജനു റെയില്‍വേയില്‍ ജോലി നല്‍കാമെന്നു വാഗ്ദാനം നല്‍കി 25 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് പിതാവ് നെല്ലിക്കുന്ന് സ്വദേശി സാജനാണ് അഡ്വ. കെ.ഡി. ബാബു മുഖേന ലോകായുക്തയെ സമീപിച്ചത്.
കലാമണ്ഡലത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അഴിമതി സംബന്ധിച്ചകേസില്‍ ലോകയുക്തക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹരജിക്കാരനായ മുന്‍ രജിസ്ട്രാര്‍ ഗ്രാമപ്രകാശിന്‍െറ വാദം അടുത്ത സിറ്റിങ്ങില്‍ വാദം കേള്‍ക്കും. വിലങ്ങന്‍കുന്നില്‍ മണ്ണുമാന്തി വിറ്റ് അഴിമതി നടത്തിയെന്ന പുതിയ പരാതി അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ജസ്റ്റിസുമാരായ പയസ് സി. കുര്യാക്കോസ്, കെ.കെ. ദിനേശന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ബുധനാഴ്ച സിറ്റിങ് നടത്തിയത്. 45ല്‍ 25 കേസുകള്‍ പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
