കരിപ്പൂര്‍ വിമാനത്താവള വികസനം: ഏറ്റെടുക്കാനുള്ള സ്ഥലം പ്രത്യേകസംഘം സന്ദര്‍ശിക്കും
text_fieldsമലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കാനുള്ള സ്ഥലങ്ങള്‍ പ്രത്യേകസംഘം സന്ദര്‍ശിക്കും. മലപ്പുറം കലക്ടറേറ്റില്‍ ഇ. അഹമ്മദ് എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘം വികസനത്തിനാവശ്യമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. സംഘം സ്ഥലം സന്ദര്‍ശിക്കുന്നത് വരെ നിലവിലെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കും. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍, സമരസമിതി പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിക്കുക. വിമാനത്താവളത്തിന് സമീപം ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിക്കണമെന്ന് യോഗത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യങ്ങളും സ്ഥലവാസികളുടെ പ്രശ്നങ്ങളും പരിഗണിച്ച് സമവായത്തിലൂടെ മാത്രമേ ഭൂമിയേറ്റെടുക്കുകയുള്ളൂവെന്ന് വിമാനത്താവള ഉപദേശകസമിതി ചെയര്‍മാന്‍ കൂടിയായ അഹമ്മദ് പറഞ്ഞു. വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ ആകര്‍ഷകമായ പാക്കേജ് ഉറപ്പാക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ വളരെയധികം പ്രയാസപ്പെട്ട് നേടിയെടുത്ത വിമാനത്താവളം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാവരുടെയും സഹകരണമുണ്ടാകണം. വിമാനത്താവളത്തിന് ചുറ്റും താഴ്ന്ന പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടത്തൂവെന്നും അദ്ദേഹം പറഞ്ഞു. റണ്‍വേയുടെ നീളം, വീതി എന്നിവ വര്‍ധിപ്പിക്കുന്നതിനും റണ്‍വേക്ക് സമാന്തരമായി പുതിയ ടാക്സി ബേ നിര്‍മിക്കുന്നതിനും ഏപ്രണ്‍, അപ്രോച്ച് ലൈറ്റിങ് സിസ്റ്റം, ടെര്‍മിനല്‍ എന്നിവക്കുമായി 385.3 ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളതെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍ അറിയിച്ചു.
കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, കലക്ടര്‍ ടി. ഭാസ്കരന്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനാര്‍ദനന്‍, കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. മുസ്തഫ തങ്ങള്‍, നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീബ, സമരസമിതി പ്രതിനിധികള്‍, സ്ഥലമുടമകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മലബാര്‍ ഡെവലപ്മെന്‍റ് ഫോറം പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.